
ഗ്ലോബൽ ഐക്കൺ പ്രിയങ്ക ചോപ്രയുടെ തിളങ്ങുന്ന ചർമ്മത്തിന് പിന്നിലെ രഹസ്യം എന്താണെന്ന് പലരും അത്ഭുതപ്പെടാറുണ്ട്. അടുത്തിടെ താരം തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച സ്കിൻകെയർ വിശേഷങ്ങളാണ് ഇപ്പോൾ ലോകമെമ്പാടും ചർച്ചയാകുന്നത്. പ്രീ-മേക്കപ്പ് റൂട്ടീനിലും വിശ്രമവേളകളിലും പ്രിയങ്ക ഉപയോഗിക്കുന്ന 'എൽഇഡി ലൈറ്റ് തെറാപ്പി ഫേസ് മാസ്ക്' ആണ് ഇപ്പോൾ താരം. ക്ലിനിക്കുകളിൽ മാത്രം ലഭ്യമായിരുന്ന റെഡ് ലൈറ്റ് തെറാപ്പി വീട്ടിലിരുന്ന് തന്നെ പ്രിയങ്ക പരീക്ഷിക്കുന്നത് വൻ തരംഗമായി മാറിയിരിക്കുകയാണ്.
ഫ്ലെക്സിബിൾ സിലിക്കൺ മെറ്റീരിയലിൽ നിർമ്മിച്ച ഈ മാസ്ക് മുഖത്ത് കൃത്യമായി ഇരിക്കുന്ന രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇതിൽ അടങ്ങിയിരിക്കുന്ന റെഡ് ലൈറ്റും നിയർ ഇൻഫ്രാറെഡ് ലൈറ്റും ചർമ്മത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് കോശങ്ങളെ ഉത്തേജിപ്പിക്കുകയാണ് ചെയ്യുന്നത്. പ്രധാനമായും ചർമ്മത്തിലെ കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കാൻ സഹായിക്കുന്നതിലൂടെ മുഖത്തെ ചുളിവുകളും പ്രായം തോന്നിപ്പിക്കുന്ന വരകളും 35 ശതമാനം വരെ കുറയ്ക്കാൻ ഇതിന് സാധിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. വെറുമൊരു വെളിച്ചം എന്നതിലുപരി രക്തചംക്രമണം വർദ്ധിപ്പിച്ച് ചർമ്മത്തിന് സ്വാഭാവികമായ ഒരു തിളക്കം നൽകാനും കരുവാളിപ്പ് മാറ്റി ചർമ്മത്തിന് ഒരേ നിറം നൽകാനും ഈ ഉപകരണം സഹായിക്കുന്നു.
ഇത് ഉപയോഗിക്കേണ്ട രീതിയും വളരെ ലളിതമാണ്. ആദ്യം മുഖം നല്ലതുപോലെ കഴുകി അഴുക്കും മേക്കപ്പും പൂർണ്ണമായും നീക്കം ചെയ്യണം. അതിനുശേഷം മാസ്ക് മുഖത്ത് ധരിച്ച് കൺട്രോളർ ഓണാക്കി പത്ത് മിനിറ്റ് റിലാക്സ് ചെയ്യാം. പത്ത് മിനിറ്റ് കഴിയുമ്പോൾ ഉപകരണം തനിയെ ഓഫാകുമെന്നത് ഇതിന്റെ ഉപയോഗം കൂടുതൽ എളുപ്പമാക്കുന്നു. ആഴ്ചയിൽ മൂന്ന് മുതൽ അഞ്ച് തവണ വരെ ഇത് ഉപയോഗിക്കുന്നത് മികച്ച ഫലം നൽകും. മാസ്ക് മാറ്റിയ ശേഷം നിങ്ങളുടെ പതിവ് സെറമോ മോയിസ്ചറൈസറോ പുരട്ടുന്നത് ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കും.
ഇതിൻ്റെ ചില പാർശ്വഫലങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിലെ പ്രകാശം വളരെ തീവ്രമായതിനാൽ ചിലർക്ക് കണ്ണിന് അസ്വസ്ഥതയോ തലവേദനയോ അനുഭവപ്പെട്ടേക്കാം. അതിനാൽ കൂടെ ലഭിക്കുന്ന പ്രൊട്ടക്ഷൻ ഗ്ലാസുകൾ ധരിക്കുന്നത് സുരക്ഷിതമായിരിക്കും. സെൻസിറ്റീവ് ചർമ്മമുള്ളവർക്ക് ചികിത്സയ്ക്ക് ശേഷം നേരിയ തോതിൽ ചുവപ്പ് കണ്ടേക്കാം. വെളിച്ചത്തോട് അലർജിയുള്ളവരും ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ഈ ഉപകരണം ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് ഉചിതം. കൂടാതെ ചർമ്മത്തിൽ ഗുരുതരമായ രോഗങ്ങൾ ഉള്ളവർ ഡോക്ടറുടെ നിർദ്ദേശമില്ലാതെ ഇത്തരം പരീക്ഷണങ്ങൾക്ക് മുതിരരുത്. ചുരുക്കത്തിൽ സൗന്ദര്യ സംരക്ഷണത്തിന് വലിയൊരു തുക മുടക്കാൻ തയ്യാറുള്ളവർക്ക് കറന്റ് ബോഡി എൽഇഡി മാസ്ക് ഒരു മികച്ച നിക്ഷേപമാണ്.