മലപ്പുറം ജില്ലയിൽ റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് നടത്തിയ പ്രത്യേക പരിശോധനയിൽ രണ്ടാഴ്ചയ്ക്കുള്ളിൽ 437 നിയമലംഘനങ്ങൾ കണ്ടെത്തി. പിഴയായി 6,30,100 രൂപ ഈടാക്കി. ഹെൽമെറ്റ് ധരിക്കാത്തതിനാണ് ഏറ്റവും കൂടുതൽ പിഴ ചുമത്തിയത്.
മലപ്പുറം: ജില്ലയില്‍ മോട്ടര്‍ വാഹന വകുപ്പ് നടത്തിവരുന്ന റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി പരിശോധനകള്‍ കര്‍ശനമാക്കി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ മാത്രം നിയമലംഘനങ്ങള്‍ക്ക് പിഴയായി 6,30,100 രൂപയാണ് ഈടാക്കിയത്. ഇതില്‍ കാലാവധി കഴിഞ്ഞ വാഹനങ്ങളുടെ ഉപയോഗമുള്‍പ്പെടെയുള്ള റജിസ്‌ട്രേഷന്‍ നിയമലംഘനങ്ങള്‍ക്ക് മാത്രം 83 പേരില്‍ നിന്നായി 2,49,000 രൂപ പിഴ ചുമത്തി. ഈ മാസം 3-ന് ആരംഭിച്ച പ്രത്യേക പരിശോധനയില്‍ 15 ദിവസത്തിനിടെ ആകെ 437 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഹെല്‍മെറ്റ് ധരിക്കാത്തവര്‍ക്കെതിരെയാണ് ഏറ്റവും കൂടുതല്‍ പിഴ ചുമത്തിയത് (97,500 രൂപ). ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് 82,000 രൂപയും, ലൈസന്‍സ് ഇല്ലാത്തവര്‍ക്ക് 45,000 രൂപയും പിഴയിട്ടു. രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള ഡ്രൈവിംഗ്, ഫിറ്റ്‌നസ് ഇല്ലാത്ത വാഹനങ്ങള്‍ എന്നിവയും നടപടിക്ക് വിധേയമായി. പെരിന്തല്‍മണ്ണ സബ് ആര്‍ടിഒ ഓഫീസിന് കീഴിലുള്ള പരിശോധനയില്‍ മാത്രം 219 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.
ഇവയ്ക്ക് 2,76,000 രൂപ പിഴ ചുമത്തി. ഇന്‍ഷുറന്‍സ് ഇല്ലാത്ത 26 വാഹനങ്ങള്‍ക്ക് 54,000 രൂപ പിഴ ചുമത്തി. ഹെല്‍മെറ്റ് ഇല്ലാത്തതിന് 34 കേസുകളിലായി 17,000 രൂപയും നിയമവിരുദ്ധ നമ്പര്‍ പ്ലേറ്റിന് നാല് കേസുകളിലായി 21,000 രൂപയും പിഴയിട്ടു. ഡ്രൈവിങ് ലൈസന്‍ സില്ലാതെ വാഹനമോടിച്ചതിന് ഏഴുപേര്‍ക്ക് 35,000 രൂപ പിഴയിട്ടു. മലിനീകരണ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത 20 വാഹനങ്ങളും കണ്ടെത്തി. ഇവര്‍ക്ക് 40,000 രൂപയാണ് പിഴ. മറ്റ് സബ് ആര്‍ടിഒകള്‍ക്ക് കീഴിലും റോഡ് സേഫ്റ്റി മാസാചരണം നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ബോധവല്‍ക്കരണവും ഡ്രൈവര്‍മാര്‍ക്ക് കണ്ണ് പരിശോധനയും നടത്തുന്നു. സ്‌കൂള്‍, കോളജുകള്‍ കേന്ദ്രീകരിച്ചും ക്ലാസെടുക്കും. ജനുവരി 31 വരെ പരിശോധനയും ബോധവല്‍ക്കരണ പരിപാടികളും തുടരുമെന്ന് അധികൃതര്‍ പറഞ്ഞു.


