
കൊച്ചി: കോലഞ്ചേരി ദേശീയപാതയിൽ പുതുപ്പണത്ത് രാത്രി കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് 4 പേർക്ക് പരിക്ക്. 2 സ്ത്രീകൾ ഉൾപ്പടെയുള്ളവർക്കാണ് പരിക്കേറ്റത്. രാത്രി 11 മണിയോടെ യാണ് അപകടം നടന്നത്. ഏഴയ്ക്കരനാട് സ്വദേശി എൽദോസ്, കടമറ്റം സ്വദേശികളായ ശാന്തകുമാരി, അശ്വതി, അശ്വനികുമാർ എന്നിവർക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം..പരിക്കേറ്റവരെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
കണ്ണൂരില്‍ റോഡരികില്‍ നിന്നവരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി, 3 പേര്‍ക്ക് പരിക്ക്
അതേസമയം മാന്നാറിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത പ്രധാന റോഡിലേക്ക് ഏതു നിമിഷവും വീഴാവുന്ന നിലയിൽ മരത്തിന്റെ പകുതി ഒടിഞ്ഞ് നിൽക്കുന്ന ശിഖരം അപകട ഭീതിയുണർത്തുന്നു എന്നതാണ്. തിരുവല്ല - മാവേലിക്കര സംസ്ഥാന പാതയോരത്താണ് മരത്തിന്‍റെ ശിഖരം ഭീഷണിയായി നിൽക്കുന്നത്. ഇവിടെ മാന്നാർ കുറ്റിയിൽ ജംഗ്‌ഷനിൽ കേരള ഗ്രാമീണ ബാങ്കിന് സമീപമുള്ള പ്രധാന റോഡിലേക്ക് ഏതു നിമിഷവും താഴേക്ക് പതിക്കാവുന്ന നിലയിലാണ് പാല മരവും അതിന്‍റെ ശിഖരങ്ങളുമുള്ളത്. കാലപ്പഴക്കത്താൽ ജീർണ്ണാവസ്ഥയിലായ പാല മരത്തിന്റെ ശിഖരം പകുതി ഏറെക്കുറെ ഒടിഞ്ഞ് നിൽക്കുന്ന അവസ്ഥയിലാണ്. മഴയത്ത് ഒരു ശക്തമായ കാറ്റടിച്ചാൽ ഈ മരമോ അതിന്‍റെ ശിഖരമോ താഴേക്ക് പതിച്ചേക്കാം. റോഡിന്റെ ഇരു വശങ്ങളിലുമുള്ള വൈദ്യുത കമ്പികളിലേക്കായിരിക്കും അപകടാവസ്ഥയിലായ വൻ ശിഖരം പതിക്കുക എന്നതാണ് അപകടാവസ്ഥ വർധിപ്പിക്കുന്നത്. നാട്ടുകാരും സമീപത്തെ കച്ചവടക്കാരും അധികൃതരുടെ ശ്രദ്ധയില്പെടുത്തിയെങ്കിലും അത് മുറിച്ച് മാറ്റുന്നതിനുള്ള നടപടികൾ ഒന്നും കൈക്കൊണ്ടിട്ടില്ല. വിദ്യാർഥികളടക്കം നൂറുകണക്കിന് കാൽ നടക്കാരും നിരവധി വാഹനങ്ങളും ഈ മരത്തിനു സമീപത്തുകൂടിയാണ് സഞ്ചരിക്കുന്നത്. മഴയിലും ശക്തമായ കാറ്റിലും മരത്തിന്‍റെ ശിഖരം ഒടിഞ്ഞു വീഴുമെന്ന ഭീതിയിലാണ് ഏവരും. അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് മരത്തിന്റെ ശിഖരം മുറിച്ചുമാറ്റി അപകടത്തിൽ നിന്നും കാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.