
കൊല്ലം: കൊല്ലം ഉമയനല്ലൂരിൽ ഡ്രൈ ഡേയിൽ മദ്യവിൽപ്പന നടത്തിയയാളെ പിടികൂടി. തദ്ദേശ തെരഞ്ഞെടുപ്പ് പ്രമാണിച്ച് രണ്ട് ദിവസം ഡ്രൈ ഡേ നിലനില്‍ക്കുന്ന സാഹചര്യം മുതലാക്കി അനധികൃത മദ്യവിൽപ്പന നടത്തിവന്നയാളാണ് പിടിയിലായത്. ഉമയനല്ലൂർ പറക്കുളം സ്വദേശി സുധീറിനെയാണ് കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തത്. പറക്കുളം എംഇഎസ് സ്കൂളിന് സമീപം മദ്യവിൽപ്പന നടത്തുന്നുവെന്ന് കൊട്ടിയം എസ്എച്ച്ഒ പ്രദീപിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് എത്തിയത്. 20 ലിറ്റർ മദ്യം ഇയാളിൽ നിന്ന് കണ്ടെടുത്തു. അര ലിറ്ററിന്‍റെ 40 കുപ്പികളാണ് ഉണ്ടായിരുന്നത്. വിദേശ മദ്യ ഷോപ്പിൽ നിന്ന് കുറഞ്ഞ വിലക്ക് മദ്യം വാങ്ങി കൂടിയ വിലയ്ക്ക് സ്ഥിരമായി വിൽപ്പന നടത്തിവന്ന ആളാണ് സുധീറെന്ന് പൊലീസ് പറയുന്നു.