
തൊടുപുഴ: ഇടുക്കിയില്‍ കുരങ്ങുകളിലും കാട്ടുപന്നികളിലും കാണപ്പെടുന്ന പേന്‍ പെരുകുന്നു. നെടുങ്കണ്ടത്ത് പേനിന്റെ കടിയേറ്റ 30 പേര്‍ ചികിത്സ തേടി. വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ താമസിയ്ക്കുന്നവര്‍ക്കാണ് പേനിന്റെ കടിയേറ്റത്. നെടുങ്കണ്ടം പഞ്ചായത്തിലെ പൊന്നാമല മേഖലയിലാണ് പേനിന്റെ ആക്രമണം രൂക്ഷമായിരിക്കുന്നത്. വന പ്രദേശത്തോട് ചേര്‍ന്ന കുരുമുളക് തോട്ടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും കുട്ടികള്‍ക്കുമാണ് കടിയേറ്റത്. പലർക്കും ശരീരമാസകലം മുറിവുണ്ടായിട്ടുണ്ട്.
പേനിന്റെ കടിയേറ്റ ഭാഗം ചുവന്ന് തടിയ്ക്കുകയും ഒരാഴ്ചയോളം അസഹ്യമായ ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെയ്യും. ആക്രമണം രൂക്ഷമായ മേഖലയില്‍ പട്ടം കോളനി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി. പേന്‍ കടിയേറ്റവരുടെ വിവരങ്ങളും ആരോഗ്യ സ്ഥിതിയും ശേഖരിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കുരങ്ങുകളിലും കാട്ടുപന്നികളിലും കാണപ്പെടുന്ന ഹാര്‍ഡ് ടിക് ഇനത്തില്‍ പെട്ട പേനുകളാണ് ആക്രമണം നടത്തിയിരിക്കുന്നത്. പേനുകളെ ശേഖരിച്ച് പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രത്തില്‍ പരിശോധന നടത്തി.
കാലാവസ്ഥാ വ്യതിയാനവും വനാതിര്‍ത്തിയോട് ചേര്‍ന്ന പുല്‍മേടുകളിലെ ഭൂപ്രകൃതിയുമാവാം പേനുകള്‍ പെരുകാന്‍ ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അസ്വസ്ഥതയോ പനിയോ അനുഭവപ്പെടുന്ന പ്രദേശവാസികള്‍ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam