ലൈവ് വാർത്താ അവതാരണത്തിനിടെ അതിഥിയുടെ സൂം ഫിൽട്ടർ; പൊട്ടിച്ചിരിച്ച് അവതാരക; വൈറലായി വീഡിയോ

Published : Mar 24, 2023, 09:38 PM ISTUpdated : Mar 24, 2023, 09:39 PM IST
ലൈവ് വാർത്താ അവതാരണത്തിനിടെ അതിഥിയുടെ സൂം ഫിൽട്ടർ; പൊട്ടിച്ചിരിച്ച് അവതാരക;  വൈറലായി വീഡിയോ

Synopsis

വാർത്തയ്ക്കിടെ വീഡിയോ കോളിൽ അതിഥിയായി എത്തിയ വ്യക്തിക്ക് പറ്റിയ ഒരു അബദ്ധമാണ് സംഭവം. താൻ ഇരിക്കുന്ന മുറിയുടെ പശ്ചാത്തലം മാറ്റി മറ്റൊന്നാക്കാൻ അതിഥി ശ്രമിച്ചതാണ് ഒടുവിൽ വിനയായത്. 

മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ റിപ്പോർട്ട് ചെയ്യുന്നതിനിടെ സംഭവിക്കുന്ന പല രസകരമായ കാര്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ ഒരു ദൃശ്യമാധ്യമ പ്രവർത്തകയുടെ ലൈവ് വാര്‍ത്താ പരിപാടിക്കിടെ നടന്ന ഒരു രസകരമായ സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഓസ്ട്രേലിയയിലെ അഡിലെയ്ഡിൽ നിന്നുമാണ് ഈ ദൃശ്യങ്ങള്‍ പുറത്തു വരുന്നത്. വാർത്തയ്ക്കിടെ വീഡിയോ കോളിൽ അതിഥിയായി എത്തിയ വ്യക്തിക്ക് പറ്റിയ ഒരു അബദ്ധമാണ് സംഭവം. താൻ ഇരിക്കുന്ന മുറിയുടെ പശ്ചാത്തലം മാറ്റി മറ്റൊന്നാക്കാൻ അതിഥി ശ്രമിച്ചതാണ് ഒടുവിൽ വിനയായത്. 

ആലിസ് മോൺഫ്രൈസ് എന്ന വനിതയാണ് വാർത്ത അവതരിപ്പിച്ചത്. അതിഥിയായി റോയൽ ഓട്ടോമൊബൈൽ അസോസിയേഷന്റെ പ്രതിനിധിയായ മാർക് ബൊർലസും പരിപാടിയിൽ പങ്കെടുത്തിരുന്നു. ടെലിവിഷനിൽ കാണുമ്പോൾ തന്റെ മുറിയുടെ പശ്ചാത്തലം മാറ്റുന്നതാണ് ഭംഗി എന്ന് തോന്നി 
മാർക്ക് അതിനു ശ്രമിച്ചപ്പോൾ ഒരു പെൺകുട്ടി കാർ കഴുകുന്ന ചിത്രമാണ് ആദ്യം പശ്ചാത്തലത്തിൽ തെളിഞ്ഞത്. അബദ്ധം മനസ്സിലാക്കിയ മാർക് ഉടൻ തന്നെ ആ ചിത്രം മാറ്റിയെങ്കിലും അടുത്തതായി സ്കൂബാ  ഡൈവിങ് ചെയ്യുന്ന മറ്റൊരു വ്യക്തിയുടെ ചിത്രം പശ്ചാത്തലത്തിൽ പ്രത്യക്ഷപ്പെട്ടു. ഇത് കണ്ട ആലിസ് ചിരിയടക്കാൻ അപ്പോൾ മുതൽ തുടങ്ങിയതാണ്. 

മാർക്കിന്റെ ശ്രമം പിന്നീടും തുടര്‍ന്നു. എന്നാൽ ഇത്തവണ ശരിക്കും മാര്‍ക്ക് പെട്ടു. പിസയുടെ ആകൃതിയിലുള്ള ഒരു ചെറു തൊപ്പി മാർക്കിന്റെ തലയിൽ ഇരിക്കുന്ന തരത്തിലുള്ള ഫിൽട്ടറാണ് ഇത്തവണ വന്നത്. ഇത് കണ്ട് നിയന്ത്രണംവിട്ട ആലിസ് പരിപാടി അവതരിപ്പിക്കുകയാണെന്ന കാര്യം പോലും മറന്നു പൊട്ടിച്ചിരിക്കുകയായിരുന്നു. ചിരി പിടിച്ചുനിർത്താനാവാതെ ഒടുവിൽ ആലിസ് കണ്ണു തുടയ്ക്കുന്നത് വരെ വീഡിയോയില്‍ കാണാം. 

മാര്‍ക്കിന് പോലും ചിരി വന്നു. ഒടുവില്‍ വീഡിയോ കട്ട് ചെയ്തശേഷം ഒന്നുകൂടി ജോയിൻ ചെയ്യാമെന്ന് ആലിസിനെ അറിയിക്കുകയായിരുന്നു മാര്‍ക്ക്. എന്നാൽ അദ്ദേഹം ലൈവിൽ നിന്നും പോയ ശേഷവും മുന്നിലുണ്ടായിരുന്ന മേശയിലേക്കു കമഴ്ന്നു കിടന്ന് ചിരിക്കുന്ന ആലിസിനെ  ആണ് വീഡിയോയില്‍ കണ്ടത്. ട്വിറ്ററിലൂടെയാണ് രസകരമായ ദൃശ്യങ്ങൾ പുറത്തുവന്നത്. സംഭവം വൈറലായതോടെ പിന്നീട് മാർക്കിന്റെ പങ്കാളിയായ മോണിഖ് പിസ ഫിൽറ്ററിന്റെ അതേ ആകൃതിയിലുള്ള ഒരു പിസ പാർട്ടി തൊപ്പി കൂടി  മാർക്കിന് സമ്മാനമായി നൽകി. ടിവിയിൽ കണ്ട അതേ രീതിയിൽ തൊപ്പിയും ധരിച്ചിരിക്കുന്ന മാർക്കിന്റെ ചിത്രങ്ങളും വൈറലായി. 

 

 

 

 

Also Read: വധുവിനെ ലെഹങ്ക ഉയർത്താന്‍ സഹായിച്ച് വരന്‍; ‘നാട്ടു നാട്ടു' ഗാനത്തിന് ചുവടുവച്ച് നവദമ്പതികള്‍; വൈറലായി വീഡിയോ

PREV
Read more Articles on
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ