ഉപേക്ഷിക്കപ്പെട്ട ഈ അമ്മയെ ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ?

By Web TeamFirst Published May 28, 2019, 10:10 PM IST
Highlights

ശാരീരകമായി അവശയായ വൃദ്ധ മറവിരോഗം മൂലം ചെയ്യുന്ന കാര്യങ്ങളെല്ലാം വീട്ടുകാര്‍ക്ക് ശല്യമാകുന്നു. ഭക്ഷണം കഴിച്ചയുടന്‍ തന്നെ വിശക്കുന്നുവെന്ന് പറയുന്നു, പ്രാഥമിക കൃത്യങ്ങള്‍ക്ക് പുറത്തുപോകാതെ മുറിക്കുള്ളില്‍ തന്നെ അതെല്ലാം ചെയ്യുന്നു, എങ്ങോട്ടെന്നില്ലാതെ ഇടയ്ക്ക് ഇറങ്ങിപ്പോകുന്നു

'കേരള കഫേ' എന്ന സിനിമാപരമ്പരയില്‍ വന്ന 'ബ്രിഡ്ജ്' എന്ന ചിത്രം ഒരുതവണയെങ്കിലും കണ്ട ആരും പിന്നീട് മറന്നുപോകില്ല. കോഴിക്കോട് ശാന്താദേവിയും സലിംകുമാറും കല്‍പനയും പ്രധാനവേഷങ്ങളിലെത്തിയ ചിത്രം അല്‍ഷിമേഴ്‌സ് ബാധിച്ച വൃദ്ധയുടേയും സമാന്തരമായി, മറ്റൊരു കുട്ടിയുടേയും കഥയാണ് പറയുന്നത്. 

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിന് മറവിരോഗം ബാധിച്ച വൃദ്ധയായ അമ്മ ഒരു ബാധ്യതയാകുന്നതാണ് ചിത്രത്തില്‍ കാണിക്കുന്നത്. ശാരീരകമായി അവശയായ വൃദ്ധ മറവിരോഗം മൂലം ചെയ്യുന്ന കാര്യങ്ങളെല്ലാം വീട്ടുകാര്‍ക്ക് ശല്യമാകുന്നു. ഭക്ഷണം കഴിച്ചയുടന്‍ തന്നെ വിശക്കുന്നുവെന്ന് പറയുന്നു, പ്രാഥമിക കൃത്യങ്ങള്‍ക്ക് പുറത്തുപോകാതെ മുറിക്കുള്ളില്‍ തന്നെ അതെല്ലാം ചെയ്യുന്നു, എങ്ങോട്ടെന്നില്ലാതെ ഇടയ്ക്ക് ഇറങ്ങിപ്പോകുന്നു. ഒടുവില്‍ മറ്റ് പരിഹാരങ്ങള്‍ക്കൊന്നും നില്‍ക്കാതെ മകന്‍ അമ്മയെ നഗരത്തില്‍ കൊണ്ടുപോയി കളയുന്നു. 

ഇതെല്ലാം അല്‍ഷിമേഴ്‌സ് ബാധിച്ച രോഗികളില്‍ സാധാരണയായി കണ്ടുവരുന്ന പ്രശ്‌നങ്ങളാണ്. മരുന്നുകള്‍ കൊണ്ട് ഒരിക്കലും ഇതൊന്നും ഭേദമാക്കാനാകില്ല. മറിച്ച് സ്‌നേഹത്തോടെയുള്ള പെരുമാറ്റം നല്‍കുന്ന ആശ്വാസം മാത്രമേ മാര്‍ഗമുള്ളൂ. എന്നാല്‍ പ്രായമായവരില്‍ മറവിരോഗം ഇത്തരം വികൃതികള്‍ കാണിക്കുമ്പോള്‍ മക്കള്‍ക്കും, മക്കളുടെ മക്കള്‍ക്കുമെല്ലാം ഇത് എളുപ്പം ശല്യമായി തോന്നുന്നു. 

അതേസമയം ചെറുപ്പക്കാരായ ആളുകളിലാണ് മറവിരോഗം പ്രശ്‌നങ്ങളുണ്ടാക്കുന്നതെങ്കില്‍, അത് സഹിക്കാന്‍ മിക്കവരും തയ്യാറാണ്. മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തിയ 'തന്മാത്ര' എന്ന ചിത്രമോര്‍ക്കുന്നില്ലേ? എത്രമാത്രം കരുണയോടും സ്‌നേഹത്തോടും കൂടിയാണ് അവര്‍ ഓര്‍മ്മകള്‍ നഷ്ടപ്പെട്ട ഭര്‍ത്താവിനെ, അച്ഛനെ പരിപാലിക്കുന്നത്!

അല്‍ഷിമേഴ്‌സ് അല്ലെങ്കില്‍ മറവിരോഗം എന്നുപറയുന്നത് വൃദ്ധരെ മാത്രം ബാധിക്കുന്ന അസുഖമല്ല. മറിച്ച് ഈ അസുഖം മൂലം ഏറ്റവുമധികം ഉപേക്ഷിക്കപ്പെടുന്നതും വിഷമത്തിലാകുന്നതും വൃദ്ധരാണ്. ലോകത്തില്‍ പലയിടങ്ങളിലും അല്‍ഷിമേഴ്‌സ് രോഗികള്‍ക്ക് വേണ്ടി പ്രത്യേകം പദ്ധതികള്‍ നടപ്പിലാക്കിവരുന്നുണ്ട്. 

നെതര്‍ലാന്‍ഡ്‌സില്‍ ഹെന്റി ഇമ്മാനുവലി എന്ന എംപി അല്‍ഷിമേഴ്‌സ് രോഗികള്‍ക്ക് വേണ്ടി ഒരു ഗ്രാമം തന്നെയാണ് നിര്‍മ്മിച്ചത്. മരുന്നുകള്‍ക്ക് കാര്യമായ മാറ്റമുണ്ടാക്കാന്‍ കഴിയാത്ത രോഗമെന്ന നിലയില്‍ മറ്റ് സാമൂഹികവും വൈകാരികവുമായി സഹായങ്ങളാണ് ഇവിടെ ഉറപ്പുവരുത്തിയത്. ഓരോ രോഗിക്കും പ്രത്യേകം ശ്രദ്ധ. ആശുപത്രിയുടെ അനുഭവമില്ലാത്ത, എന്നാല്‍ ആശുപത്രിക്ക് സമമായ സൗകര്യങ്ങളുള്ള ഒരിടം. 'അല്‍ഷിമേഴ്‌സ് വില്ലേജ്' എന്നുതന്നെയായിരുന്നു ഗ്രാമത്തിന്റെ പേര്.  

ഇതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഇപ്പോള്‍ ഫ്രാന്‍സിലും മറവിരോഗം ബാധിച്ചവര്‍ക്ക് വേണ്ടി ഒരു ഗ്രാമം ഒരുങ്ങുകയാണ്. ഏതൊരു സാധാരണക്കാരനെയും പോലെ മറവിരോഗം ബാധിച്ച ഒരാള്‍ക്ക് അവിടെ സ്വതന്ത്രമായി ജീവിക്കാം. സുരക്ഷിതത്വത്തിനും, ജീവിക്കാന്‍ വേണ്ട മറ്റ് ആവശ്യങ്ങള്‍ക്കും യാതൊരു കുറവുമുണ്ടാകില്ല. 'വില്ലേജ് ലാന്‍ഡൈസ് അല്‍ഷിമേര്‍' എന്നാണ് ഇവിടത്തെ ഗ്രാമത്തിന്റെ പേര്.

ആരോഗ്യകരമായ ജീവിതരീതികളിലൂടെയും സ്‌നേഹപൂര്‍ണ്ണമായ ഇടപെടലുകളിലൂടെയും മറവിരോഗം ബാധിച്ചവരെ ഒരു പരിധി വരെ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ടുകൊണ്ടുപോകാനാകുമെന്ന് ഫ്രാന്‍സിലെ പ്രമുഖ ന്യൂറോളജിസ്റ്റായ ജീന്‍ ഫ്രാന്‍കോയിസ് പറയുന്നു. ഇത്തരം ഗ്രാമങ്ങളിലൂടെ തങ്ങള്‍ ലക്ഷ്യമിടുന്നതും ഇതാണെന്ന് അദ്ദേഹം പറയുന്നു. 

പ്രായമായി, രോഗം ബാധിക്കുന്നതോടെ മാതാപിതാക്കളെന്ന പരിഗണന പോലുമില്ലാതെ ആളൊഴിഞ്ഞയിടങ്ങളില്‍ വൃദ്ധരെ കൊണ്ടുതള്ളുന്ന മക്കള്‍ ഇന്നും നമുക്കിടയിലുണ്ട്. ഒരുപക്ഷേ, 'ബ്രിഡ്ജ്' എന്ന ചിത്രത്തിലെ സലിംകുമാറിനെ പോലെ ജീവിക്കാന്‍ മറ്റ് സാഹചര്യങ്ങളൊന്നുമില്ലാത്തതിനെ തുടര്‍ന്ന് മനസ്സില്ലാമനസ്സോടെയായിരിക്കും ഈ ക്രൂരത ചെയ്യുന്നത്. എന്നാല്‍ അത്തരം ദുഖകരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തുകൊണ്ടും നമുക്ക് മാതൃകയാക്കാവുന്ന ഒരു പദ്ധതിയാണിത്. മറവിരോഗം മാത്രമല്ല, പല അസുഖങ്ങളെ തുടര്‍ന്നും പ്രായമായവര്‍ ഉപേക്ഷിക്കപ്പെടുന്നുണ്ട്. അത്തരക്കാര്‍ക്ക് വേണ്ടിയും നമുക്ക് എന്തുകൊണ്ട് ഇങ്ങനെയുള്ള കേന്ദ്രങ്ങള്‍ നിര്‍മ്മിച്ചുകൂട! ഫ്രാന്‍സും നെതര്‍ലാന്‍ഡ്‌സും നമ്മളെപ്പോലെയുള്ള രാജ്യങ്ങള്‍ക്ക് ഒരുത്തമ മാതൃകയാകട്ടെ. 

click me!