കൊവിഡ് മൂലം 80% ഇന്ത്യക്കാരുടെ വരുമാനമിടിഞ്ഞു; എന്തും നേരിടാന്‍ തയ്യാറായി 90% ആളുകള്‍...

By Web TeamFirst Published Jun 12, 2020, 11:18 PM IST
Highlights

22 രാജ്യങ്ങളെ കൊവിഡ് 19 എത്രമാത്രം ബാധിച്ചുവെന്ന് മനസിലാക്കാന്‍ ഇറ്റാലിയന്‍ ഇന്‍ഷൂറന്‍സ് കമ്പനിയായ 'ജനറലി' ഒരു പഠനം നടത്തി. ഇന്ത്യയിലെ സാഹചര്യങ്ങളും ഈ പഠനം വിലയിരുത്തുന്നുണ്ട്.കൊവിഡ് 19 പടര്‍ന്നതിനെ തുടര്‍ന്ന് 80 ശതമാനം ഇന്ത്യക്കാരുടെ വരുമാനമിടിഞ്ഞതായാണ് പഠനം സൂചിപ്പിക്കുന്നത്
 

കൊറോണ വൈറസ് എന്ന മാഹാമാരി ആരോഗ്യമേഖലയെ മാത്രമല്ല പിടിച്ചുലച്ചത്. മറിച്ച് ദൈനംദിന ജീവിതത്തില്‍ നമ്മള്‍ പങ്കുകൊള്ളുന്ന ഓരോ മേഖലയേയും അതിന്റെ സ്വാഭാവത്തിനനുസരിച്ച് കൊവിഡ് 19 ബാധിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെയാണ് നമ്മളെല്ലാം കടന്നുപോകുന്നതും. 

ഇതിനിടെ 22 രാജ്യങ്ങളെ കൊവിഡ് 19 എത്രമാത്രം ബാധിച്ചുവെന്ന് മനസിലാക്കാന്‍ ഇറ്റാലിയന്‍ ഇന്‍ഷൂറന്‍സ് കമ്പനിയായ 'ജനറലി' ഒരു പഠനം നടത്തി. ഇന്ത്യയിലെ സാഹചര്യങ്ങളും ഈ പഠനം വിലയിരുത്തുന്നുണ്ട്.

കൊവിഡ് 19 പടര്‍ന്നതിനെ തുടര്‍ന്ന് 80 ശതമാനം ഇന്ത്യക്കാരുടെ വരുമാനമിടിഞ്ഞതായാണ് പഠനം സൂചിപ്പിക്കുന്നത്. 90 ശതമാനം ഇന്ത്യക്കാരും ഇനി എന്ത് വന്നാലും അത് നേരിടാന്‍ തയ്യാറാണെന്ന മനോഭാവത്തിലാണ് തുടരുന്നതെന്നും പഠനം പറയുന്നു. 

'ലോകത്തിലെ ആകെയും അവസ്ഥ വിലയിരുത്തിയാല്‍ കൊവിഡ് 19 ആളുകള്‍ക്കിടയില്‍ കടുത്ത ഉത്കണ്ഠയും പേടിയും ഉണ്ടാക്കിയിട്ടുണ്ട് എന്ന് കാണാം. മുന്നോട്ടുള്ള ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതാവസ്ഥകളും ആളുകള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നമാണ്. രോഗത്തില്‍ നിന്ന് സ്വയവും അടുപ്പമുള്ളവരെയും സംരക്ഷിക്കാനുള്ള ബാധ്യത പോലെ തന്നെ ഗൗരവമുള്ളതാണ് സാമ്പത്തിക പ്രശ്‌നങ്ങളും...'- പഠനം സൂചിപ്പിക്കുന്നു. 

ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഇവിടെ ജോലി ചെയ്യുന്ന ആളുകളില്‍ പകുതി പേരും 'വര്‍ക്ക് ഫ്രം ഹോം' എന്ന രീതിയിലേക്ക് മാറിയിട്ടുണ്ടെന്നും ഇനിയും മാസങ്ങള്‍ കൂടി ഇതേ അവസ്ഥയായിരിക്കും തങ്ങള്‍ തുടരേണ്ടിവരികയെന്ന് അവര്‍ മനസിലാക്കുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു.

'വരുമാനമിടിഞ്ഞവരില്‍ 53 ശതമാനം ഇന്ത്യക്കാര്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് സഹായം പ്രതീക്ഷിക്കുന്നുണ്ട്. 60 ശതമാനം പേരും ഇതുവരെയുണ്ടായിരുന്ന സമ്പാദ്യങ്ങളെ ആശ്രയിക്കാന്‍ തുടങ്ങി. ജീവിക്കാനായി, തങ്ങളുടെ പേരിലുള്ള സ്വത്തുക്കള്‍ ഉപയോഗപ്പെടുത്താനും ഇത്രയും പേര്‍ തീരുമാനിച്ചിരിക്കുന്നു. 39 ശതമാനം പേര്‍ ബന്ധുക്കളില്‍ നിന്ന് സഹായം പ്രതീക്ഷിച്ച് കഴിഞ്ഞുകൂടുന്നു. 40 ശതമാനം പേര്‍ തങ്ങളുടെ തൊഴിലുടമ എന്തെങ്കിലും സഹായങ്ങള്‍ പ്രഖ്യാപിക്കുമെന്നും പ്രത്യാശിക്കുന്നുണ്ട്...'- പഠനം പറയുന്നു. 

Also Read:- സാമ്പത്തിക പ്രതിസന്ധി, കൊല്ലത്ത് കശുവണ്ടി ഫാക്ടറി ഉടമ ജീവനൊടുക്കി...

പത്തില്‍ നാല് ഇന്ത്യക്കാരും കൊവിഡ് 19, തങ്ങളെ ശാരീരികമായും മാനസികമായും സാമൂഹികമായും സാമ്പത്തികമായും ബാധിക്കുമെന്ന് ആശങ്കപ്പെടുന്നുണ്ടത്രേ. ഇതില്‍ തന്നെ നഗരങ്ങളെ കേന്ദ്രീകരിച്ച് ജീവിക്കുന്നവരിലാണ് ഉത്കണ്ഠകളേറെയുള്ളതെന്നും പഠനം വ്യക്തമാക്കുന്നു.

click me!