6 വര്‍ഷത്തിന് ശേഷം ജാവേദ് കണ്ടെത്തി; ജീവിതത്തിലെ ഏറ്റവും സുന്ദരമായ അവധിക്കാലം തന്ന ദമ്പതികളെ

By Web TeamFirst Published Jan 20, 2022, 7:13 PM IST
Highlights

കര്‍ശന നിബന്ധനകളോടെയായിരുന്നു കുട്ടിയെ രണ്ട് മാസം ഫോസ്റ്റര്‍ കെയറില്‍ താമസിപ്പിച്ചത്. അതുകൊണ്ട് തന്നെ അവധിക്കാലത്തിന് ശേഷം ജുവനൈല്‍ ഹോമിലേക്ക് മടങ്ങിപ്പോയ ജാവേദുമായി സംസാരിക്കാനോ ബന്ധപ്പെടാനോ കാസിമിനോ ഭാര്യയ്ക്കോ സാധിച്ചിരുന്നില്ല. എന്നാല്‍ ആ പതിനൊന്നുകാരന്‍റെ മനസില്‍ തന്നോട് സ്നേഹത്തോടെ പെരുമാറിയ കുടുംബത്തേക്കുറിച്ചുള്ള ഓര്‍മകള്‍ മാഞ്ഞിരുന്നില്ല. 

11ാം വയസില്‍ ജുവനൈല്‍ ഹോമിലെ (Childrens Home) അവധിക്കാലത്ത്  രണ്ട് മാസത്തേക്ക് ഫോസ്റ്റര്‍ കെയറില്‍ (Foster care) താമസിപ്പിച്ച ആ ദമ്പതികളെ തേടി വര്‍ഷങ്ങള്‍ കഴിഞ്ഞ് ജാവേദ് (Javed) എത്തി. രക്ഷിതാക്കള്‍ ആരെന്നറിയാതെ ജുവനൈല്‍ ഹോമിലെത്തിയ ജാവേദിനെ അവധിക്കാലത്ത് താമസിപ്പിക്കാന്‍ താല്‍പര്യമുള്ള ദമ്പതികളെ തിരഞ്ഞത് അന്നത്തെ കോഴിക്കോട് കളക്ടര്‍ പ്രശാന്തായിരുന്നു (N Prasanth ). കര്‍ശന നിബന്ധനകളോടെയായിരുന്നു കുട്ടിയെ രണ്ട് മാസം ഫോസ്റ്റര്‍ കെയറില്‍ താമസിപ്പിച്ചത്. അതുകൊണ്ട് തന്നെ അവധിക്കാലത്തിന് ശേഷം ജുവനൈല്‍ ഹോമിലേക്ക് മടങ്ങിപ്പോയ ജാവേദുമായി സംസാരിക്കാനോ ബന്ധപ്പെടാനോ കാസിമിനോ ഭാര്യയ്ക്കോ സാധിച്ചിരുന്നില്ല. എന്നാല്‍ ആ പതിനൊന്നുകാരന്‍റെ മനസില്‍ തന്നോട് സ്നേഹത്തോടെ പെരുമാറിയ കുടുംബത്തേക്കുറിച്ചുള്ള ഓര്‍മകള്‍ മാഞ്ഞിരുന്നില്ല.

ഫോസ്റ്റര്‍ കെയറില്‍ സംരക്ഷിച്ചയാളുടെ പേര് കാസിം ആണെന്നതും സ്ഥലപ്പേര് കയില്‍ തുടങ്ങുന്ന പേരുമാണെന്നത് അവന്‍ ഓര്‍ത്തുവച്ചിരുന്നു. സ്വന്തം രക്ഷിതാക്കളെ കണ്ടെത്താനുള്ള പ്രയത്നങ്ങള്‍ പാഴാവുകയും പതിനെട്ട് വയസ് പൂര്‍ത്തിയായതോടെ ജുവനൈല്‍ ഹോമിലെ അന്തേവാസി സ്ഥാനം നഷ്ടമാവുകയും ചെയ്തതിന് പിന്നാലെ കോഴിക്കോടുള്ള വയോജന സംരക്ഷണ കേന്ദ്രത്തില്‍ സഹായിയായി സേവനം ചെയ്യുകയാണ് ജാവേദ്. ബാല്യത്തിലെ മികച്ച ഒരു അവധിക്കാലത്തിന്‍റെ സ്മരണയില്‍ ആ ദമ്പതികളേയും കുടുംബത്തേയും കണ്ടെത്താനായി അവന്‍ ഏറെ അലഞ്ഞു. കുറ്റിപ്പുറത്തെത്തി കാസിം മാസ്റ്ററെ തിരഞ്ഞെങ്കിലും കണ്ടെത്തിയില്ല. അങ്ങനെയാണ് കുറ്റ്യാടിയിലെത്തി ജാവേദ് സലിം മാസ്റ്ററെ തിരിയുന്നത്.

പ്രതീക്ഷകള്‍ അസ്തമിച്ചുവെന്ന് തോന്നിയ ഘട്ടത്തിലാണ് അധ്യാപന ജീവിതത്തില്‍ നിന്ന് വിരമിച്ച ശേഷം പാലിയേറ്റീവ്  കെയര്‍ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന പാതിരിപ്പറ്റ സ്വദേശി കാസിം മാസ്റ്ററെ കണ്ടെത്തുന്നത്. പണ്ട് ഓടിക്കളിച്ച ആ വീട്ടിലേക്ക് ജാവേദ് തിരികെയെത്തി. മുഖത്തെ മാസ്ക്  അഴിച്ചതോടെ പിറക്കാതെ പോയ മകനെ കണ്ട് കാസിമും ഭാര്യയും ആഹ്ളാദത്തിലായി. ഉപ്പായെന്നും ഉമ്മായെന്നും കൂടി ജാവേദ് വിളിച്ചതോടെ കാസിമിനും മനം നിറഞ്ഞു. ഒരു കുഞ്ഞിനോട് കാണിച്ച അനുകമ്പ അവരെ തേടി വര്‍ഷങ്ങള്‍ക്കിപ്പുറം വീട്ടുമുറ്റത്തെത്തിയത് തിരിച്ചറിഞ്ഞ സന്തോഷത്തിലാണ് ഈ കുടുംബമുള്ളത്.

ചേവായൂരിലെ ഉദയം എന്ന വൃദ്ധസദനത്തില്‍ സഹായിയായി നില്‍ക്കുന്ന ജാവേദിന് തുടര്‍ന്ന് പഠിക്കാന്‍ ആഗ്രഹമുണ്ടെന്ന് കാസിം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിച്ചു. എഴുപത് ശതമാനം മാര്‍ക്കോടെ പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയ ജാവേദിനെ പഠനം പൂര്‍ത്തിയാക്കാന്‍ ആരെങ്കിലും മുന്നോട്ട് വരുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബമുള്ളത്. അതിനായി ചില ഏജന്‍സികളുടെ സഹായം തേടി കാത്തിരിക്കുകയാണ് കാസിമും കുടുംബവും.  ജാവേദിന്‍റെ രക്ഷിതാക്കളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ തനിക്ക് ആകെ പരിചയമുള്ള സ്ഥലം കോഴിക്കോടാണ് എന്ന നിലപാടിലാണ് ജാവേദ് കോഴിക്കോട് എത്തിയത്. കഴിഞ്ഞ ആഴ്ചയാണ് ജാവേദ് കാസിം മാസ്റ്ററെയും കുടുംബത്തേയും തേടിയെത്തിയത്. 
 

click me!