
മലപ്പുറം: സ്വർണ വ്യാപാരിയായ തമിഴ്നാട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി 19 ലക്ഷം രൂപ കവർന്ന കേസിൽ മുഖ്യപ്രതികൾ പിടിയിൽ. കണ്ണൂർ തില്ലങ്കേരി സ്വദേശികളായ രതീഷ് (30), വരുൺ (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തില്ലങ്കേരിയിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. ഈ കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശികളായ അജ്മൽ (47), ജിഷ്ണു (24), ഷിജു (47) എന്നിവരെയും പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച കണ്ണൂർ സ്വദേശി ജിഷ്ണു (24), തൃശൂർ സ്വദേശി സുജിത് (37) എന്നിവരെയും നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
മധുരയിലെ കാമരാജൻ സാലെയിലെ ജ്വല്ലറി ഉടമയായ ആർ ബാലസുബ്രഹ്മണ്യം മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയതോടെയാണ് അന്വേഷണം തുടങ്ങിയത്. കഴിഞ്ഞ മാർച്ച് 16ന് പുലർച്ചെ 5.12നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജ്വല്ലറിയിലേക്ക് സ്വർണം വാങ്ങാനായി ബാലസുബ്രഹ്മണ്യം പൂക്കോട്ടൂർ അറവങ്കരയിൽ ടൂറിസ്റ്റ് ബസിലെത്തിയപ്പോൾ കണ്ണൂർ സ്വദേശികളായ നാലംഗ സംഘം കവർച്ച നടത്തുകയായിരുന്നു.
തമിഴ്നാട് സ്വദേശി സ്വർണം വാങ്ങാൻ ടൂറിസ്റ്റ് ബസിൽ 19,50,000 രൂപയുമായി വരുന്നുണ്ട് എന്ന് പ്രതികളിലൊരാളായ അജ്മലിന് വിവരം കിട്ടിയിരുന്നു. അജ്മൽ ഈ കാര്യം ജിഷ്ണുമായി ആലോചിച്ചു. ജിഷ്ണു ഷിജു മുഖേന കണ്ണൂരിൽ നിന്നും നാല് പ്രതികളെ പരിചയപ്പെടുത്തി കൊടുത്തു. ഇവരാണ് പണം തട്ടിയെടുത്തത്. കവർച്ച നടത്തിയവരെ രക്ഷപ്പെടുത്താൻ സഹായിച്ച രണ്ടു പേരെയാണ് പൊലീസ് ആദ്യം അറസ്റ്റു ചെയ്തത്. ഇവരിൽ നിന്നുള്ള വിവരം അനുസരിച്ചാണ് ഇന്നോവ കാർ പൊലീസ് പിടിച്ചെടുത്തത്. കാർ കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. തുടർന്നാണ് മറ്റു പ്രതികളെയും പിടികൂടാനായത്. ഈ കേസിൽ മൂന്ന് പ്രതികൾ കൂടി പിടിയിലാകാനുണ്ടന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
ജില്ലാ പൊലീസ് മേധാവി എസ് ശശിധരന്റെയും മലപ്പുറം ഡിവൈഎസ്പി ടി മനോജിന്റെയും നിർദേശ പ്രകാരം മഞ്ചേരി പൊലീസ് ഇൻസ്‌പെക്ടർ കെ എം ബിനീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. എസ് ഐ ബെന്നിപോളാണ് പ്രതികളെ പിടികൂടിയത്. അന്വേഷണ സംഘത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫിസർ അനീഷ് ചാക്കോ, റിയാസ്, സ്‌ക്വാഡ് അംഗങ്ങളായ ഐ കെ ദിനേശ്, മുഹമ്മദ് സലീം, കെ കെ ജസീർ, ഷഹേഷ് രവീന്ദ്രൻ, ശിഫ്ന, കൃഷ്ണദാസ് എന്നിവരും ഉണ്ടായിരുന്നു.
വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയതിന് പിന്നാലെ മോഷണം; 32 പവന്‍റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam