
മലപ്പുറം: മലപ്പുറത്ത് പതിനാലു വയസുകാരൻ ഇരുചക്ര വാഹനം ഓടിച്ചതിന് കുട്ടിയുടെ പിതാവിനും വാഹനം നല്‍കിയ യുവതിക്കും തടവും പിഴയും ശിക്ഷ കിട്ടി. കുട്ടിയുടെ വാപ്പ കല്‍പകഞ്ചേരി അബ്ദുല്‍ നസീര്‍ (55) ന് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് 25000 രൂപ പിഴയായി ശിക്ഷ വിധിച്ചപ്പോള്‍ ബൈക്ക് ഉടമയായ കല്പകഞ്ചേരി ഫൗസിയ (38) ക്ക് 5000 രൂപ പിഴയാണ് ശിക്ഷ ലഭിച്ചത്. ഇരുവർക്കും വൈകീട്ട് അഞ്ചു മണി വരെ തടവ് ശിക്ഷയും കോടതി നൽകി. കോടതിയില്‍ പിഴയൊടുക്കി, അഞ്ച് മണിവരെ തടവ് ശിക്ഷയും അനുഭവിച്ച ശേഷമാണ് ഇരുവരും മടങ്ങിയത്.
2022 സെപ്തംബര്‍ ഒന്നിന് ഉച്ചക്ക് പന്ത്രണ്ടര മണിക്കാണ് കേസിന്നാസ്പദമായ സംഭവം. അയല്‍വാസിയായ യുവതിയുടെ ബൈക്കുമായി പതിനാലുകാരനായ വിദ്യാര്‍ത്ഥി മാമ്പ്ര കടുങ്ങാത്തുകുണ്ട് റോഡിലൂടെ പോകുകയായിരുന്നു. വാഹന പരിശോധന നടത്തുകയായിരുന്ന മലപ്പുറം എന്‍ഫോഴ്‌സ്‌മെന്‍റ് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കുട്ടിയെ കൈകാട്ടി നിര്‍ത്തി നടത്തിയ പരിശോധനയിലാണ് പ്രായപൂര്‍ത്തിയായില്ലെന്നും ലൈസന്‍സില്ലെന്നും കണ്ടെത്തിയത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കുട്ടിയുടെ രക്ഷിതാവിനും ആര്‍ സി ഉടമക്കും എതിരെ 1988 ലെ മോട്ടോര്‍വാഹന വകുപ്പിലെ 180, 199 എ വകുപ്പുകള്‍ പ്രകാരം കേസ്സെടുത്തത്.
അതേസമയം മലപ്പുറത്ത് നിന്നുള്ള മറ്റൊരു വാർത്ത വഴിക്കടവ് ചെക്പോസ്റ്റിൽ വിജിലൻസ് പരിശോധനയിൽ കവറിൽ സൂക്ഷിച്ച 13260 രൂപ കണ്ടെത്തി എന്നതാണ്. വിജിലൻസിന്റെ പരിശോധനകൾക്കിടയിലും കൗണ്ടറിനുള്ളിൽ കൈക്കൂലി പണവും പഴങ്ങൾ അടക്കമുള്ള സാധനങ്ങളും വെച്ച് ഡ്രൈവർമാർ പോയി. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. വഴിക്കടവ് മോട്ടോർ വാഹന വകുപ്പ് ചെക്‌പോസ്റ്റിലായിരുന്നു പരിശോധന. വഴിക്കടവ് മോട്ടോര്‍ വാഹന വകുപ്പ് ചെക്ക് പോസ്റ്റിൽ കൈക്കൂലി വാങ്ങുന്നുവെന്ന വിവരം വിജിലൻസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയ്ക്കായി സംഘം എത്തിയത്.
വഴിക്കടവ് ചെക്പോസ്റ്റിൽ വിജിലൻസെത്തി, പരിശോധനക്കിടയിലും കൈക്കൂലി പണവും പഴങ്ങളും കൗണ്ടറിലെത്തി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam