വിവാഹജീവിതത്തില്‍ സ്നേഹം ഇല്ലാതെയാകാനുള്ള ചില കാരണങ്ങള്‍

Web Desk   | Asianet News
Published : Jan 04, 2020, 03:34 PM ISTUpdated : Jan 04, 2020, 03:51 PM IST
വിവാഹജീവിതത്തില്‍ സ്നേഹം ഇല്ലാതെയാകാനുള്ള ചില കാരണങ്ങള്‍

Synopsis

തന്നെ വിശ്വാസമില്ലാത്ത പങ്കാളിയോടൊപ്പം ജീവിക്കുക വലിയ മാനസിക സമ്മർദ്ദം  ഉണ്ടാക്കുന്ന കാര്യമാണ്. ഭാര്യയോ ഭർത്താവോ തന്നെ ചതിക്കുകയാണ്, വിവാഹേതര ബന്ധങ്ങള്‍ അവർക്കുണ്ട് എന്നു തെറ്റായ വിശ്വാസം വച്ചു പുലർത്തുന്ന വ്യക്തികൾക്ക് ചികിത്സയിലൂടെ മാത്രമേ അതു മാറ്റിയെടുക്കാന്‍ കഴിയൂ.

അടുത്തിടെ വായിച്ച ഒരു പഠനം പറയുന്നത് വിവാഹത്തിന്റെ ആദ്യനാളുകളില്‍ എത്രമാത്രം സന്തോഷം ആളുകളില്‍ കാണപ്പെടുന്നുവോ അത്രതന്നെ സന്തോഷം വിവാഹമോച്ചനം നടന്ന ആദ്യ സമയത്തും ആളുകളില്‍ ഉണ്ടാവുന്നു എന്നാണ്. ഈ രണ്ടവസ്ഥകളും വ്യത്യസ്തമാണ് എങ്കില്‍ പോലും ആളുകളില്‍ അതുണ്ടാക്കുന്ന മാനസികാവസ്ഥ ഒന്നാണ് എന്നുള്ളത് വിചിത്രം എന്നു തോന്നാം.

അതെ, വിവാഹിതരായിട്ടുള്ളവര്‍ സന്തുഷ്ടരാണ്. പക്ഷേ ഭാര്യ ഭർത്താക്കന്മാർ തമ്മില്‍ എത്രമാത്രം പൊരുത്തപ്പെട്ടു പോകുന്നു എന്നതിനെ ആശ്രയിച്ചു മാത്രമാകും അത് എത്രമാത്രം എന്നു പറയാന്‍ കഴിയുക. വിവാഹശേഷം പ്രണയം ഇല്ലാതെയാകുന്ന അവസ്ഥയ്ക്കു കാരണങ്ങള്‍ പലതാണ്.

1.    പങ്കാളിയെ സംശയം...

തന്നെ വിശ്വാസമില്ലാത്ത പങ്കാളിയോടൊപ്പം ജീവിക്കുക വലിയ മാനസിക സമ്മർദ്ദം  ഉണ്ടാക്കുന്ന കാര്യമാണ്. ഭാര്യയോ ഭർത്താവോ തന്നെ ചതിക്കുകയാണ്, വിവാഹേതര ബന്ധങ്ങള്‍ അവർക്കുണ്ട് എന്നു തെറ്റായ വിശ്വാസം വച്ചു പുലർത്തു ന്ന വ്യക്തികൾക്ക് ചികിത്സയിലൂടെ മാത്രമേ അതു മാറ്റിയെടുക്കാന്‍ കഴിയൂ. അങ്ങനെ ചികിത്സ തേടാത്ത കാലത്തോളം പങ്കാളി ചെയ്യാത്ത തെറ്റുകൾക്ക് ശിക്ഷ അനുഭവിക്കുന്ന അവസ്ഥ തുടരും. ഇനി അങ്ങനെ ഒരു തെറ്റായ വിശ്വാസം മനസ്സില്‍ ആഴത്തില്‍ പതിഞ്ഞ ഒരു വ്യക്തിയെ “നീ ഒരു സംശയരോഗിയാണ്‌, നിനക്കു ഭ്രാന്താണ്” എന്നൊക്കെ അധിക്ഷേപിച്ച് അവരുടെ വിശ്വാസം മാറ്റാനുള്ള ശ്രമങ്ങള്‍ വിഫലമാകും. അത്തരം കമന്‍ഡുകള്‍ ഒഴിവാക്കാം. പലപ്പോഴും ജീവിത പങ്കാളിയെ സംശയം സത്യമാണോ അതോ തോന്നല്‍ മാത്രമാണോ എന്നുപോലും മനസ്സിലാക്കാന്‍ കഴിയുക അവര്‍ ചികിത്സയ്ക്കായി എത്തുമ്പോള്‍ മാത്രമായിരിക്കും. പലരും സംശയം മൂലം പങ്കാളിയെ കൊലപ്പെടുത്തണം എന്ന മാനസികാവസ്ഥയിലേക്കു പോലും എത്തിച്ചേരാറുണ്ട്. കുടുംബ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഭാര്യയും ഭർത്താവും ഒരുമിച്ചു കൗൺസിലിങ്ങ് സ്വീകരിക്കണം. ചില അവസരങ്ങളില്‍ മരുന്ന് ആവശ്യമായി വരുമോ എന്ന് സെെക്യാട്രിസ്റ്റിന്റെ അഭിപ്രായവും ആരായേണ്ടതുണ്ട്.

2. സ്നേഹം കിട്ടാത്ത ബാല്യം...

ബാല്യകാലത്ത്‌ ഒരു വ്യക്തിക്ക് എത്രമാത്രം സ്നേഹവും അംഗീകാരവും തന്റെ കുടുംബത്തില്‍ നിന്നും കിട്ടി എന്നുള്ളതിനെ ആശ്രയിച്ചാണ്‌ തുടര്‍ന്നുള്ള ജീവിതത്തിലും അവര്‍ ഉണ്ടാക്കിയെടുക്കുന്ന വൈകാരിക ബന്ധങ്ങള്‍. അതവരില്‍ സ്വയം വിലയില്ലായ്മ എന്ന അവസ്ഥ ഉണ്ടാക്കും. ആരെയും വിശ്വാസമില്ലാത്ത മാനസികാവസ്ഥ ഇവരില്‍ രൂപപ്പെടാന്‍ ഇടയുണ്ട്. ചിലര്‍ സ്നേഹം നിഷേധിക്കപ്പെടുമോ എന്ന ഭയത്തില്‍ ആരോടും തന്നെ വൈകാരിക അടുപ്പം കാണിക്കാന്‍ മടിക്കും. ബാല്യത്തില്‍ മാതാപിതാക്കളുടെ സ്നേഹം കിട്ടി വളർന്ന് ആളുകളില്‍ സ്നേഹം നഷ്ടപ്പെടുമോ എന്നു ഭയമുള്ളവരെക്കാളും നീണ്ടകാലം സ്നേഹബന്ധം നിലനിർത്താന്‍ കഴിയും . സ്നേഹം കിട്ടാതെ വളർന്നതിനാൽ സ്നേഹിക്കപ്പെടണം എന്ന അമിത ആഗ്രഹത്തില്‍ പങ്കാളിയില്‍ നിന്നും ഒരുപാടു സ്നേഹം ആഗ്രഹിക്കുകയും, അതേ അളവില്‍ കിട്ടാതെ വരുമ്പോള്‍ വല്ലാത്ത ദേഷ്യം ഉളവാകുന്ന രീതിയും ചിലരില്‍ കാണാറുണ്ട്. ചിലരില്‍ പങ്കാളി തന്നെ എത്ര സ്നേഹിച്ചാലും ജീവിതത്തില്‍ സംതൃപ്തി കിട്ടാത്ത അവസ്ഥയും എല്ലാം ബാല്യത്തില്‍ സ്നേഹം കിട്ടാതെ പോയതിന്റെ് ലക്ഷണങ്ങള്‍ ആവാം.

3.  പൊരുത്തക്കേടുകള്‍...

വിവാഹത്തിന്റെ ആദ്യ കാലങ്ങളില്‍ വലിയ പ്രശ്നമായി കരുതാതെ ഇരുന്ന രണ്ടുപേരുടെയും വ്യക്തിത്വത്തിലെ വ്യത്യസ്ഥതകള്‍ കുറച്ചു നാളുകള്‍ കഴിയുമ്പോള്‍ വലിയ പ്രശ്നമായി മാറുന്ന അവസ്ഥ. വിവാഹ സമയത്ത് രണ്ടുപേരും ചേര്‍ന്നെടുതിരുന്ന തീരുമാനങ്ങള്‍ക്ക് ഒരാൾ മാത്രം മാറ്റം വരുത്തുകയും മറ്റെയാള്‍ അഡ്ജസ്റ്റ് ചെയ്തുപോയെ മതിയാവൂ എന്നു വാശിപിടിക്കുകയും ചെയ്യുമ്പോള്‍ പ്രശ്നങ്ങള്‍ ആരംഭിക്കും.

4.  മടുപ്പു തോന്നുക...

വിവാഹശേഷം സന്തോഷം പൂർണമായും ഇല്ലാതെയാകുകയും ജീവിതം ആഗ്രഹിക്കുംപോലെ ഒരു ഘട്ടത്തിലും മുന്നോട്ടു പോകുന്നുമില്ല എന്ന അവസ്ഥ മടുപ്പുളവാക്കും.

5. കുറ്റപ്പെടുത്തലുകള്‍...

വിവാഹത്തിന്റെ ആദ്യ നാളുകളില്‍ പരസ്പരം പിന്തുണ നല്കാന്‍ കഴിഞ്ഞെങ്കിലും മുന്നോട്ടുള്ള വർഷങ്ങളില്‍ അതങ്ങനെ അല്ല എന്ന അവസ്ഥ ചിലരില്‍ ഉണ്ടാകാറുണ്ട്. ജീവിതത്തില്‍ പ്രതിസന്ധി ഘട്ടങ്ങള്‍ വരുമ്പോള്‍ എല്ലാം താന്‍ വിവാഹം കഴിച്ച വ്യക്തിയുടെ കുറ്റമാണ് എന്ന രീതിയില്‍ അവരെ പഴിക്കുന്നത് വിവാഹത്തെ ദോഷകരമായി ബാധിക്കും. പരസ്പര ബഹുമാനം, സപ്പോർട്ട് എന്നിവ വിവാഹത്തിന്റെ ആദ്യ കാലങ്ങളില്‍ മാത്രം മതി പിന്നീട് ആവശ്യമില്ല എന്നു ചിന്തിക്കുന്നതാണ് പ്രശ്നം.

മേല്പറഞ്ഞ പ്രശ്നങ്ങള്‍ വിവാഹ മോചനം എന്ന തീരുമാനത്തിലേക്ക് ആളുകളെ നയിക്കുന്ന കാരണങ്ങള്‍ ആണ്‌. വിവാഹം കഴിക്കുന്ന വ്യക്തി നമ്മളെ അംഗീകരിക്കുകയും നമ്മളെ വളരെ പോസിറ്റീവ് ആയി സ്വാധീനിക്കുകയും ചെയ്യുന്ന വ്യക്തിയാണ് എങ്കില്‍ ഉറപ്പായും വിവാഹജീവിതം സന്തോഷകരമായിരിക്കും.

എഴുതിയത്:
Priya Varghese (MPhil MSP)
Clinical Psychologist
For telephone consultation
Call: 8281933323 (10am to 2pm)
(Fees applicable)

 

 

PREV
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ