വളർത്തുപട്ടി കാട്ടുപൊന്തയിൽ നിന്ന് കടിച്ചെടുത്തു കൊണ്ടുവന്നത് വലിയൊരു നട്ടെല്ല്, ഞെട്ടിത്തരിച്ച് യുവതി

Published : Jun 27, 2020, 03:27 PM ISTUpdated : Jun 30, 2020, 02:17 PM IST
വളർത്തുപട്ടി കാട്ടുപൊന്തയിൽ നിന്ന് കടിച്ചെടുത്തു കൊണ്ടുവന്നത് വലിയൊരു നട്ടെല്ല്, ഞെട്ടിത്തരിച്ച് യുവതി

Synopsis

റൂബിയുടെ വായിലേക്ക് ഒന്നുകൂടി സൂക്ഷിച്ച് നോക്കിയപ്പോഴാണ് തന്റെ വളർത്തുപട്ടി കണ്ടെടുത്തത് കൊണ്ടുവന്നത് എന്താണെന്ന് കെയ്റ്റിന് മനസ്സിലായത്. 

റൂബി എന്ന ഒരു വയസ്സുള്ള തന്റെ ലാബ്രഡോർ റിട്രീവർ നായയുമായി നടക്കാനിറങ്ങിയതായിരുന്നു കെയ്റ്റ് യാൻഡിൽ കഴിഞ്ഞ ദിവസം. നടക്കുന്നതിനിടെ ഇടക്ക് മണം പിടിച്ച് വഴിയരികിലുളള ഒരു കാട്ടുപൊന്തയിലേക്ക് കയറിപ്പോയ റൂബി തിരികെ വന്നത് വലിയൊരു മീൻ മുള്ള് എന്ന് തോന്നിക്കുന്ന ഒരു സാധനവും വായിൽ കടിച്ചുപിടിച്ചുകൊണ്ടാണ്. 

"എന്താണത് റൂബീ നീ എടുത്തോണ്ട് വന്നിട്ടുള്ളത്?" ചോദ്യത്തോടൊപ്പം കെയ്റ്റിന്റെ ചിരിയും മുഴങ്ങുന്നത് വീഡിയോയിൽ വ്യക്തമാണ്. എന്നാൽ, റൂബിയുടെ വായിലേക്ക് ഒന്നുകൂടി സൂക്ഷിച്ച് നോക്കിയപ്പോഴാണ് തന്റെ വളർത്തുപട്ടി കണ്ടെടുത്തത് കൊണ്ടുവന്നത് എന്താണെന്ന് കെയ്റ്റിന് മനസ്സിലായത്. 

അതോടെ കൗതുകവും ആഹ്ലാദവും അമ്പരപ്പിനും ഭീതിക്കും വഴിമാറി. " വെയ്റ്റ്...! ഓ മൈ ഗോഡ്..! ഇതൊരു നട്ടെല്ലല്ലേ? " കെയ്റ്റിന്റെ ഞെട്ടൽ അവരുടെ സ്വരത്തിലും നിഴലിച്ചിട്ടുണ്ട്. എന്നാൽ, കെയ്റ്റിന്റെ പരിഭ്രമം വകവെക്കാതെ തന്റെ സമ്പാദ്യവും കൊണ്ട് റൂബി കുതിച്ചു ചാടിപ്പോകുന്നു. അതിനുപിന്നാലെ, " എന്റെ ജീവിതം ഇനി പഴയപോലെ ആയിരിക്കില്ല " എന്ന് പരിഭ്രമിച്ചുകൊണ്ട് കെയ്റ്റ് പറയുന്നിടത്ത് വീഡിയോ അവസാനിക്കുന്നു.

 

ഈ വീഡിയോ അവർ കഴിഞ്ഞ ദിവസം ടിക്‌ടോക്കിലൂടെ പങ്കുവെച്ചു.  കണ്ടവർ കണ്ടവർ ഒരേ സ്വരത്തിൽ പറഞ്ഞു, " ആ കാട്ടുപൊന്തയ്ക്കുള്ളിൽ ആരോ കൊല്ലപ്പെട്ടിട്ടുണ്ട്, ഉറപ്പ്..! " അങ്ങനെ പറഞ്ഞവരെയും തെറ്റുപറഞ്ഞുകൂടാ. കാരണം, ഏതാണ്ട് മനുഷ്യന്റെ നട്ടെല്ലിനോളം വലിപ്പമുണ്ടായിരുന്നു അതിന്. അത് കണ്ട സാധാരണക്കാരായ ടിക്‌ടോക് ഉപഭോക്താക്കൾ ഒരേസ്വരത്തിൽ പറഞ്ഞു. "അതൊരു മനുഷ്യന്റെ നട്ടെല്ല് തന്നെ. ഒന്നുകൂടി തപ്പിയാൽ തലയോട്ടിയും ബാക്കി എല്ലുകളും ഒക്കെ അവിടെത്തന്നെ കാണും". "റൂബി കണ്ടെത്തിയത് ഒരു കൊലപാതകമാണ്, നിങ്ങൾ ഇക്കാര്യം അറിയിക്കാത്തതെന്ത്? " എന്ന് മറ്റുചിലർ. എന്നാൽ, അതിനിടെ ഈ ദൃശ്യങ്ങൾ കണ്ട സൂക്ഷ്മദൃക്കായ ഒരു ജൈവശാസ്ത്ര വിദ്യാർത്ഥി ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ട് സ്ഥിരീകരിച്ചു, " ഇത് ഈ പ്രദേശത്ത് കണ്ടുവരുന്ന ഒരു മാനിന്റെ നട്ടെല്ലാണ്, മനുഷ്യന്റെ നട്ടെല്ല് ഇങ്ങനല്ല..! " 

PREV
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ