
തിരുവനന്തപുരം: കിളിമാനൂർ കുന്നുമ്മലിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 90 കിലോ ചന്ദനം പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് ആറാം താനം ദർഭകട്ടക്കാലിൽ വീട്ടിൽ അനിലൻ (65), കുന്നുമ്മൽ പറങ്കിമാംവിള വീട്ടിൽ കൽപക (46), പഴയകുന്നുമ്മേൽ വിളക്കാട്ടുകോണം വൃന്ദ ഭവനിൽ ഷാലിമ (48) എന്നിവരെ പാലോട് വനം വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. സ്വകാര്യവസ്തുവിൽ നിന്ന ചന്ദനമാണ് ഇവരിൽ നിന്നു പിടിച്ചെടുത്തത്. മുറിച്ച് വിൽപന നടത്തരുതെന്നത് അറിയാതെയാണ് പുരയിടത്തിൽ നിന്ന ചന്ദനം മുറിച്ചതെന്ന് വീട്ടുകാർ വനം വകുപ്പിനോട് പറഞ്ഞത്. സാമ്പത്തിക ബുദ്ധിമുട്ടുണ്ടായപ്പോൾ മറ്റ് വഴിയില്ലാതെ വിൽപ്പനയ്ക്ക് ശ്രമിച്ചതാണെന്നും ഇവർ മൊഴി നൽകി. കഷ്ണങ്ങളാക്കി മുറിച്ച നിലയിലായിരുന്നു ചന്ദനം കണ്ടെത്തിയത്. ഇവരെ കോടതി ജാമ്യത്തിൽ വിട്ടു.
45 കിലോ ചന്ദനം കോഴിഫാമിൽ സൂക്ഷിച്ചിരുന്നതുമായി ബന്ധപ്പെട്ട് നജാം, നവാസ്, പ്രമോദ് എന്നിവരെ നേരത്തേ പിടികൂടിയിരുന്നു. നജാമിന്റെ ഉടമസ്ഥതയിലുള്ള കോഴി ഫാമിൽ രണ്ടു ചാക്കുകളിലാക്കി കഴിഞ്ഞ ഒരു മാസമായി സൂക്ഷിച്ചിരുന്ന ചന്ദനം കാറിൽ കയറ്റി കടത്താൻ ശ്രമിക്കുന്നതിനിടെയാണ് വനം വകുപ്പ് നടത്തിയ പരിശോധനയിൽ ഇവർ പിടിയിലായത്. ആറ്റിങ്ങൽ, വർക്കല, പാരിപ്പള്ളി, പള്ളിക്കൽ, കിളിമാനൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ചന്ദന കള്ളക്കടത്ത് വ്യാപകമാണ്. ഇവിടം കേന്ദ്രീകരിച്ച് 7 കേസുകളിലായി 15 പേരെ പിടികൂടിയിട്ടുണ്ട്. പാലോട് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടി നെടുമങ്ങാട് വനം കോടതിയിൽ ഹാജരാക്കി. അനുമതിയില്ലാതെ ചന്ദനമരം മുറിക്കുന്നതോ, സൂക്ഷിക്കുന്നതോ, വിൽക്കുന്നതോ നിലവിൽ കുറ്റകൃത്യമാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam