Asianet News MalayalamAsianet News Malayalam

മൂത്രമൊഴിക്കാൻ തോന്നിയാലും കഴിയില്ല; അപൂര്‍വ രോഗാവസ്ഥയുമായി യുവതി

മൂത്രമൊഴിക്കാൻ തോന്നിയാല്‍ പോലും മൂത്രമൊഴിക്കാൻ സാധിക്കാത്ത അവസ്ഥയാണ് ഇവരെ ബാധിച്ചിരിക്കുന്ന രോഗത്തിന്‍റെ പ്രത്യേകത. 2020ലാണ് ആദ്യമായി രോഗത്തിന്‍റെ പ്രശ്നങ്ങള്‍ എല്ലെ അനുഭവിച്ച് തുടങ്ങുന്നത്. മൂത്രമൊഴിക്കണമെന്ന തോന്നല്‍ ഉണ്ട്. എന്നാല്‍ എത്ര ശ്രമിച്ചാലും അതിന് സാധിക്കുന്നുണ്ടായിരുന്നില്ല. 

woman cannot urinate due to rare disease hyp
Author
First Published Mar 25, 2023, 9:39 PM IST

മനുഷ്യശരീരത്തിന്‍റെ വിവിധ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന എത്രയോ തരം രോഗങ്ങളുണ്ട്. ഇവയില്‍ നമുക്ക് സുപരിചിതമായ രോഗങ്ങള്‍ ഒരു വിഭാഗമുണ്ട്. എന്നാല്‍ നാം കേട്ടിട്ട് പോലുമില്ലാത്ത തരത്തിലുള്ള എത്രയോ രോഗങ്ങളുണ്ട്. പലപ്പോഴും വാര്‍ത്തകളിലൂടെയാണ് ഇത്തരത്തിലുള്ള അപൂര്‍വരോഗങ്ങളെ കുറിച്ച് നാം അറിയാറ്.

സമാനമായ രീതിയില്‍ ഇപ്പോഴിതാ വാര്‍ത്തകളിലൂടെ ചര്‍ച്ചയാവുകയാണ് ഒരു യുവതിയെ ബാധിച്ചിരിക്കുന്ന അപൂര്‍വരോഗം. ഈസ്റ്റ് ലണ്ടൻ സ്വദേശിയായ എല്ലെ ആഡംസ് എന്ന മുപ്പതികാരിയാണ് വിചിത്രരോഗത്തിന് അടിപ്പെട്ടിരിക്കുന്നത്. 

മൂത്രമൊഴിക്കാൻ തോന്നിയാല്‍ പോലും മൂത്രമൊഴിക്കാൻ സാധിക്കാത്ത അവസ്ഥയാണ് ഇവരെ ബാധിച്ചിരിക്കുന്ന രോഗത്തിന്‍റെ പ്രത്യേകത. 2020ലാണ് ആദ്യമായി രോഗത്തിന്‍റെ പ്രശ്നങ്ങള്‍ എല്ലെ അനുഭവിച്ച് തുടങ്ങുന്നത്. മൂത്രമൊഴിക്കണമെന്ന തോന്നല്‍ ഉണ്ട്. എന്നാല്‍ എത്ര ശ്രമിച്ചാലും അതിന് സാധിക്കുന്നുണ്ടായിരുന്നില്ല. 

ഇതോടെ ഇവര്‍ ആശുപത്രിയിലെത്തി. ഡോക്ടര്‍മാര്‍ മൂത്രം പുറന്തള്ളുന്നതിനായി അടിയന്തരമായി ഇവര്‍ക്ക് കത്തീറ്റര്‍ ഇട്ടുകൊടുത്തു. മൂത്രം പുറത്തുപോകുന്നതിനുള്ള ട്യൂബാണിത്. എന്നാല്‍ പിന്നീടങ്ങോട്ട് കത്തീറ്ററിനെ ആശ്രയിച്ച് മാത്രമേ മൂത്രം പുറന്തള്ളാൻ സാധിക്കൂ എന്ന അവസ്ഥ വന്നു. അപ്പോഴും എല്ലെയെ ബാധിച്ചിരിക്കുന്ന അപൂര്‍വ രോഗമെന്താണെന്ന് കണ്ടെത്താൻ ഡോക്ടര്‍മാര്‍ക്കായില്ല.

ഒടുവില്‍ സ്വയം തന്നെ കത്തീറ്റര്‍ ഉപയോഗിക്കാൻ എല്ലെ പരിശീലിച്ചു. ഒരു വര്‍ഷത്തിലധികം സമയം ആശുപത്രിയും പരിശോധനകളുമായി എല്ലെ ദുരിതജീവിതം തുടര്‍ന്നു. 2021 ല്‍ ഇവരുടെ രോഗമെന്താണെന്ന് സ്ഥിരീകരിച്ചു. 'ഫൗളേഴ്സ് സിൻഡ്രോം' എന്നാണത്രേ ഇതിന്‍റെ പേര്. ഇനിയൊരിക്കലും പഴയപടി ആകാൻ സാധിക്കില്ലേയെന്ന അന്വേഷണത്തിന് അതിനോടകം എല്ലെക്ക് ഡോക്ടര്‍മാര്‍ മറുപടിയും നല്‍കി. 

എക്കാലത്തേക്കും കത്തീറ്ററിനെ ആശ്രയിച്ച് മാത്രമേ ഇവര്‍ക്ക് തുടരാനാകൂ എന്നായിരുന്നു ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്. 

'ഒരു ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നില്ല. മറ്റ് രോഗങ്ങളും ഇല്ലായിരുന്നു. ഒരു ദിവസം രാവിലെ പെട്ടെന്നാണ് ഇങ്ങനെ സംഭവിച്ചത്. മൂത്രമൊഴിക്കാൻ സാധിക്കാതായതോടെ ഞാനാകെ പരിഭ്രാന്തയായി. പിന്നെപ്പിന്നെ വലിയ തകര്‍ച്ച തോന്നി. ഇപ്പോള്‍ എന്‍റെ ജീവിതമാകെ മാറിയിരിക്കുന്നു...'- എല്ലെ പറയുന്നു. 

എന്തുകൊണ്ട് ഇവര്‍ക്ക് ഈ അസുഖം പിടിപെട്ടു എന്നതിനും കൃത്യമായ ഉത്തരം നല്‍കാൻ ഡോക്ടര്‍മാര്‍ക്കോ ആരോഗ്യ വിദഗ്ധര്‍ക്കോ സാധിച്ചിട്ടില്ല. എങ്കിലും ഇക്കഴിഞ്ഞ ജനുവരിയില്‍ നടത്തിയ ഒരു ചികിത്സ മൂലം ചില സമയം കത്തീറ്ററിനെ ആശ്രയിക്കാതെ പോകാം എന്ന അവസ്ഥയായി. പക്ഷേ പരിപൂര്‍ണമായ രക്ഷയില്ല. അല്‍പമൊരു ആശ്വാസമായി എന്നാണിതിനെ എല്ലെ സൂചിപ്പിക്കുന്നത്. എന്തായാലും വിചിത്രമായ ഇവരുടെ അസുഖത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ വലിയ രീതിയിലാണ് വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. 

Also Read:- ഭാര്യയുടെ 'അസാധാരണമായ ഭാവം'ടാറ്റൂ ചെയ്ത് ഭര്‍ത്താവ്; കാരണമിതാണ്

 

Follow Us:
Download App:
  • android
  • ios