
തൃശൂർ : അതിമാരക സിന്തറ്റിക്ക് മയക്കുമരുന്നായ എംഡിഎംഎ യുമായി കൊലക്കേസ് പ്രതിയുൾപ്പെടെ രണ്ട് യുവാക്കളെ കുന്നംകുളം പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടി. പോർക്കുളം സ്വദേശി കിടങ്ങൻ വീട്ടിൽ ലിസൺ (42), വെസ്റ്റ് മങ്ങാട് സ്വദേശി വടാശേരി വീട്ടിൽ രാകേഷ് (35) എന്നിവരാണ് അറസ്റ്റിലായത്. പെരുമ്പിലാവ് കോട്ടോലിലെ ആളൊഴിഞ്ഞ സ്ഥലത്ത് വാടക വീടെടുത്ത് താമസിച്ച് യുവാക്കൾ, സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് ലഹരിവസ്തുക്കൾ വിൽപ്പന നടത്തിവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിൽ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളിൽ നിന്ന് 11.4 0 ഗ്രാം എംഡിഎംഎ പിടികൂടിയത്. അറസ്റ്റിലായ ലിസൺ വർഷങ്ങൾക്ക് മുമ്പ് അടുപ്പുട്ടി പള്ളി പെരുന്നാൾ ദിവസം ഹരിദാസിനെ ടോർച്ച് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. മുമ്പ് കഞ്ചാവ് കേസിൽ പ്രതിയായ ലിസൺ വിവിധ സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിലും പ്രതിയാണ്.
ലഹരി വസ്തുക്കൾ പിടികൂടുന്നതിനായി മേഖലയിൽ പരിശോധന ശക്തമാക്കിയതായി കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാൻ അറിയിച്ചു. കുന്നംകുളം പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ ജിഷിൽ, സിവിൽ പൊലീസ് ഓഫീസർ ആശംസ്, ജില്ലാ ലഹരിവിരുദ്ധർക്ക് സ്ക്വാഡ് സബ് ഇൻസ്പെക്ടർമാരായ രാകേഷ്, സുവൃതകുമാർ, ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങളായ ശരത്ത്, സുജിത്ത്, ആശിഷ്, ലിഗേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...