വര്‍ഷങ്ങളോളം മണ്ണിനടിയില്‍ കിടന്ന ശ്മശാനം; 1500 മനുഷ്യരുടെ എല്ലുകള്‍ കുഴിച്ചെടുത്തു...

By Web TeamFirst Published Aug 26, 2020, 10:03 PM IST
Highlights

മൂന്നൂറ്റിയമ്പതോളം ചെറിയ കുഴിമാടങ്ങളാണ് ഇവിടെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ചെറിയ കുട്ടികളുടെ മുതല്‍ മുപ്പത് വയസ് വരെ പ്രായമുള്ളവരുടെ അസ്ഥികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ചില കുഴിമാടങ്ങളില്‍ കൂട്ടമായി മൃതദേഹങ്ങള്‍ സംസ്‌കരിച്ചിട്ടുണ്ട്

വര്‍ഷങ്ങളോളം മണ്ണിനടിയില്‍ കിടന്ന പുരാതന ശ്മശാനത്തെ കണ്ടെടുത്ത് ടോക്കിയോവിലെ പുരാവസ്തു ഗവേഷകര്‍. 160 വര്‍ഷങ്ങള്‍ക്ക് മുമ്പ് മനുഷ്യരെ കൂട്ടമായും അല്ലാതെയുമെല്ലാം അടക്കം ചെയ്യാന്‍ ഉപയോഗിച്ചിരുന്ന സ്ഥലമാണ് ഇപ്പോള്‍ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. 

ജപ്പാനിലെ ഒസാക്കയിലാണ് ഈ പുരാതന ശ്മശാനം. 'ഉമേഡ ടോംബ്' എന്നാണ് ഗവേഷകര്‍ ഇതിനെ വിളിക്കുന്നത്. 1850കളിലേയും 1860കളിലേയും ജപ്പാനിലെ വിഖ്യാതമായ ഏഴ് ശ്മശാനങ്ങളിലൊന്നായിരുന്നുവത്രേ ഇത്. 

മൂന്നൂറ്റിയമ്പതോളം ചെറിയ കുഴിമാടങ്ങളാണ് ഇവിടെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ചെറിയ കുട്ടികളുടെ മുതല്‍ മുപ്പത് വയസ് വരെ പ്രായമുള്ളവരുടെ അസ്ഥികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ആകെ 1500 മനുഷ്യരുടെ അവശേഷിപ്പുകൾ കണ്ടെത്തിയിട്ടുണ്ട്. ചില കുഴിമാടങ്ങളില്‍ കൂട്ടമായി മൃതദേഹങ്ങള്‍ സംസ്‌കരിച്ചിട്ടുണ്ട്. 

ഇത്തരത്തിലുള്ള കുഴിമാടങ്ങളില്‍ നിന്ന് ലഭിച്ച അസ്ഥികളില്‍ മഹാരോഗത്തിന്റെ ശേഷിപ്പുകളായ പരിക്കുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് ഗവേഷകരുടെ അവകാശവാദം. പണ്ടെപ്പോഴോ വ്യാപകമായ ഏതെങ്കിലും പകര്‍ച്ചവ്യാധി മൂലം മരിച്ചവരാകാം ഇങ്ങനെ കൂട്ടത്തോടെ അടക്കം ചെയ്യപ്പെട്ടതെന്നും ഗവേഷകര്‍ സൂചിപ്പിക്കുന്നു. 

മനുഷ്യരുടെ അവശിഷ്ടങ്ങള്‍ക്കൊപ്പം തന്നെ ഇവിടെ നിന്ന് വളര്‍ത്തുമൃഗങ്ങളുടെ അവശിഷ്ടങ്ങളും ലഭിച്ചിട്ടുണ്ടത്രേ. പൂച്ച, കുതിര, പന്നി എന്നിവയുടെയെല്ലാം അസ്ഥികളാണ് കണ്ടെടുത്തിരിക്കുന്നത്. എന്തായാലും ഇത്രയും പഴക്കം ചെന്ന ശ്മശാനം കണ്ടെടുത്തതിന്റെ ആവേശത്തിലാണ് ഗവേഷകര്‍. തങ്ങളുടെ പൂര്‍വ്വികരുടെ പൂര്‍വ്വികരുറങ്ങുന്ന കുഴിമാടങ്ങള്‍ കണ്ടെത്തപ്പെട്ടതിന്റെ അതിശയത്തിലാണ് ഒസാക്ക പട്ടണവാസികളും.

Also Read:- ഗവേഷണത്തിനിടെ വലിയ ആണികള്‍ക്കൊണ്ട് ഉറപ്പിച്ച പാത്രത്തിനുള്ളില്‍ കൗമാരക്കാര്‍ കണ്ടെത്തിയത് വന്‍ സ്വർണശേഖരം...

click me!