
തിരുവനന്തപുരം: സ്വർണവും പണവും പ്രദർശിപ്പിച്ച് വീഡിയോയിട്ടതിന് പിന്നാലെ യൂട്യൂബറുടെ വീട്ടിലെ 118 പവൻ കവർന്ന സംഭവത്തിൽ നാല് പേർ പിടിയിൽ. ശ്രീവൈകുണ്ഠം സ്വദേശി ഇസക്കി പാണ്ടി (30), മുരുകൻ (28), ആലംകുളം സ്വദേശി മുരുകേശൻ (30), തിമ്മരാജപുരം സ്വദേശി തങ്കപാണ്ടി (39) എന്നിവരെയാണ് തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 98 പവൻ ആഭരണങ്ങൾ പിടിച്ചെടുത്തു. 24-ന് രാത്രിയാണ് നാഗർകോവിലിനു സമീപം തമ്മട്ടുകോണത്ത് വി.ഐ.പി ഗാർഡനിൽ താമസിക്കുന്ന വ്യവസായിയായ വിനോദ് കുമാറിന്‍റെയും യൂട്യൂബർ മധുമിതയുടെയും വീട്ടിൽനിന്ന് 118 പവൻ സ്വർണവും പണവും മോഷണം പോയത്. മധുമിത കഴിഞ്ഞദിവസം പൂജാമുറിയിൽ തങ്ങളുടെ സമ്പത്ത് പ്രദർശിപ്പിച്ചുകൊണ്ടുള്ള ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. കൂടാതെ കുഞ്ഞിനെ നോട്ടുകൾ കൊണ്ട് അഭിഷേകം നടത്തുന്ന വീഡിയോകളും പ്രചരിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് വീട്ടിൽ കവർച്ച നടന്നതെന്ന് പരാതിയിൽ പറയുന്നു.
സിസിടിവികൾ ഉൾപ്പെടെ സ്ഥാപിച്ചിട്ടുള്ള, അതീവ സുരക്ഷാ മേഖലയിൽ താമസിക്കുന്ന ഇവരുടെ വീടിന്‍റെ പിൻവാതിൽ തകർത്താണ് മോഷ്ടാക്കൾ വീട്ടിനുള്ളിൽ പ്രവേശിച്ചത്. തുടർന്ന് രാജഗമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. സിസിടിവിയും, ഫോൺകോളുകളും ഉൾപ്പെടെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പ്രതികളുടെ വിവരം ലഭിച്ചു. കേസുമായി ബന്ധപ്പെട്ട് 160 സിസിടിവി ദൃശ്യങ്ങളും 35 സി.ഡി.ആർ പരിശോധനയും നടത്തി. വിശദമായ അന്വേഷണത്തിനൊടുവിലാണ് നാല് പേരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആറ് മാസമായി മധുമിത പോസ്റ്റ് ചെയ്ത വീഡിയോകൾ കണ്ട ശേഷമാണ് അവർ കവർച്ച ആസൂത്രണം ചെയ്തത്. കാർ ഇല്ലെങ്കിൽ വീട്ടിൽ ആരും ഉണ്ടാകില്ലെന്ന് അവർ ഉറപ്പുവരുത്തിയെന്നും പൊലീസ് പറഞ്ഞു.
ബാക്കി സ്വർണം എന്ത് ചെയ്തെന്നതടക്കം പൊലീസ് പരിശോധിച്ച് വരികയാണ്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും മറ്റ് മോഷണങ്ങളുമായി ബന്ധമുണ്ടോയെന്നും കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. കണ്ടെടുത്ത സ്വർണാഭരണങ്ങൾ മുഴുവനും ഒരേ സ്ഥലത്ത് നിന്നും മോഷ്ടിക്കപ്പെട്ടതാണോ എന്നറിയാൻ ഉടമസ്ഥത സംബന്ധിച്ചും പരിശോധന നടക്കുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam