Weight Loss Stories: ആറ് മാസം കൊണ്ട് കുറച്ചത് 25 കിലോ ഭാരം; വെയ്റ്റ് ലോസ് രഹസ്യം പങ്കുവച്ച് ഗോപു

Published : Sep 27, 2025, 03:34 PM IST
weight loss

Synopsis

അന്ന് 100 കിലോയായിരുന്നു ഗോപുവിന്‍റെ ഭാരം. ആറ് മാസം കൊണ്ട് കുറച്ചത് 25 കിലോ ഭാരമാണ്. ഇപ്പോള്‍ ഭാരം 75 കിലോ.

ക്യത്യമായ ഡയറ്റും വ്യായാമവുമായി ശരീരഭാരം കുറച്ചതിന്റെ വിജയകഥ നിങ്ങൾക്കും പറയാനുണ്ടോ? അത്തരം ആരെയെങ്കിലും നിങ്ങൾക്ക് പരിചയമുണ്ടോ? ഉണ്ടെങ്കിൽ ആ വിവരങ്ങൾ ഞങ്ങളെ അറിയിക്കാം. പേരും ഫോൺ നമ്പറും, അടക്കമുള്ള വിവരങ്ങൾ webteam@asianetnews.in എന്ന വിലാസത്തിലേക്ക് അയക്കുക. സബ്ജക്റ്റ് ലൈനിൽ 'Weight Loss Stories' എന്ന് എഴുതാൻ മറക്കരുത്.

ശരീരഭാരം കുറയ്ക്കുകയെന്നത് ഒരാളെ സംബന്ധിച്ചിടത്തോളം വലിയൊരു വെല്ലുവിളിയാണ്. പലരും അതിന് പലവിധ രീതികളാണ് തിരഞ്ഞെടുക്കാറുള്ളത്. കഠിനമായ വ്യായാമം ചിലര്‍ സ്വീകരിക്കുമ്പോള്‍ മറ്റുചിലര്‍ ചിട്ടയായ ഭക്ഷണ ക്രമീകരണത്തിലൂടെ മാത്രം ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നു.

അടൂര്‍ സ്വദേശിയും 38കാരനുമായ ഗോപു മുരളീധരനും ചിട്ടയായ ഭക്ഷണ ക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയുമാണ് തന്‍റെ ശരീരഭാരം കുറച്ചത്. ചെന്നൈയിലെ ഒരു ഐടി സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് ഗോപു. കൊവിഡ് കാലത്തെ വര്‍ക്ക് ഫ്രം ഹോമും ജോലിഭാരവും ഉദാസീനമായ ജീവിതശൈലിയുമായിരുന്നു ഗോപുവിന്‍റെ അമിത ഭാരത്തിന് പിന്നില്‍. 100 കിലോ വരെ എത്തിയപ്പോഴാണ് തന്‍റെ അമിത ഭാരത്തെ കുറിച്ചും അതുമൂലമുള്ള മറ്റ് ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചും ഗോപു ചിന്തിക്കാന്‍ തുടങ്ങിയത്. ഭാര്യ വിദ്യയുടെ പ്രോത്സാഹനം കൂടിയായപ്പോള്‍ ഗോപു ശരീരഭാരം കുറയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആറ് മാസത്തെ കഠിന പ്രയത്നം കൊണ്ടാണ് ഗോപു 25 കിലോ ഭാരം കുറച്ച് 75ലേയ്ക്ക് എത്തിയത്. എങ്ങനെയാണ് ശരീരഭാരം കുറച്ചതെന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് ഗോപു മനസു തുറക്കുന്നു.

കൊവിഡ് മാറ്റിമറിച്ച ജീവിതം

മഹാമാരി എന്‍റെ സാധാരണ ജീവിതത്തിന്‍റെ രീതികളെ തന്നെ മാറ്റിമറിച്ചു. ചെന്നൈയിലെ ഒരു ഐടി സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. അന്ന് വര്‍ക്ക് ഫ്രം ഹോം ആയിരുന്നു. രാവിലെ 9.30ന് തുടങ്ങുന്ന ജോലി രാത്രി വൈകിയാണ് അവസാനിച്ചിരുന്നത്. പലപ്പോഴും ലാപിന് മുമ്പില്‍ നിന്നും എഴുന്നേല്‍ക്കുന്നത് ഭക്ഷണം കഴിക്കാന്‍ മാത്രമായിരുന്നു. ശരിയായ ഭക്ഷണക്രമവും വ്യായാമവും ഉറക്കവുമില്ലാതെ പതുക്കെ ഇത് ആരോഗ്യത്തെ പോലും ബാധിക്കാൻ തുടങ്ങി. വളരെയധികം ജോലി സമ്മർദ്ദവും അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും എന്‍റെ ശരീരഭാരത്തെ കൂട്ടിയത് പോലും ഞാന്‍ വൈകിയാണ് തിരിച്ചറിഞ്ഞത്.

100 കിലോയിലെത്തി!

വ്യായാമക്കുറവും മോശം ഭക്ഷണക്രമവും മൂലം എന്‍റെ ശരീരഭാരം കൂടാൻ തുടങ്ങി. എന്റെ മുഖത്ത് ഇരുണ്ട പിഗ്മെന്റേഷൻ പ്രത്യക്ഷപ്പെടാൻ തുടങ്ങി, കൂർക്കംവലിയും ശ്വസന പ്രശ്നങ്ങളും ഒരു സാധാരണ കാര്യമായി മാറി, എനിക്ക് എപ്പോഴും വിശപ്പായിരുന്നു, നടക്കാന്‍ പോലും പ്രയാസമായി തുടങ്ങി. മാസങ്ങൾക്കുള്ളിൽ ഞാൻ ഏതാണ്ട് 100 കിലോയിലെത്തി ! (കൃത്യമായി പറഞ്ഞാൽ 99.65 കിലോ ഗ്രാം).

എന്റെ ജീവിതശൈലി തന്നെയായിരുന്നു ഇതിന് പിന്നില്‍. മാസങ്ങളായി രാവിലെ 9 മണിക്ക് ഉണരും, ഉറങ്ങുന്നത് പുലർച്ചെ 2 മണിക്ക് ശേഷവും. രാവിലെ 9:30 ആകുമ്പോഴേക്കും ഞാൻ ലാപ്‌ടോപ്പിന് മുന്നിലിരുക്കും, രാത്രി വൈകുവോളം ഓഫീസ് ജോലിയും സമ്മര്‍ദ്ദവും. എന്റെ മാതാപിതാക്കളും ഭാര്യയും എന്റെ ആരോഗ്യത്തെക്കുറിച്ച് വളരെയധികം ആശങ്കാകുലരായിരുന്നു, എന്റെ ജീവിതരീതി മാറ്റണമെന്ന് അവർ നിർബന്ധിച്ചു. തുടക്കത്തിൽ എന്റെ ജീവിതശൈലി മാറ്റുന്നത് എനിക്ക് എളുപ്പമായിരുന്നില്ല. ഞാൻ കുറച്ച് വ്യായാമം ചെയ്യാൻ ശ്രമിച്ചു, പക്ഷേ എന്റെ ശരീരം അതിന് എന്നെ അനുവദിച്ചില്ല. എങ്ങനെയോ, രണ്ടാഴ്ചത്തേക്ക് എനിക്ക് എന്റെ വ്യായാമങ്ങൾ ചെയ്യാൻ കഴിഞ്ഞു, പക്ഷേ എന്റെ ശരീരഭാരം അതേപടി തുടർന്നു, എനിക്ക് എപ്പോഴും തലകറക്കം അനുഭവപ്പെട്ടു. ആ സാഹചര്യത്തിൽ എനിക്ക് നിരാശ തോന്നാൻ അത് ധാരാളം മതിയായിരുന്നു. പെട്ടെന്ന്, ഞാൻ വീണ്ടും എന്റെ പഴയ ദിനചര്യയുടെ അതേ കുഴിയിലേയ്ക്ക് വീണു.

ഒപ്പം കൂട്ടിന് കൊളസ്ട്രോളും!

ഈ നിഷ്ക്രിയ ജീവിതശൈലി മാറ്റാൻ എന്റെ മനസ്സ് എന്നോട് പറഞ്ഞുകൊണ്ടേയിരുന്നു. അങ്ങനെ ഞാൻ എന്റെ ജോലി ഉപേക്ഷിച്ച് പുതിയൊരെണ്ണം കണ്ടെത്തി. അതും ചെന്നൈയിലെ ഒരു ഐടി സ്ഥാപനത്തിൽ തന്നെയായിരുന്നു. എന്തായാലും എന്റെ ജോലി അന്തരീക്ഷം മെച്ചപ്പെട്ടു, പക്ഷേ അപ്പോഴും ആരോഗ്യ പ്രശ്നങ്ങൾ അതേപടി തുടരുന്നു.

അങ്ങനെ പ്രമേഹവും കൊളസ്ട്രോളും പരിശോധിക്കാൻ ഞാൻ അടുത്തുള്ള ലാബിൽ പോയി. എന്റെ കൊളസ്ട്രോൾ അളവ് ഉയർന്നതായി കണ്ടപ്പോൾ ശരിക്കും ഞാൻ ഞെട്ടിപ്പോയി. മോശം കൊളസ്ട്രോളിന്റെ അളവ് വർദ്ധിച്ചു, നല്ല കൊളസ്ട്രോളിന്റെ അളവ് കുറഞ്ഞു, ഞാന്‍ പ്രീ ഡയബറ്റിക്കും ആയിരുന്നു. പെട്ടെന്ന് ഞങ്ങൾ ഒരു ഡോക്ടറുടെ സഹായം തേടി. ഫലം കണ്ടപ്പോൾ, എന്റെ കൊളസ്ട്രോളിന്റെ അളവ് ഉയർന്ന നിലയിലാണെന്ന് ഡോക്ടർ ചൂണ്ടിക്കാട്ടി. ശരിയായ ഭക്ഷണക്രമത്തിലൂടെയും ജീവിതശൈലി മാറ്റങ്ങളിലൂടെയും ഇത് നിയന്ത്രിക്കാൻ കഴിയുമെന്നും നിലവിൽ മരുന്നുകളുടെ ആവശ്യമില്ലെന്നും അദ്ദേഹം ഉറപ്പ് നൽകി. ശരിയായ ഭക്ഷണശീലങ്ങളും വ്യായാമവും ഉപയോഗിച്ച് എന്റെ ജീവിതശൈലി മാറ്റണമെന്നും ഒരു മാസത്തിനുശേഷം അതേ പരിശോധന വീണ്ടും നടത്തണമെന്നും അദ്ദേഹം പറഞ്ഞു. കൊളസ്ട്രോളിന്റെ അളവിൽ പുരോഗതിയില്ലെങ്കിൽ ഒരു മാസത്തിനുശേഷം മരുന്നുകൾ കഴിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം എന്നെ ഓർമ്മിപ്പിക്കുക മാത്രമല്ല, റിപ്പോർട്ടുകൾ പ്രകാരം ഞാൻ അപ്പോഴും അപകട മേഖലയിലാണെന്ന വസ്തുത വീണ്ടും ഊന്നിപ്പറയുകയും ചെയ്തു.

ഡയറ്റും വര്‍ക്കൌട്ടും

അങ്ങനെ ശരീരഭാരം കുറയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചു. പ്രസവ ശേഷം 72 കിലോ ഭാരമായ ഭാര്യയും എന്നോടൊപ്പം ഭാരം കുറയ്ക്കാന്‍ തീരുമാനമെടുത്തു. അവളുടെ പിന്തുണയോടെ ഞങ്ങൾ പതിവായി വ്യായാമം ചെയ്യാൻ തുടങ്ങി. ഞാൻ പിന്തുടരുന്ന മോശം ശീലങ്ങളെല്ലാം എന്താണെന്ന് ഞാൻ മനസ്സിലാക്കി. എന്ത് കഴിക്കണം, ഏറ്റവും പ്രധാനമായി എന്ത് കഴിക്കരുത്, എപ്പോൾ കഴിക്കണം എന്ന് ഞാൻ പഠിച്ചു.

ഷുഗറും എണ്ണയും ഒഴിവാക്കി

പഞ്ചസാരയും വറുത്ത ഭക്ഷണങ്ങളും ഡയറ്റില്‍ നിന്ന് പൂർണ്ണമായും ഒഴിവാക്കി. ഷുഗര്‍ കട്ട് ചെയ്യുമ്പോള്‍ തന്നെ നല്ല വ്യത്യാസം നമ്മുക്കുണ്ടാകും. അതുപോലെ പാലുൽപ്പന്നങ്ങളുടെ ഉപയോഗവും കാര്‍ബോഹൈട്രേറ്റിന്‍റെ അമിത ഉപയോഗവും കുറച്ചു. പഴങ്ങൾ, പച്ചക്കറികൾ, പ്രോട്ടീൻ എന്നിവയുടെ ഉപഭോഗം വർദ്ധിപ്പിച്ചു.

ഞങ്ങൾ അതിരാവിലെ എഴുന്നേൽക്കാൻ തുടങ്ങി. പ്രാർത്ഥന, ധ്യാനം, വ്യായാമം, നടത്തം എന്നിവയുൾപ്പെടെയുള്ള പ്രഭാത കർമ്മങ്ങൾ ചെയ്യാൻ തുടങ്ങി. 10,000 ചുവടുകൾ വേഗത്തിൽ നടക്കുക എന്ന ദൈനംദിന ദൗത്യം ഞങ്ങൾ സ്വയം നിശ്ചയിച്ചു, എല്ലാ ദിവസവും അത് പൂർത്തിയാക്കി. തുടക്കത്തിൽ അത് എളുപ്പമായിരുന്നില്ല, പക്ഷേ ഞങ്ങളുടെ അനുഭവത്തിലൂടെ ജീവിതത്തിൽ 'സ്ഥിരത'യുടെ പ്രാധാന്യം ഞങ്ങൾ മനസ്സിലാക്കി.

ബ്രേക്ക് ഫാസ്റ്റില്‍ പ്രോട്ടീന്‍ അടങ്ങിയ മുട്ട, കടലക്കറി, ഒപ്പം ചപ്പാത്തിയൊ ദോശയോ സാമ്പാറോ ഉണ്ടാകും. ഉച്ചയ്ക്ക് ചോറ് വളരെ കുറച്ച്, വെജ്, പ്രോട്ടീന്‍ അടങ്ങിയ ചിക്കന്‍/ മീന്‍ എന്നിവ ഉള്‍പ്പെടുത്തുമായിരുന്നു. വൈകുന്നേരം ഗ്രീന്‍ ടീ കുടിക്കും. അത്താഴം 7-7.30നുള്ളില്‍ കഴിക്കും. അതും ചപ്പാത്തിയും മുട്ട പോലെ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളായിരിക്കും. 12 മണിക്കൂറിന് ശേഷം മാത്രമായിരിക്കും അടുത്തൊരു ഭക്ഷണം (അതായത് അടുത്ത ദിവസത്തെ പ്രാതല്‍) കഴിക്കൂ. അതുപോലെ വെള്ളം ധാരാളം കുടിക്കുമായിരുന്നു.

 

100ല്‍ നിന്നും 75ലേക്ക്

ആഴ്ചകൾക്കുശേഷം ഞങ്ങളുടെ ശരീരഭാരം കുറയാന്‍ തുടങ്ങി. മാനസികമായും ശാരീരികമായും ഊർജ്ജസ്വലരും ആരോഗ്യവാന്മാരുമായി. ഞാൻ എന്റെ ജോലി സമയം ക്രമീകരിച്ചു, വേഗത്തിലുള്ള നടത്തത്തിനോ ചില ശരീര ചലനങ്ങൾക്കോ വേണ്ടി ജോലിക്കിടെ ഓരോ മണിക്കൂറിലും 5 മിനിറ്റ് ഇടവേള എടുക്കും. മുഖത്തെ പിഗ്മെന്റേഷനുകൾ പതുക്കെ മങ്ങാൻ തുടങ്ങി, കൂർക്കംവലി, ശ്വസന പ്രശ്നങ്ങൾ എന്നിവയും മാറി തുടങ്ങി.

കൃത്യം രണ്ട് മാസത്തിനുള്ളിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം ഞാൻ വീണ്ടും രക്തപരിശോധന നടത്തി. ഫലങ്ങൾ വളരെ പ്രചോദനാത്മകമായിരുന്നു. കൊളസ്ട്രോളിന്റെ അളവ് 258 ൽ നിന്ന് 175 ആയി കുറഞ്ഞു, എന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പൂർണ്ണമായും സാധാരണമായി! ആറ് മാസം കൊണ്ട് ഞാന്‍ 100ല്‍ നിന്നും 75കിലോ ഭാരത്തിലേയ്ക്കെത്തി, അതായത് ഏകദേശം 25 കിലോ കുറച്ചു. ഞങ്ങളുടെ ജീവിതരീതിയിൽ ചെറിയ മാറ്റത്തോടെ ഞങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം വളരെയധികം മെച്ചപ്പെട്ടു, ഇത് ഞങ്ങൾക്ക് ഒരു വലിയ ഉൾക്കാഴ്ചയായിരുന്നു. ഞങ്ങളുടെ ജീവിതകാലം മുഴുവൻ ഇത് തുടരുമെന്ന് ഞങ്ങൾ സ്വയം പ്രതിജ്ഞയെടുത്തു. ഇന്ന് വരെ ഞങ്ങൾ ഈ പാത പിന്തുടരുന്നു. എനിക്ക് നിലവിൽ 75 കിലോ, എന്റെ ഭാര്യയ്ക്ക് 72ല്‍ നിന്നും 52 കിലോ ഭാരത്തിലെത്താന്‍ കഴിഞ്ഞു, അതായത് ഏകദേശം 20 കിലോ അവള്‍ക്ക് കുറഞ്ഞു!

ഈ യാത്രയിൽ നിന്നും ഞമ്മൾ പഠിച്ചത് 'സ്ഥിരതയാണ് വിജയത്തിലേക്കുള്ള താക്കോൽ' എന്നതാണ്. ആദ്യ തിരിച്ചടികൾ നമ്മെ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കുകയും അങ്ങേയറ്റത്തെ ആത്മവിശ്വാസത്തോടെ നമ്മുടെ ലക്ഷ്യത്തിലേക്ക് മുന്നേറുകയും ചെയ്യുക.

 

 

PREV
Read more Articles on
click me!

Recommended Stories

അകാലനര അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍
ഈ വിദ്യകൾ അറിയാമെങ്കിൽ അണ്ടർആം ദുർഗന്ധത്തോട് ബൈ ബൈ! എളുപ്പവഴികൾ ഇതാ