
കാസർകോട്: ഉഡുപ്പി കരിന്തളം 400 കെ വി വൈദ്യുത ലൈൻ കടന്ന് പോകുന്നതിന് താഴെയുള്ള വിളകള്‍ക്കും ഭൂമിക്കും മാന്യമായ നഷ്ടപരിഹാരം ലഭിക്കണമെന്ന് കര്‍ഷകർ. സമരം ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി ഇവർ കളക്ടറേറ്റ് മാർച്ച് സംഘടിപ്പിച്ചു. കര്‍ണാടകയിലെ ഉഡുപ്പി മുതല്‍ കാസര്‍കോട് ജില്ലയിലെ കരിന്തളം വരെയാണ് 400 കെ വി വൈദ്യുത ലൈന്‍ സ്ഥാപിക്കുന്നത്. വൈദ്യുതി ലൈൻ കടന്നു പോകുന്നതിന് താഴെയുള്ള വിളകൾക്കും സ്ഥലത്തിനും മാന്യമായ നഷ്ടപരിഹാരം വേണമെന്ന് കർഷകർ ആവശ്യപ്പെടുന്നത്.
നിരന്തരം ആവശ്യം ഉന്നയിച്ചിട്ടും തീരുമാനം ഉണ്ടാകുന്നില്ലെന്നാണ് പരാതി. കൃഷിത്തോട്ടങ്ങളില്‍ അതിക്രമിച്ച് കയറി മാര്‍ക്കിടുന്നത് അടക്കമുള്ള പ്രശ്നങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് പരമ്പരയിലൂടെ പുറത്ത് കൊണ്ട് വന്നിരുന്നു. തുടര്‍ന്ന് കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അധികൃതര്‍ കാസര്‍കോട്ടെ വിവിധ പഞ്ചായത്തുകളില്‍ യോഗം വിളിച്ചു. എന്നാല് ഈ യോഗങ്ങളിലും തീരുമാനമായില്ല. ഇതോടെയാണ് കർഷക രക്ഷാ സമിതി വീണ്ടും സമരവുമായി മുന്നോട്ടുപോകുന്നത്.
കാസര്‍കോട് ജില്ലയില്‍ 50 കിലോമീറ്റര്‍ ദൂരത്തിലാണ് ഉഡുപ്പി- കാസര്‍കോട് 400 കെവി വൈദ്യുത ലൈന്‍ കടന്ന് പോകുന്നത്. 46 മീറ്റര്‍ വീതിയിലാണ് ഈ പവർ ഹൈവേ. വലിയ അളവില്‍ കൃഷി ഭൂമി ഇതോടെ ഉപയോഗ ശൂന്യമാകും. ഭൂമിയുടെ ഉടമസ്ഥാവകാശം മാറ്റുന്നില്ലെന്നും മരങ്ങള്‍ മുറിച്ചുമാറ്റി ചില നിയന്ത്രണങ്ങള്‍ വരുത്തുക മാത്രമാണ് ചെയ്യുകയെന്നുമാണ് ഈ വിഷയത്തിൽ നോഡല്‍ ഓഫീസറിന്‍റെ പ്രതികരണം.
ഇതോടെയാണ് കര്‍ഷകരുടെ ആവശ്യങ്ങള്‍ മുന്നോട്ട് വയ്ക്കാനായി കർഷക രക്ഷാ സമിതി എന്ന പേരില്‍ കൂട്ടായ്മ രൂപീകരിച്ചത്. കൃത്യമായ നഷ്ടപരിഹാരം വേണമെന്നും പദ്ധതിയുമായി ബന്ധപ്പെട്ട ദുരൂഹതകളും ആശങ്കകളും നീക്കണമെന്നും ആവശ്യപ്പെട്ടാണ് കര്‍ഷകര്‍ കൂട്ടായ്മ രൂപീകരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam