'ആരാണ് കുട്ടികളെ ഇങ്ങനത്തെ സ്കൂളില്‍ വിടാനാഗ്രഹിക്കുക'; ശ്രദ്ധേയമായി വീഡിയോ

By Web TeamFirst Published Sep 28, 2022, 8:30 PM IST
Highlights

ആരാണ് ഇങ്ങനെയുള്ള സ്കൂളുകളിലേക്ക് കുട്ടികളെ അയക്കാൻ ആഗ്രഹിക്കുന്നതെന്നാണ് വീഡിയോ പകര്‍ത്തിയ ആള്‍ ചോദിക്കുന്നത്. എന്തായാലും വീഡിയോ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടതോടെ ജില്ലാ മജിസ്ട്രേറ്റ് നടപടി കൈക്കൊണ്ടിരിക്കുകയാണ്.

കേരളത്തില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ ഇന്ന് മെച്ചപ്പെട്ട ഉച്ചഭക്ഷണമാണ് കുട്ടികള്‍ക്ക് ലഭിക്കുന്നത്. അടിസ്ഥാനപരമായി വേണ്ട പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം കുട്ടികള്‍ക്ക് ഈ പ്രായത്തില്‍ ലഭിക്കണമെന്നതിനാലാണിത്. എന്നാല്‍ പല സംസ്ഥാനങ്ങളിലും ഇതിന് നേര്‍വിപരീതമായ അവസ്ഥയാണുള്ളതെന്ന് തെളിയിക്കുന്നൊരു വീഡിയോ ആണിപ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നത്.

ഉത്തര്‍ പ്രദേശിലെ അയോദ്ധ്യയിലെ ഒരു സര്‍ക്കാര്‍ സ്കൂളില്‍ നിന്ന് പകര്‍ത്തിയ വീഡിയോ ആണ് വൈറലായിരിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ഇത് കാണൂ എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ പകര്‍ത്തിയ ആള്‍ സ്കൂളിലെ സാഹചര്യങ്ങള്‍ വിശദീകരിക്കുന്നത്. 

സ്കൂളിലെ കുട്ടികള്‍ ഉച്ചയ്ക്ക് വെറും മണ്ണിലിരുന്ന് ചോറും ഉപ്പും കുഴച്ചുതിന്നുന്നതാണ് വീഡിയോയിലുള്ളത്. സ്കൂള്‍ ചുവരില്‍ പതിച്ചിട്ടുള്ള ഭക്ഷണത്തിന്‍റെ മെനുവിലാകട്ടെ പാല്‍, റൊട്ടി, പരിപ്പ്, പച്ചക്കറി, ചോറ് എന്നിങ്ങനെയെല്ലാം എഴുതിയിട്ടുണ്ട്. എന്നാല്‍ ഒന്നുമറിയാത്ത കുഞ്ഞുങ്ങള്‍ അവര്‍ക്ക് കിട്ടുന്നത് മിണ്ടാതെ തറയിലിരുന്ന് കഴിക്കുന്നതും കാണാം. 

ആരാണ് ഇങ്ങനെയുള്ള സ്കൂളുകളിലേക്ക് കുട്ടികളെ അയക്കാൻ ആഗ്രഹിക്കുന്നതെന്നാണ് വീഡിയോ പകര്‍ത്തിയ ആള്‍ ചോദിക്കുന്നത്. എന്തായാലും വീഡിയോ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടതോടെ ജില്ലാ മജിസ്ട്രേറ്റ് നടപടി കൈക്കൊണ്ടിരിക്കുകയാണ്. സ്കൂള്‍ പ്രിന്‍സിപ്പാളിനെ സസ്പെൻഡ് ചെയ്തുകൊണ്ട് മജിസ്ട്രേറ്റ് ഉത്തരവിറക്കി. എന്ന് മാത്രമല്ല മെനുവിലുള്ള ഭക്ഷണങ്ങള്‍ കുട്ടികള്‍ക്ക് ലഭിച്ചിരിക്കണമെന്നും സംഭവത്തില്‍ അന്വേഷണം ഉണ്ടാകണമെന്നും മജിസ്ട്രേറ്റ് ഉത്തരവിട്ടിട്ടുണ്ട്. 

സ്കൂളില്‍ തന്നെ പഠിക്കുന്നൊരു വിദ്യാര്‍ത്ഥിയുടെ അച്ഛനാണ് വീഡിയോ പകര്‍ത്തിയതെന്നാണ് സൂചന. എന്നാല്‍ ഇദ്ദേഹത്തിന്‍റെ വിശദാംശങ്ങള്‍ ലഭ്യമല്ല. 

സ്കൂളിലെ സാഹചര്യങ്ങള്‍ക്ക് തങ്ങള്‍ ഉത്തരവാദികളല്ലെന്ന് അധ്യാപകര്‍ പറയുന്നു. ഗ്രാമാധികാരിയും ഇതുതന്നെ പറയുന്നു. പിന്നെ ആരാണ് ഇതിനെല്ലാം ഉത്തരവാദി എന്നാണ് വീഡിയോ പകര്‍ത്തിയ ആള്‍ ചോദിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഈ വീഡിയോ കാണണമെന്നും ഇദ്ദേഹം പറയുന്നു. 

മുമ്പ് 2019ല്‍ സമാനമായ രീതിയില്‍ ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ സ്കൂളില്‍ കുട്ടികള്‍ക്ക് ചോറും ഉപ്പുമാണ് നല്‍കുന്നതെന്ന് റിപ്പോര്‍ട്ട് ചെയ്ത മിര്‍സാപൂര്‍ സ്വദേശിയായ മാധ്യമപ്രവര്‍ത്തകനെതിരെ പിന്നീട് കേസെടുത്തിരുന്നു. സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തുന്നു എന്ന പരാതിയിലായിരുന്നു കേസ്. 

പ്രീ- പ്രൈമറി- പ്രൈമറി ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പോഷകങ്ങളടങ്ങിയ ഭക്ഷണം ലഭിച്ചില്ലെങ്കില്‍ അത് അവരുടെ എല്ലാ തരത്തിലുള്ള വളര്‍ച്ചയെയും ബാധിക്കും. ഇത് കണക്കിലെടുത്താണ് സര്‍ക്കാര്‍ സ്കൂളുകളില്‍ കുട്ടികള്‍ക്കുള്ള ഭക്ഷണം മെച്ചപ്പെടുത്താൻ മിക്ക സംസ്ഥാനങ്ങളും തയ്യാറായിട്ടുള്ളത്. ഒരു വശത്ത് പാലും മുട്ടയും അടക്കം പോഷകസമൃദ്ധമായ ഭക്ഷണം കുട്ടികള്‍ക്ക് നല്‍കാൻ ഫണ്ട് മാറ്റിവയ്ക്കപ്പെടുമ്പോഴാണ് മറുവശത്ത് ഇങ്ങനെ ചോറും ഉപ്പും മാത്രം നല്‍കി കുട്ടികളുടെ ജീവനോ ആരോഗ്യത്തിനോ യാതൊരു വിലയും നല്‍കാത്ത നടപടിയുണ്ടാകുന്നത്. 

വൈറലായ വീഡിയോ...

 

Also Read:- ടിവി റിപ്പോര്‍ട്ടറെ പോലെ ലൈവില്‍ വിദ്യാര്‍ത്ഥി; സ്കൂളിലെ കാര്യങ്ങളെല്ലാം പുറത്തായി

click me!