
എല്ലാ മാതാപിതാക്കൾക്കും മക്കൾ മിടുക്കരായിരിക്കണം എന്നാണ് ആഗ്രഹം. എന്നാൽ മക്കളെ മിടുക്കരാക്കാൻ എന്ത് ചെയ്യണമെന്നതിനെ കുറിച്ച് വ്യക്തമായ ധാരണ പല മാതാപിതാക്കൾക്കുമില്ല. മക്കളെ മിടുക്കരാക്കാൻ രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ട മൂന്ന് കാര്യങ്ങളെ കുറിച്ച് സൈക്കോളജിസ്റ്റ് ജയേഷ് കെ ജി എഴുതുന്ന ലേഖനം.
എല്ലാ ദിവസവും രാവിലെ കുട്ടികൾ ഉണർന്നു കഴിഞ്ഞാൽ അവരോടൊത്ത് മൂന്നു മിനിറ്റ് നേരമെങ്കിലും ചിലവഴിക്കാൻ മാതാപിതാക്കൾ ശ്രമിക്കുക. മക്കൾ ഉണരുന്ന സമയത്ത് അവരോടൊപ്പം ബെഡിൽ കുറച്ചു നേരം സംസാരിക്കുകയോ അതല്ല അവർ ഉണർന്നശേഷം നിങ്ങളുടെ അടുത്തേക്ക് വരികയാണെങ്കിൽ അവരെ അടുത്തിരുത്തി ഒരു ഹാപ്പി മൂഡ് ക്രിയേറ്റ് ചെയ്യാൻ തക്ക വിഷയങ്ങൾ സംസാരിക്കുകയോ ചെയ്യാം. ഇതിലൂടെ രാവിലെ തന്നെ കുട്ടികളുടെ മനസ്സിൽ പോസിറ്റീവ് ചിന്തകൾ നിറയ്ക്കുകയും സന്തോഷത്തോടെ ഒരു ദിനം ആരംഭിക്കുവാനും കഴിയും.
രണ്ടാമതായി അവർ സ്കൂൾ വിട്ടു വന്നതിനു ശേഷം ഭക്ഷണം നൽകുന്നതിനോടൊപ്പം മൂന്ന് മിനിറ്റ് നേരം അവരോട് വിശേഷങ്ങൾ പങ്കുവയ്ക്കാം. സ്കൂൾ വിട്ടു വരുന്ന സമയത്ത് കുട്ടികൾ വളരെ ഹാപ്പി ആയിരിക്കും. ഒരുപാട് വിശേഷങ്ങൾ അവർക്ക് നിങ്ങളോട് പങ്കുവയ്ക്കുവാൻ ഉണ്ടാകും. ആ വിശേഷങ്ങൾ കേൾക്കാൻ നിങ്ങൾ സമയം ചെലവഴിക്കുകയാണെങ്കിൽ അത് മക്കളിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ വളരെ വലുതാണ്.
മൂന്നാമതായി രാത്രി മക്കൾ കിടക്കുന്ന സമയത്ത് മൂന്ന് മിനിറ്റ് നേരം കൂടി അവരോടൊപ്പം ചെലവഴിക്കുക. നാളത്തെ പ്ലാനിങ്ങിനെ കുറിച്ചും വീട്ടുവിശേഷങ്ങളും പങ്കുവെക്കാം. ഇങ്ങനെ ഒരു ദിവസത്തിന്റെ മൂന്ന് നേരം നിങ്ങൾ മക്കളുമായി മൂന്ന് മിനിട്ട് പങ്കുവെക്കുകയാണെങ്കിൽ മക്കളുമായുള്ള നല്ലൊരു സൗഹൃദം കെട്ടിപ്പടുക്കുന്നതിനുമപ്പുറം നിങ്ങളുടെ മക്കൾ നിങ്ങളെക്കാൾ മിടുക്കരായി മാറുകയും മക്കൾക്കും നിങ്ങൾക്കും ഇടയിൽ നല്ലൊരു ബന്ധം ഊട്ടിയുറപ്പിക്കാൻ സാധിക്കും.