മലപ്പുറം അങ്ങാടിപ്പുറത്ത് 32 വർഷമായി ഉപയോഗിക്കുന്ന കിണറ്റിലെ വെള്ളം ഒറ്റ രാത്രികൊണ്ട് പാൽ പോലെ വെളുത്ത നിറത്തിലായി. കാരണം കണ്ടെത്താനായി ആരോഗ്യവകുപ്പ് വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു

മലപ്പുറം: ഒറ്റ രാത്രികൊണ്ട് കിണറിലെ വെള്ളത്തിൻ്റെ നിറം പൂര്‍ണമായും മാറിയതിൽ ആശങ്ക. അങ്ങാടിപ്പുറം വൈലോങ്ങര ചെരക്കാപറമ്പിൽ പാതാരി അബ്ദുല്‍ അസീസിന്റെ വീട്ടുമുറ്റത്തെ കിണറിലാണ് വെള്ളത്തിന് നിറ വ്യത്യാസമുണ്ടായത്. കഴിഞ്ഞ 32 വര്‍ഷമായി ഉപയോഗിക്കുന്ന കിണറ്റിലെ വെള്ളമാണ് ഒരു രാത്രി പുലർന്നപ്പോഴേക്കും നിറംമാറിയതെന്നാണ് കുടുംബം പറയുന്നത്. ഇതിൻ്റെ കാരണം അറിയാൻ വെള്ളത്തിൻ്റെ സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു.

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ ദിവസം വരെ തെളിഞ്ഞ വെള്ളം കിട്ടിയ കിണറ്റില്‍ നിന്നും ഇപ്പോള്‍ കിട്ടുന്ന വെള്ളത്തിന്റെ നിറം വെള്ളയാണ്. പാല്‍ പോലെ വെള്ളത്തിന്റെ നിറം മാറിയതിന്റെ ആശങ്കയിലാണ് കുടുംബം. മണ്ണ് ഖനനം, പാറ ഖനനം എന്നിങ്ങനെ വെള്ളത്തിൻ്റെ നിറം മാറാന്‍ സാദ്ധ്യതയുള്ള കാരണങ്ങളൊന്നും പരിസരപ്രദേശങ്ങളിലില്ല. അബ്‌ദുൾ അസീസിന്റെ മകന്‍ മുഹമ്മദ് അന്‍ഫാലാണ് രാവിലെ വെള്ളത്തിന്റെ നിറം മാറ്റം ശ്രദ്ധിച്ചത്. വിവരം അറിഞ്ഞ വാര്‍ഡ് അംഗം മുബീന തസ്‌നി സ്ഥലത്തെത്തിയ ശേഷം വിവരം ആരോഗ്യ വകുപ്പിനെഅറിയിച്ചു. കൂടുതല്‍ പരിശോധനകള്‍ വേണമെന്നാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥ വീട്ടിലെത്തി കിണറിലെ വെള്ളം കണ്ട ശേഷം വീട്ടുകാരെ അറിയിച്ചത്. തുടർന്ന് വെള്ളത്തിൻ്റെ സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു.

ദൈനംദിന ആവശ്യത്തിനായി അയൽവാസിയുടെ പറമ്പിലെ കിണറിനെയാണ് കുടുംബം ഇപ്പോൾ ആശ്രയിക്കുന്നത്. വെള്ളത്തിൻ്റെ നിറം മാറാനുള്ള കാരണം അറിഞ്ഞ ശേഷം കിണർ മൂടുന്നതടക്കം കാര്യങ്ങളിൽ തീരുമാനമെടുക്കുമെന്ന് കുടുംബം വ്യക്തമാക്കി. കടുത്ത ജലദൗര്‍ലഭ്യം നേരിടുന്ന പ്രദേശത്ത്, വേനലിലും വറ്റാത്ത കിണറാണിത്. ഇത് ഉപയോഗശൂന്യമായാല്‍ കുടിവെള്ളത്തിന് മറ്റ് സൗകര്യങ്ങള്‍ പഞ്ചായത്ത് അധികൃതര്‍ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.