ആളുകള്‍ തീരെ സന്തോഷം അനുഭവിക്കാത്തത് ഏത് ജോലി ചെയ്യുമ്പോള്‍?; പഠനം...

By Web TeamFirst Published Mar 27, 2023, 9:29 PM IST
Highlights

പലപ്പോഴും ശമ്പളത്തെ അടിസ്ഥാനപ്പെടുത്തിയാണ് നാം തൊഴിലില്‍ നിന്നുള്ള സന്തോഷത്തെ വിലയിരുത്താറ്. എന്നാലിതൊന്നുമല്ല തൊഴിലില്‍ നിന്നുള്ള സന്തോഷത്തെ നിര്‍ണയിക്കുന്നത് എന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. 

വ്യക്തികളുടെ മാനസികാവസ്ഥകളും മാനസികാരോഗ്യവുമെല്ലാം അവരുടെ ചുറ്റുപാടുകളുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്നതാണ്. എന്ത് തരം തൊഴില്‍ ചെയ്യുന്നു, എന്താണ് തൊഴില്‍ സാഹചര്യം എന്നിങ്ങനെയുള്ള ഘടകങ്ങളെല്ലാം ഇത്തരത്തില്‍ വ്യക്തിയെ ബാധിക്കുന്നതാണ്. ഇതുമായി ചേര്‍ത്തുവായിക്കാവുന്നൊരു പഠനറിപ്പോര്‍ട്ടാണ് ഇനി പങ്കുവയ്ക്കുന്നത്. 

ഹാര്‍വാര്‍ഡ് യൂണിവേഴ്സ്റ്റിയില്‍ നിന്നുള്ള ഗവേഷകരാണ് വര്‍ഷങ്ങള്‍ നീണ്ട പഠനത്തിന്‍റെ നിഗമനങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. തൊഴിലും മനുഷ്യന്‍റെ സന്തോഷവും തമ്മിലുള്ള ബന്ധത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കിയാണ് ഗവേഷകര്‍ പഠനം നടത്തിയിരിക്കുന്നത്. 

പലപ്പോഴും ശമ്പളത്തെ അടിസ്ഥാനപ്പെടുത്തിയാണ് നാം തൊഴിലില്‍ നിന്നുള്ള സന്തോഷത്തെ വിലയിരുത്താറ്. എന്നാലിതൊന്നുമല്ല തൊഴിലില്‍ നിന്നുള്ള സന്തോഷത്തെ നിര്‍ണയിക്കുന്നത് എന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. 

'പണം, കരിയറിലെ വിജയം, വ്യായാമം, ആരോഗ്യകരമായ ഭക്ഷണം ഒന്നുമല്ല വ്യക്തിയുടെ സന്തോഷത്തെയോ ആരോഗ്യകരമായ ജീവിതത്തെയോ സ്വാധീനിക്കുന്നത്, മറിച്ച് അത് തൊഴിലിടത്തിലെ സഹപ്രവര്‍ത്തകരുമായുള്ള ബന്ധമോ തൊഴിലിന്‍റെ ഭാഗമായി മനുഷ്യരുമായി എത്തരത്തിലുള്ള ഇടപെടലുകളാണ് ഉണ്ടാകുന്നത് എന്നതോ ആണ്...'- പഠനം പറയുന്നു. 

ഏകാന്തമായ തൊഴിലിടങ്ങള്‍, ഏറ്റവും കുറവ് മനുഷ്യരുമായി മാത്രം ഇടപഴകേണ്ടുന്ന തൊഴിലിടങ്ങള്‍, നെഗറ്റീവ് ആയി ആളുകളോട് ഇടപെടേണ്ടവരുന്ന തൊഴില്‍ മേഖലകള്‍ എന്നിവടങ്ങളില്‍ ജോലി ചെയ്യുന്നവരാണത്രേ ഏറ്റവും കുറവ് സന്തോഷം ജീവിതത്തില്‍ തന്നെ അനുഭവിക്കുന്നത്.

'മറ്റുള്ളവരുമായുള്ള ബന്ധം എപ്പോഴും മനുഷ്യന് പ്രധാനം തന്നെയാണ്. അത് ഏത് മേഖലയില്‍ നാം ഇടപെടുന്നവരായാലും ശരി. എന്ന് മാത്രമല്ല ഞങ്ങളുടെ പഠനപ്രകാരം ഏറ്റവും സന്തോഷമായി ഇരിക്കുന്നതും നന്നായി ജോലി ചെയ്യുന്നതും കൂടുതല്‍ പേരോട് പോസിറ്റീവായി ഇടപഴകാൻ അവസരമുള്ള തൊഴിലിടങ്ങളില്‍ നിന്നുള്ളവരാണ്...'- പഠനത്തിന് നേതൃത്വം നല്‍കിയ ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂളിലെ സൈക്യാട്രി പ്രൊഫസര്‍ ഡോ. റോബര്‍ട്ട് വാള്‍ഡിംഗര്‍ പറയുന്നു. 

ഭക്ഷണസാധനങ്ങള്‍ പാക്ക് ചെയ്യുകയും, ഡെലിവെറി ചെയ്യുകയും ചെയ്യുന്നവര്‍, ഓണ്‍ലൈനായി റീട്ടെയില്‍ കച്ചവടം ചെയ്യുന്നവര്‍, നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍, ട്രക്ക് ഡ്രൈവര്‍മാര്‍, സെക്യൂരിറ്റി ജീവനക്കാര്‍ എന്നിങ്ങനെ ചില വിഭാഗങ്ങളെ പഠനം എടുത്ത് പ്രതിപാദിക്കുകയും ചെയ്തിട്ടുണ്ട്. ഓണ്‍ലൈനായി ജോലി ചെയ്യുന്നവരില്‍ പലര്‍ക്കും സഹപ്രവര്‍ത്തകരുടെ പേര് പോലും അറിയാൻ സാധിക്കില്ല. അല്ലെങ്കില്‍ നൈറ്റ്ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്കോ ജോലിസംബന്ധമായി ദീര്‍ഘദൂരം യാത്ര ചെയ്യേണ്ടി വരുന്നവര്‍ക്കോ ഒന്നും മറ്റുള്ളവരുമായി അത്ര ഇടപെടല്‍ വരുന്നില്ലല്ലോ. അത് ക്രമേണ ഇവരുടെ മാനസികാവസ്ഥയെ മോശമായി ബാധിക്കുന്നുവെന്നാണ് പഠനത്തിന്‍റെ കണ്ടെത്തല്‍. 

അതിനാല്‍ തന്നെ തൊഴിലിടത്തിലെ ചെറിയൊരു ആഘോഷമോ, കൂടിച്ചേരലോ പോലും പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും, പോസിറ്റീവായ ബന്ധങ്ങളാണ് ഇത്തരം പ്രശ്നങ്ങള്‍ പ്രതിരോധിക്കുന്നതിനായി ഉണ്ടാക്കിയെടുക്കേണ്ടതെന്നും പഠനം ഓര്‍മ്മപ്പെടുത്തുന്നു. 

Also Read:- മൂത്രമൊഴിക്കാൻ തോന്നിയാലും കഴിയില്ല; അപൂര്‍വ രോഗാവസ്ഥയുമായി യുവതി

 

click me!