Latest Videos

പങ്കാളി നിങ്ങളുടെ ബന്ധത്തില്‍ അരക്ഷിതത്വം അനുഭവിക്കുന്നുണ്ടോ? അറിയാം ഈ ലക്ഷണങ്ങള്‍...

By Web TeamFirst Published Jun 4, 2020, 7:05 PM IST
Highlights

ദാമ്പത്യജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികം മാത്രമാണ്. എന്നാല്‍ അസ്വസ്ഥതകള്‍ കൂടുന്നത് ചിലപ്പോള്‍ ആ ബന്ധത്തെ പോലും തകര്‍ത്തേക്കാം. 

ഒരാളോട് പ്രണയം തോന്നുക എളുപ്പവും സ്വാഭാവികവുമാണ്. എന്നാല്‍ ആ പ്രണയം നിലനിര്‍ത്തുക അത്ര എളുപ്പമാണോ?  ദാമ്പത്യജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികം മാത്രമാണ്. എന്നാല്‍ അസ്വസ്ഥതകള്‍ കൂടുന്നത് ചിലപ്പോള്‍ ആ ബന്ധത്തെ പോലും തകര്‍ത്തേക്കാം. അതിനാല്‍ കൃത്യസമയത്ത് ഇത്തരം അരക്ഷിതാവസ്ഥകൾ കണ്ടെത്തി പരിഹരിക്കേണ്ടതുണ്ട്. പങ്കാളി നിങ്ങളുടെ ബന്ധത്തില്‍ അരക്ഷിതത്വം അനുഭവിക്കുന്നുണ്ടോ എന്ന് താഴെ പറയുന്ന ഈ ലക്ഷണങ്ങളിലൂടെ കണ്ടെത്താം എന്നാണ് റിലേഷന്‍ഷിപ്പ് വിദഗ്ധര്‍ പറയുന്നത്. 

ഒന്ന്... 

നിങ്ങളുടെ പങ്കാളിക്ക് നിങ്ങളെ എപ്പോഴും പിന്തുടരുന്ന ശീലമുണ്ടോ? കുറച്ച് സമയം നിങ്ങളെ ഒറ്റയ്ക്ക് വിടാന്‍ മടി കാണിക്കാറുണ്ടോ? എങ്ങോട്ട് പോയാലും പങ്കാളിക്കും കൂടെ വരണം എന്ന് പറയാറുണ്ടോ?  എപ്പോഴും കൂടെ ഇരിക്കാനുള്ള പ്രവണത കാണിക്കുന്നുണ്ടോ? അങ്ങനെയാണെങ്കില്‍ നിങ്ങൾ പങ്കാളിയെ ഉപേക്ഷിച്ചു പോകുമോ എന്ന തോന്നല്‍ അയാളില്‍ ഉണ്ടാകാം. അതാകാം ഇങ്ങനെ പെരുമാറാന്‍ കാരണം. നിങ്ങള്‍ പരസ്പരം അതിനെ കുറിച്ച് സംസാരിച്ചാല്‍ ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്. പ്രണയമായാലും സൗഹൃദമായാലും  തുറന്നുളള സംസാരം ആ ബന്ധത്തെ കൂടുതല്‍ ദൃഢമാക്കും. 

രണ്ട്...

നിങ്ങള്‍ എന്തുചെയ്യുന്നു എന്ന് പങ്കാളി എപ്പോഴും ചോദിക്കാറുണ്ടോ? ഇനി എന്ത് ചെയ്യാന്‍ പോകുന്നു, ആരെ കാണാന്‍ പോകുന്നു തുടങ്ങി... ഒരു നൂറ് ചോദ്യങ്ങള്‍ ദിവസവും ചോദിക്കാറുണ്ടോ? ഇത് നിങ്ങളുടെ  ബന്ധത്തിലെ അരക്ഷിതാവസ്ഥയെ ആകാം ചിലപ്പോള്‍ സൂചിപ്പിക്കുന്നത്. പരസ്പരം സംസാരിച്ച് ഇത്തരം വിഷയങ്ങള്‍ പരിഹരിക്കാവുന്നതാണ്. 

മൂന്ന്...

പങ്കാളിയുടെ ശ്രദ്ധയും കരുതലും ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. പക്ഷേ തന്നെ മാത്രമേ ശ്രദ്ധിക്കാവൂ എന്ന വാശി നല്ലതല്ല. അമിതമായി ശ്രദ്ധയും കരുതലും ആവശ്യപ്പെടുന്നത് പങ്കാളിയിലെ അസ്വസ്ഥതയെ ആകാം സൂചിപ്പിക്കുന്നത്. 

നാല്... 
 
മുന്‍ പ്രണയബന്ധങ്ങളെ കുറിച്ച് സംസാരിക്കുന്നത്  ദാമ്പത്യത്തിൽ പ്രശ്നങ്ങൾക്ക് കാരണമാകാം എന്ന് വിദഗ്ധര്‍ പോലും പറയുന്നു.  അരക്ഷിതാവസ്ഥയിലൂടെ കടന്നു പോകുമ്പോഴാകാം പഴയ ബന്ധം അധികമായി ചർച്ച ചെയ്യപ്പെടുന്നത്. 

അഞ്ച്... 

പങ്കാളികള്‍ തമ്മില്‍ സ്നേഹം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണ്. എന്നുകരുതി 'അധികമായാൽ അമൃതും വിഷം' എന്ന ചൊല്ല് ഇവിടെയും പ്രസകത്മാണ്. അമിതമായി പങ്കാളി സ്നേഹം പ്രകടിപ്പിക്കുന്നത് ചിലപ്പോള്‍ നിങ്ങളുടെ പ്രതികരണം അറിയാനാകാം. നിങ്ങളുടെ സ്നേഹം കുറയുന്നുണ്ടോ എന്നറിയാനുള്ള ഒരു പരിശോധനയുമാകാം അത്. 

ആറ്... 

 തെറ്റ് ചെയ്യാതെ തന്നെ പങ്കാളി ക്ഷമ ചോദിക്കാറുണ്ടോ? സ്വന്തമായി ആത്മവിശ്വാസവും ബോധ്യവും ഇല്ലാത്തതാകാം ഇതിന്  കാരണം. 

Also Read:  ലോക്ക്ഡൗണ്‍ കാലത്തെ ദാമ്പത്യം; 'ബോറടി' മാറാന്‍ അഞ്ച് 'ടിപ്‌സ്'...

click me!