മോഷ്ടിച്ച ബൈക്കിൽ കറങ്ങിനടന്ന് ഫോണും പണവും കവർന്നു, നഷ്ടമായ ഫോൺ നമ്പർ പിന്തുടർന്ന് 23കാരനെ പൊക്കി പൊലീസ്

By Web TeamFirst Published May 16, 2024, 1:47 PM IST
Highlights

തമിഴ്നാട്ടിൽ നിന്ന് പണിക്കെത്തിയ മണി കളർകോട് ഭാഗത്തെ ഹോട്ടലിന് മുന്നിൽവെച്ചിരുന്ന പൾസർ ബൈക്കാണ് ആദ്യം കവർന്നത്. മോഷ്ടിച്ച വാഹനമോടിച്ച് ടൗൺ ചുറ്റിയശേഷം പഴവീട് എത്തിയപ്പോഴാണ് മറ്റ് മോഷണങ്ങൾ നടത്തിയത്

ആലപ്പുഴ: മോഷ്ടിച്ച ബൈക്കിൽ കറങ്ങിനടന്ന് വഴി യാത്രക്കാരായ സ്ത്രീകളുടെ മൊബൈൽ ഫോണും പണവും കവർന്ന  ഇതരസംസ്ഥാനക്കാരൻ അറസ്റ്റിൽ. തമിഴ്നാട് തിരുനെൽവേലി പാളയംകോട്ട സുബ്രഹ്മണ്യനെന്ന മണിയെയാണ്  ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാവിലെ 10നാണ് സംഭവങ്ങൾക്ക് തുടക്കം. തമിഴ്നാട്ടിൽ നിന്ന് പണിക്കെത്തിയ മണി കളർകോട് ഭാഗത്തെ ഹോട്ടലിന് മുന്നിൽവെച്ചിരുന്ന പൾസർ ബൈക്കാണ് ആദ്യം കവർന്നത്. മോഷ്ടിച്ച വാഹനമോടിച്ച് ടൗൺ ചുറ്റിയശേഷം പഴവീട് എത്തിയപ്പോഴാണ് രണ്ടാമത്തെ മോഷണം നടന്നത്. 

വഴിയിലൂടെ നടന്നുപോയ ആലപ്പുഴ എ. എൻ പുരം പ്രദീപ്കുമാറിൻറെ ഭാര്യ ഗീതയുടെ പണവും രേഖകളും ഉൾപ്പെടുന്ന ബാഗ് തട്ടിപ്പറിച്ചു. 1800 രൂപയും മൊബൈൽ ഫോണും എ. ടി. എം കാർഡുമാണ് നഷ്ടമായത്. ഉച്ചക്ക് 12.30നായിരുന്നു സംഭവം. ഇതേ ബൈക്കിൽ വെള്ളക്കിണർ ഭാഗത്ത് എത്തിയപ്പോഴാണ് വഴി യാത്രക്കാരി റജുലയുടെ ബാഗ് തട്ടിയെടുത്തത്. സ്റ്റേഡിയം വാർഡിൽ എൽ. ഐ. സി ഓഫിസിന് സമീപം താമസിക്കുന്ന ഷാഹുൽ ഹമീദിൻറെ ഭാര്യ റജുലയുടെ 1000 രൂപയും മൊബൈൽ ഫോണുമാണ് കവർന്നത്. ഉച്ചക്ക് 12.45ഓടെയായിരുന്നു ഈ സംഭവം. 

Latest Videos

ഇരുവരും സൗത്ത് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് സംഭവത്തിൻറെ ചുരുളഴിഞ്ഞത്.  നഷ്ടമായ രണ്ട് ഫോണുകൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ ചുങ്കം ഭാഗത്ത് ടവർ ലൊക്കേഷൻ കാണിച്ചു. തുടർന്ന് പൊലീസ് സംഘമെത്തി 23കാരനായ മണിയെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ കവർച്ച നടത്തിയ തലേന്ന് പഴവീട് ഭാഗത്തെ വർക്ഷോപ്പിൽ നന്നാക്കാൻ കൊണ്ടുവന്ന സ്കൂട്ടറും അപഹരിച്ചതായി ഇയാൾ വെളിപ്പെടുത്തി. ആലപ്പുഴ സനാതനപുരം വാർഡ് ബിനു ആനന്ദിൻറെ ഉടമസ്ഥതയിലുള്ള ബൈക്കാണ് കവർന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!