പരസ്പരം തോളിൽ കയ്യിട്ടു നിന്നാണ് സിനിമയിൽ രാം ചരണും ജൂനിയർ എൻടിആറും ചുവടുകൾ വയ്ക്കുന്നത്. ഇതുപോലെ തന്നെ പരസ്പരം തോളിൽ കയ്യിട്ടു നിന്നാണ് നവദമ്പതികളും നൃത്തം ചെയ്യുന്നത്. 

ആര്‍ആര്‍ആറിലെ നാട്ടുനാട്ടു ഗാനത്തിന് ഓസ്കർ ലഭിച്ചതോടെ ലോക സിനിമയുടെ നെറുകയിലെത്തി നില്‍ക്കുകയാണ് ഇന്ത്യ. രാജ്യമെങ്ങും ‘നാട്ടു നാട്ടു' തരംഗമാണെന്നും പറയാം. അടുത്തിടെ നടന്ന ഏതൊരു ആഘോഷ പരിപാടിയിലും ഒഴിവാക്കാനാവാത്ത ഒന്നായി നാട്ടുനാട്ടു നൃത്തം മാറിക്കഴിഞ്ഞു. ഗാനത്തിനൊപ്പം സിനിമയിലേതുപോലെയുള്ള ചുവടുകൾ വയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ വിവാഹ വേഷത്തിൽ നാട്ടുനാട്ടു പാട്ടിനൊപ്പം അതിമനോഹരമായി നൃത്തം ചെയ്യുന്ന നവദമ്പതികളുടെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകുന്നത്. 

ഔട്ട് ഡോര്‍ വേദിയിൽ അതിഥികൾക്കു മുന്നിലായിരുന്നു ദമ്പതികളുടെ നൃത്തം. ഷെർവാണി ആയിരുന്നു വരന്‍റെ വേഷം. എന്നാൽ ഭാരമേറിയ ലെഹങ്കയാണ് വധുവിന്‍റെ വേഷം. വേഗതയിലുള്ള ചുവടുകൾക്കിടെ കാല് വസ്ത്രത്തിലുടക്കി പോയാൽ താഴെ വീണ് പരുക്കേൽക്കുമെന്ന് ഉറപ്പ്. പരസ്പരം തോളിൽ കയ്യിട്ടു നിന്നാണ് സിനിമയിൽ രാം ചരണും ജൂനിയർ എൻടിആറും ചുവടുകൾ വയ്ക്കുന്നത്. ഇതുപോലെ തന്നെ പരസ്പരം തോളിൽ കയ്യിട്ടു നിന്നാണ് നവദമ്പതികളും നൃത്തം ചെയ്യുന്നത്. 

ഭാരമുള്ള ലെഹങ്ക ഉയർത്തിപ്പിടിച്ച് നൃത്തം ചെയ്യുന്നത് ബുദ്ധിമുട്ടുള്ള കാര്യമായതിനാല്‍ വധുവിനെ സഹായിക്കാന്‍ വരനുമുണ്ടായിരുന്നു. ഒരു കൈകൊണ്ട് ലെഹങ്കയുടെ ഒരു ഭാഗം വരൻ ഉയർത്തിപ്പിടിച്ചിരിക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ ഈ ബുദ്ധിമുട്ടുകൾ ഒന്നും ഇരുവരുടെയും ചുവടുകളുടെ ഭംഗിയെ ബാധിച്ചതുമില്ല. ഒരു ചുവടു പോലും പിഴയ്ക്കാതെ ഒരേ രീതിയിൽ വധൂവരന്മാർ നൃത്തം ചെയ്യുകയായിരുന്നു. 

View post on Instagram

ഇന്‍സ്റ്റഗ്രാമിലൂടെ ആണ് ഇതിന്‍റെ വീഡിയോ പ്രചരിച്ചത്. വധുവിന്‍റെ നൃത്തം പിഴയ്ക്കാതിരിക്കാൻ വരൻ സഹായിക്കുന്നത് കണ്ട് ഏറെ സന്തോഷം തോന്നുന്നു എന്നാണ് പലരും കമന്റ് ചെയ്തത്. ഈ ഒത്തൊരുമ ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കാൻ ഇരുവർക്കും സാധിക്കട്ടെ എന്നും ചിലര്‍ ആശംസകള്‍ അറിയിച്ചു. 

Also Read: മരുമകളെ ഫോട്ടോ എടുക്കാനായി സഹായിക്കുന്ന അച്ഛനും അമ്മയും; 10 ലക്ഷം പേര്‍ കണ്ട വീഡിയോ