ആരോഗ്യത്തിലും ഫിറ്റ്നസ്സിലും ശ്രദ്ധിക്കുന്നവർക്ക് വേണ്ടിയുള്ള ക്രിസ്മസ് കേക്ക് റെസിപ്പികളാണ്. സാധാരണ ക്രിസ്മസ് കേക്കുകളിലെ അമിതമായ പഞ്ചസാരയും കൊഴുപ്പും കുറച്ച്, ആരോഗ്യകരമായ ചേരുവകൾ ഉപയോഗിച്ച്  ക്രിസ്മസ് മധുരം ആസ്വദിക്കാം. ​

ക്രിസ്മസ് അടുക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിൽ കേക്കിന്റെ മധുരം നിറയും. സാധാരണയായി ക്രിസ്മസ് കേക്ക് എന്നാൽ ധാരാളം പഞ്ചസാരയും ബട്ടറും ഉള്ള ഒരു 'ഹെവി' ഐറ്റമാണ്. എന്നാൽ, ആരോഗ്യകാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തുന്ന ഇന്നത്തെ തലമുറ ക്രിസ്മസ് ആഘോഷിക്കുമ്പോൾ കേക്കിലും ആ 'ഫിറ്റ്നസ്' ടച്ച് വരുത്താൻ ഇഷ്ടപ്പെടുന്നു. ജിമ്മിൽ പോകുന്നവരും, ഡയറ്റ് ശ്രദ്ധിക്കുന്നവരും, മാക്രോ ന്യൂട്രിയന്റുകൾ കൃത്യമായി പാലിക്കുന്നവരും പേടിക്കണ്ട, ക്രിസ്മസിന്റെ സന്തോഷം കളയാതെ, എന്നാൽ ആരോഗ്യത്തിന് കോട്ടം വരുത്താത്ത 3 കിടിലൻ കേക്ക് റെസിപ്പികൾ ഇതാ നിങ്ങൾക്കായി:

1. പ്രോട്ടീൻ പ്ലം കേക്ക്: പരമ്പരാഗത രുചി, ഫിറ്റ്നസ് ടച്ച്

സാധാരണയുള്ള ക്രിസ്മസ് പ്ലം കേക്കിന്റെ രുചിയിൽ മാറ്റം വരുത്താതെ, ആരോഗ്യകരമായ ചേരുവകൾ ഉപയോഗിച്ച് ഈ കേക്ക് തയ്യാറാക്കാം. ഒരു കപ്പ് ഗോതമ്പ് പൊടിയിൽ അര കപ്പ് വാനില/ബദാം ഫ്ലേവറുള്ള പ്രോട്ടീൻ പൗഡർ ചേർത്ത് മിക്സ് ചെയ്യുന്നതാണ് ഇതിന്റെ അടിസ്ഥാനം. സാധാരണ കൊഴുപ്പിന് പകരം, ഏകദേശം അര കപ്പ് കട്ടി കുറഞ്ഞ തേങ്ങാപ്പാൽ ഉപയോഗിച്ച് മാവ് കുഴയ്ക്കാം. മധുരത്തിനായി പഞ്ചസാര പൂർണ്ണമായും ഒഴിവാക്കി, രണ്ട് ടേബിൾ സ്പൂൺ ശർക്കര പാനി അല്ലെങ്കിൽ ബ്രൗൺ ഷുഗർ ഉപയോഗിക്കുക. മുട്ടയുടെ മഞ്ഞ ഒഴിവാക്കി, രണ്ട് മുട്ടയുടെ വെള്ള മാത്രം ചേർക്കുന്നത് കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. പിന്നീട് സാധാരണ പ്ലം കേക്കിൽ ചേർക്കുന്നതുപോലെ ഈന്തപ്പഴം, ഉണക്കമുന്തിരി, അണ്ടിപ്പരിപ്പ് എന്നിവ ചെറിയ അളവിൽ ചേർക്കുക. ആവശ്യത്തിന് ബേക്കിംഗ് പൗഡറും ചേർക്കുക, ഇത് ജിമ്മിൽ പോകുന്നവർക്ക് കഴിക്കാൻ പറ്റുന്ന ഒരു മികച്ച പ്രീ-ഓർ പോസ്റ്റ്-വർക്കൗട്ട് ട്രീറ്റ് ആക്കി മാറ്റാം.

2. റാ​ഗി ചോക്ലേറ്റ് ലാവാ കേക്ക്: ഫൈബർ മധുരം

ചോക്ലേറ്റ് ഇഷ്ടമുള്ള ജെൻസികൾക്ക് വേണ്ടി, കൂടുതൽ ഫൈബർ അടങ്ങിയ റാഗി പൊടി ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒന്നാണ് ഈ ലാവാ കേക്ക്. മുക്കാൽ കപ്പ് റാഗി പൊടിയിൽ കാൽ കപ്പ് കൊക്കോ പൗഡർ ചേർത്ത് മിക്സ് ചെയ്യുക. റിഫൈൻഡ് ഓയിലിന് പകരം രണ്ട് ടേബിൾ സ്പൂൺ ഒലിവ് ഓയിൽ അല്ലെങ്കിൽ ബദാം ബട്ടർ ചേർക്കാം. മധുരത്തിനായി ഈന്തപ്പഴത്തിന്റെ പൾപ്പോ അല്ലെങ്കിൽ മേപ്പിൾ സിറപ്പോ ഉപയോഗിക്കുന്നതാണ് ഉചിതം. അര കപ്പ് ബദാം പാൽ ചേർത്ത് മാവ് തയ്യാറാക്കിയ ശേഷം, കേക്കിന്റെ ഉള്ളിലെ ലാവാ ഫില്ലിംഗിനായി രണ്ട് ടേബിൾ സ്പൂൺ ഷുഗർ-ഫ്രീ ഡാർക്ക് ചോക്ലേറ്റ് ചിപ്‌സ് ഉൾപ്പെടുത്തുക. ഇത് ആരോഗ്യത്തിന് കോട്ടം വരുത്താത്തതും, എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുന്നതുമായ ഒരു ഡെസേർട്ടാണ്.

3. ഓട്‌സ് ആൻഡ് ഫ്രൂട്ട്സ് മഗ് കേക്ക്: ക്രിസ്മസ് തിരക്കിനിടയിലെ ഇൻസ്റ്റന്റ് കേക്ക്

ക്രിസ്മസ് ആഘോഷങ്ങളുടെ തിരക്കിനിടയിൽ, ഒരുപാട് സമയം പാഴാക്കാതെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന ഒരു ഹെൽത്തി ഓപ്ഷനാണ് മഗ് കേക്ക്. ഇത് ഉണ്ടാക്കാൻ നാല് ടേബിൾ സ്പൂൺ ഓട്‌സ് പൊടിയാണ് പ്രധാനമായി വേണ്ടത്. ഒരു മുട്ടയും രണ്ട് ടേബിൾ സ്പൂൺ ഗ്രീക്ക് യോഗർട്ടും ചേർക്കുന്നത് പ്രോട്ടീൻ അളവ് കൂട്ടാൻ സഹായിക്കും. മധുരത്തിനായി ആവശ്യത്തിന് തേൻ അല്ലെങ്കിൽ സ്റ്റീവിയ ഉപയോഗിക്കുക. അര ടീസ്പൂൺ ബേക്കിംഗ് പൗഡർ ചേർത്ത് നന്നായി ഇളക്കിയ ശേഷം, ഒരു കപ്പിൽ മൈക്രോവേവിൽ വെച്ച് പെട്ടെന്ന് ബേക്ക് ചെയ്യാം. കേക്കിന്റെ മുകളിൽ സ്ട്രോബെറി, കിവി, ബ്ലൂബെറി തുടങ്ങിയ പഴങ്ങൾ ഉപയോഗിച്ച് അലങ്കരിക്കുന്നത് കാഴ്ചയ്ക്കും രുചിക്കും ഒരുപോലെ മികച്ചതായിരിക്കും. ഇത് ഒരു സാധാരണ പ്രഭാതഭക്ഷണമായി പോലും ഉപയോഗിക്കാൻ കഴിയുന്നത്ര ആരോഗ്യകരമാണ്.

4. ആപ്പിൾ സിനമൺ ഓട്ട്മീൽ കേക്ക്

ഈ കേക്ക് ഉണ്ടാക്കാൻ, ഒരു കപ്പ് പൊടിച്ച ഓട്ട്‌സാണ് വേണ്ടത്. ഒരു മുട്ടയും കാൽ കപ്പ് കട്ടിയുള്ള തൈരോ ഗ്രീക്ക് യോഗർട്ടോ ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ കേക്കിൽ പഞ്ചസാര കുറയ്ക്കുന്നതിനായി അര കപ്പ് മധുരമില്ലാത്ത ആപ്പിൾസോസ് ഇതിൽ ചേർക്കുക. ഇതിലേക്ക് അര കപ്പ് ഗ്രേറ്റ് ചെയ്ത ആപ്പിൾ, ഒരു ടീസ്പൂൺ കറുവാപ്പട്ട പൊടി (സിനമൺ പൗഡർ), ഒരു ടീസ്പൂൺ ബേക്കിംഗ് പൗഡർ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ആവശ്യമെങ്കിൽ മാത്രം ഒന്നോ രണ്ടോ ടേബിൾ സ്പൂൺ തേനോ മേപ്പിൾ സിറപ്പോ മധുരത്തിനായി ചേർക്കാം. കുറഞ്ഞ കലോറിയും ധാരാളം ഫൈബറും നൽകുന്ന ഈ കേക്ക് പ്രഭാതഭക്ഷണമായോ ലഘുഭക്ഷണമായോ കഴിക്കാൻ ഏറ്റവും അനുയോജ്യമായ ഡയറ്റ് ഫ്രണ്ട്ലി ഓപ്ഷനാണ്.