
കോഴിക്കോട്: വെള്ളത്തിൽ മുങ്ങി താഴുകയായിരുന്ന യുവാവിന് ഏഴാം ക്ലാസുകാരൻ സാഹസിക പ്രയത്നത്തിൽ പുതുജീവൻ. പൂനൂർപ്പുഴയിൽ മുങ്ങിതാഴ്ന്ന യുവാവിന്റെ ജീവൻ രക്ഷിച്ച മുഹമ്മദ് അദ്‌നാനാണ് നാടിൻ്റെ താരമായത്.
തൃക്കരിപ്പൂർ ആയിറ്റിയിൽ കെഎംഎച്ച് ഹൗസിൽ സിദ്ദിഖിനെയാണ് മുഹമ്മദ് അദ്‌നാൻ രക്ഷപ്പെടുത്തിയത്. ന്ന അനുമോൻ എന്നു വിളിക്കുന്ന അദ്നാന്റെ സാഹസികതയും ധൈര്യവുമാണ് ഇന്ന് നാട്ടിലാകെ വാഴ്ത്തുന്നത്.
പുനൂർപ്പുഴയിലെ എരഞ്ഞോണ കുളിക്കടവിൽ അഞ്ചു മീറ്ററോളം ആഴത്തിൽ മുങ്ങിപ്പോയ സിദ്ദിഖിനെ അദ്‌നാൻ പുഴയിലേക്ക് എടുത്തുചാടി ഏറെ പാടുപെട്ടാണ് കരയ്‌ക്കെത്തിച്ചത്. നാട്ടുകാർ പ്രഥമശുശ്രൂഷ നൽകിയതോടെയാണ് തളർന്ന് അവശനായ സിദ്ദിഖ് ജീവൻ്റെ തുടിപ്പ് വീണ്ടെടുത്തത്. അല്പം വൈകിയിരുന്നെങ്കിൽ യുവാവിന് ജീവൻ നഷ്ടമാവുമായിരുന്നെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നത്
എരഞ്ഞോണ ഏരെരക്കൽ പരേതനായ അബ്ദുൽ ഗഫൂർ- റംല ദമ്പതിമാരുടെ മകനാണ് പരപ്പൻപൊയിൽ രാരോത്ത് ഗവ.ഹൈസ്‌ക്കൂൾ വിദ്യാർഥിയായ മുഹമ്മദ് അദ്‌നാൻ. എരഞ്ഞോണയിലുള്ള ഭാര്യാസഹോദരിയുടെ വീട്ടിൽ വിരുന്നിനെത്തിയതായിരുന്നു സിദ്ദിഖ്. തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കുടുംബത്തോടൊപ്പം ഒന്നിച്ച് പുഴ കാണാനായി എരഞ്ഞോണ കടവിലെത്തുകയും പിന്നീട് കുളിക്കാനിറങ്ങുകയുമായിരുന്നു.
താഴ്ചയുള്ള ഭാഗത്തേക്ക് കാൽ വഴുതിയതോടെ നീന്തൽ വശമില്ലാതിരുന്ന സിദ്ദിഖ് മുങ്ങിപ്പോയി. സിദ്ദിഖിന്റെ ഭാര്യയുടെയും മക്കളുടെയും നിലവിളി കേട്ടാണ് സമീപത്തുണ്ടായിരുന്ന മുഹമ്മദ് അദ്‌നാൻ ഓടിയെത്തുന്നതും പുഴയിലേക്ക് എടുത്തുചാടി സിദ്ദിഖിനെ കരയ്‌ക്കെത്തിക്കുന്നതും.
എരഞ്ഞോണ പൗരാവലിയുടെ നേതൃത്വത്തിൽ നടന്ന ആദരിക്കൽ ചടങ്ങിൽ കാരാട്ട് റസാഖ് എംഎൽഎ ഉപഹാര സമർപ്പണം നടത്തി. ധീരതയ്ക്കുള്ള മുഖ്യമന്ത്രിയുടെ പുരസ്‌കാരത്തിന് പരിഗണിക്കാൻ നടപടി ആവശ്യപ്പെട്ട് ഡിവിഷൻ കൗൺസിലർ ഷാനാ നൗഷാജ് എംഎൽഎ.ക്ക് നിവേദനം നൽകി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam