കാമുകിയെ ഉപദ്രവിക്കാന്‍ കാമുകനെ പ്രേരിപ്പിക്കുന്ന കാരണങ്ങൾ ഇതാണ്

By Priya VargheseFirst Published Mar 18, 2019, 1:06 PM IST
Highlights

കാമുകന്‍ കാമുകിയെ ഉപദ്രവിക്കുന്നതിന്‍റെ കാരണങ്ങള്‍ കാമുകി (അല്ലെങ്കില്‍ ഭാര്യ) എപ്പോഴും തന്‍റെ നിയന്ത്രണത്തില്‍ മാത്രമായിരിക്കണം എന്ന നിര്‍ബന്ധബുദ്ധി തന്നെയാണ് അവളെ ശാരീരികമായി ഉപദ്രവിക്കാന്‍ കാമുകനെ (ഭര്‍ത്താവിനെ) പ്രേരിപ്പിക്കുന്നത്. അവള്‍ ഏതു വസ്ത്രം ധരിക്കുന്നു, എവിടെയെല്ലാം പോകുന്നു, ആരോടൊക്കെ സംസാരിക്കുന്നു എന്നിവയെല്ലാം അയാള്‍ സൂക്ഷ്മ നിരീക്ഷണം നടത്തും. 

“ഞാന്‍ നിന്നെ ഭ്രാന്തമായി പ്രണയിക്കുന്നു”- ഈ പ്രയോഗം സിനിമകളില്‍ കേട്ടു നമുക്ക് പരിചയമുണ്ട്. ഇന്ന് പ്രണയം അസാധാരണമായ നിലയിലേക്ക് പോകുന്നതിന്‍റെ ചില ഉദ്ദാഹരണങ്ങള്‍ നമുക്കു ചുറ്റുമുണ്ട്. കഴിഞ്ഞ ദിവസവും
പ്രണയം നിരസിച്ച പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച വാര്‍ത്ത‍ പുറത്തു വന്നിരുന്നു.

പെണ്‍കുട്ടി പ്രണയം നിരസിച്ചതിനെ/ അവസാനിപ്പിച്ചതിനെ തുടര്‍ന്ന് അവളുടെ മുഖത്ത് ആസിഡ് ഒഴിച്ചു, പെട്രോള്‍ ഒഴിച്ചു കത്തിച്ചു, ചുറ്റികകൊണ്ട് തലയ്ക്കടിച്ചു- ഇങ്ങനെയെല്ലാമാണ് നാം കേള്‍ക്കുന്ന വാര്‍ത്തകള്‍. പ്രണയം നിരസിച്ചവളെ സ്വഭാവദൂഷ്യം ഉള്ളവളായി ചിത്രീകരിക്കലും, സമൂഹമാധ്യമങ്ങള്‍ വഴി അധിക്ഷേപിക്കലുമൊക്കെ വാശി തീര്‍ക്കാന്‍ കണ്ടെത്തുന്ന മറ്റു മാര്‍ഗ്ഗങ്ങളാണ്.

പ്രണയം ദിവ്യമാണ് എന്നു പറയുമ്പോഴും അത് പലര്‍ക്കും ഭീതിജനകമായ അനുഭവമായി മാറാറുണ്ട്. കാമുകിയെയോ ഭാര്യയെയോ തുടരെത്തുടരെ ദേഹോപദ്രവം ഏല്‍പ്പിക്കുന്നത് പുരുഷന്മാർക്ക് ഹരമായി മാറിയിരിക്കുന്നു. ആണ്‍കോയ്മ നിലനില്‍ക്കുന്ന സമൂഹത്തില്‍ പുരുഷന്‍ ആവശ്യപ്പെടുന്നതെന്തും സ്ത്രീ അനുവദിച്ചുകൊടുക്കണം എന്നുള്ള ഒരു അലിഖിത നിയമത്തിന്‍റെ പിന്‍ബലമാണോ ഇതിന്‍റെയൊക്കെ പ്രേരകശക്തി എന്നുകൂടി നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

കാമുകന്‍ കാമുകിയെ ഉപദ്രവിക്കുന്നതിന്‍റെ കാരണങ്ങള്‍ കാമുകി (അല്ലെങ്കില്‍ ഭാര്യ) എപ്പോഴും തന്‍റെ നിയന്ത്രണത്തില്‍ മാത്രമായിരിക്കണം എന്ന നിര്‍ബന്ധബുദ്ധി തന്നെയാണ് അവളെ ശാരീരികമായി ഉപദ്രവിക്കാന്‍ കാമുകനെ (ഭര്‍ത്താവിനെ) പ്രേരിപ്പിക്കുന്നത്. അവള്‍ ഏതു വസ്ത്രം ധരിക്കുന്നു, എവിടെയെല്ലാം പോകുന്നു, ആരോടൊക്കെ സംസാരിക്കുന്നു എന്നിവയെല്ലാം അയാള്‍ സൂക്ഷ്മ നിരീക്ഷണം നടത്തും. ഇതെല്ലാം തന്‍റെ നിര്‍ദ്ദേശപ്രകാരം മാത്രമായിരിക്കണം എന്നയാള്‍ ശഠിക്കും.

അവള്‍ ഓരോ നിമിഷവും എന്തെല്ലാം ചെയ്യുന്നു എന്ന് കൃത്യമായി മനസ്സിലാക്കാന്‍ അയാള്‍ കൂടെക്കൂടെ അവളെ ഫോണില്‍ വിളിക്കുകയും മെസ്സേജുകള്‍ അയയ്ക്കുകയും ചെയ്യും. ആ സമയത്ത് താന്‍ മുന്നോട്ടുവെച്ച നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നില്ല എന്നു തോന്നിയാല്‍ അവളെ വരുതിക്ക് നിര്‍ത്താന്‍ ശാരീരികമായി ഉപദ്രവമേല്‍പ്പിക്കാന്‍ അയാള്‍ മടിക്കില്ല.

അയാള്‍ യഥാർത്ഥത്തിൽ അവളെ സ്നേഹിക്കുന്നുണ്ടോ...?

അയാള്‍ അതിതീവ്രമായി അവളെ സ്നേഹിക്കുന്നു എന്നുള്ളതാണ് യഥാർത്ഥ്യം. പക്ഷെ ആ സ്നേഹം എങ്ങനെ പ്രകടിപ്പിക്കണം എന്ന അറിവില്ലായ്മയാണ് അയാളുടെ പ്രശ്നം. ചെറുപ്രായം മുതലേ സ്വന്തം വീട്ടില്‍ അക്രമം കണ്ടുവളര്‍ന്ന അയാള്‍ തിരിച്ചു കിട്ടാത്ത സ്നേഹം ബലപ്രയോഗത്തിലൂടെ നേടിയെടുക്കുകയാണ് വേണ്ടത് എന്ന തെറ്റായ വിശ്വാസം വച്ചുപുലര്‍ത്തുന്നു. എന്നാല്‍ സ്നേഹം ഒരിക്കലും ഒരാളില്‍നിന്നും ബാലാല്‍ക്കാരമായി പിടിച്ചുവാങ്ങാന്‍ കഴിയുന്ന ഒന്നല്ലയെന്ന്  അയാൾ അപ്പോള്‍ തിരിച്ചറിയുന്നില്ല.

അവൾ എത്രനാള്‍ ഈ ഉപദ്രവം സഹിക്കും...?

ചില പെണ്‍കുട്ടികളുടെ പ്രണയബന്ധം അല്ലെങ്കില്‍ ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങള്‍ കാണുന്ന സുഹൃത്തുക്കളും മറ്റും അവരെ ഉപദേശിക്കാറുണ്ട്- “അവന്‍ ഒരിക്കലും നന്നാവില്ല, അവന്‍റെ ഉപദ്രവം നീ ഇങ്ങനെ എത്ര നാള്‍ സഹിക്കും,
നിനക്ക് രക്ഷപെട്ടൂടെ”. എന്നാല്‍ ചെറുപ്പം മുതലേ പെണ്‍കുട്ടികളെ പഠിപ്പിക്കുന്നത് “നീ ക്ഷമിക്കണം, ഒരക്ഷരം മറുത്തു പറയരുത്, അങ്ങുവിട്ടുകൊടുക്കണം” എന്നൊക്കെയാണ്.

എന്നാല്‍ ഈ രീതി പങ്കാളിയെ ശാരീരിക ഉപദ്രവം ഏല്‍പ്പിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നവരുടെ കാര്യത്തില്‍ സ്വീകരിച്ചാല്‍ കൂടുതല്‍ പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവരുന്ന ദാരുണമായ അവസ്ഥയിലേക്കാകും അതു കൊണ്ടെത്തിക്കുക. ഒരിക്കല്‍ പങ്കാളിയെ ദേഹോപദ്രവം ഏല്‍പ്പിച്ച വ്യക്തി പിന്നീടും പലതവണ അത് ആവര്‍ത്തിക്കാനാണ് കൂടുതലും
സാധ്യത.

“ഞാന്‍ ഇങ്ങനെയാകാന്‍ കാരണക്കാരി നീയാണ്” എല്ലാത്തിനും ഒടുവില്‍ തന്‍റെ മോശം പെരുമാറ്റത്തിന്‍റെ കാരണം അയാള്‍ കണ്ടെത്തുന്നു. തനിക്ക് ഇഷ്ടപ്പെടാത്ത വേഷം അവള്‍ ധരിച്ചതും, മറ്റു പുരുഷന്മാരോട് അവള്‍ സംസാരിച്ചതും ഒക്കെയാണ് താന്‍ പ്രകോപിതനാവാനുള്ള കാരണങ്ങള്‍. താന്‍ പറയുന്നത് മുഴുവന്‍ അക്ഷരംപ്രതി അനുസരിച്ച് അടങ്ങി ഒതുങ്ങി അവള്‍ നിന്നിരുന്നെങ്കില്‍ ഒരിക്കലും തനിക്ക്‌ അക്രമാസക്തനാകേണ്ടി വരില്ലായിരുന്നു എന്നയാള്‍ പറയുന്നു.

എന്നാല്‍ അവള്‍ക്കും വ്യക്തി സ്വാതന്ത്ര്യവും ഇഷ്ടങ്ങളും ഒക്കെയുണ്ടെന്ന് ഒരിക്കലും അയാള്‍ ചിന്തിക്കുന്നില്ല. അവളോട്‌ എന്തും ചെയ്യാനുള്ള അധികാരം തനിക്കുണ്ട് എന്നാണയാളുടെ അടിയുറച്ച വിശ്വാസം. അയാളുടെ കണ്ണിലൂടെ നോക്കുമ്പോള്‍ അയാളുടെ ഈ സമീപനങ്ങള്‍ക്കൊന്നും ഒരു കുഴപ്പവും ഉള്ളതായി അയാള്‍ക്ക്‌ തോന്നുന്നില്ല.

കരയാനും, കാലുപിടിക്കാനും തയ്യാറാകും...

ഉപദ്രവം സഹിക്കാന്‍ കഴിയാത്ത ഘട്ടത്തില്‍ ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിക്കുന്ന അവളെ തിരിച്ചു കൊണ്ടുവരാനുള്ള ഊര്‍ജ്ജിത ശ്രമം അയാള്‍ നടത്തും. അതിനായി കരയാനും, കാലുപിടിക്കാനും, കുറ്റം ഏറ്റു പറയാനും തയ്യാറാകും. സമ്മാനങ്ങളും വാഗ്ദാനങ്ങളും ആവോളം നല്‍കും.

എങ്ങനെയും അവളെ അടിമത്വത്തിലേക്കു തിരിച്ചുകൊണ്ടുവരാന്‍ തീവ്രമായി പരിശ്രമിക്കുകയും പലതവണ അയാളതില്‍ വിജയിക്കുകയും ചെയ്യും. തന്‍റെ ഇത്തരം പ്രവര്‍ത്തികളിലൊന്നും ഒരു തെറ്റും തോന്നുന്നില്ല. എന്നതിനാല്‍ തന്നെ അയാള്‍ ചികിത്സയ്ക്ക് തയ്യാറാകാന്‍ സാധ്യത വളരെ കുറവാണ്. മാത്രവുമല്ല, അയാളുടെ അക്രമാസക്തി നാള്‍ക്കുനാള്‍ കൂടിവരികയും ചെയ്യും.

എഴുതിയത്: 

പ്രിയ വര്‍ഗീസ്‌
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
പ്രതീക്ഷ, പുഷ്പഗിരി മെഡിക്കല്‍ കോളേജ്
Email: priyavarghese.cp@gmail.com

click me!