ജൂലൈ 26 ന്, നൈജറിലെ പ്രസിഡന്‍ഷ്യല്‍ ഗാര്‍ഡിന്റെ നേതൃത്വത്തിലുള്ള ഒരു സൈനിക സംഘം പ്രസിഡന്‍റ് മുഹമ്മദ് ബാസൂമിനെ തടഞ്ഞുവച്ചു. ജനാധിപത്യരീതിയില്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ എത്തിയ വ്യക്തിയായിരുന്നു മുഹമ്മദ് ബാസൂം
കലാപ ഭൂമിയായ നൈജറില്‍ നിന്ന് ഇന്ത്യക്കാര്‍ എത്രയും വേഗം രാജ്യം വിടണമെന്ന് വിദേശകാര്യ മന്ത്രാലയം അടുത്തിടെ അറിയിച്ചിരുന്നു. വ്യോമമേഖല അടച്ചിട്ടിരിക്കുന്നതിനാല്‍, കരമാര്‍ഗം രാജ്യം വിടാന്‍ ശ്രമിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ അതീവജാഗ്രത പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
എന്താണ് നൈജറില്‍ സംഭവിക്കുന്നത്?
ജൂലൈ 26 ന്, നൈജറിലെ പ്രസിഡന്‍ഷ്യല്‍ ഗാര്‍ഡിന്റെ നേതൃത്വത്തിലുള്ള ഒരു സൈനിക സംഘം പ്രസിഡന്‍റ് മുഹമ്മദ് ബാസൂമിനെ തടഞ്ഞുവച്ചു. ജനാധിപത്യരീതിയില്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ എത്തിയ വ്യക്തിയായിരുന്നു മുഹമ്മദ് ബാസൂം. ഫ്രാന്‍സ്, യുണൈറ്റഡ് സ്റ്റേറ്റ്സ്, ആഫ്രിക്കന്‍ യൂണിയന്‍ എന്നിവര്‍ ബാസും ഭരണകൂടം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അതുണ്ടായില്ല. രണ്ട് ദിവസത്തിന് ശേഷം, പ്രസിഡന്‍ഷ്യല്‍ ഗാര്‍ഡിന്റെ തലവനായ അബ്ദുറഹ്മാന്‍ ചിയാനി സര്‍ക്കാര്‍ ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടു.
നൈജറിലെ പുതിയ സൈനിക ഭരണകൂടത്തിന്റെ തലവനായി ചുമതലയേറ്റതായി പ്രഖ്യാപിച്ചു. ഭരണഘടന സസ്പെന്‍ഡ് ചെയ്യുന്നതായും അറിയിച്ചു. ഫ്രാന്‍സും യൂറോപ്യന്‍ യൂണിയനും ഉടന്‍ തന്നെ കോടിക്കണക്കിന് ഡോളര്‍ വരുന്ന സഹായം നിര്‍ത്തുന്നതായി പ്രഖ്യാപിച്ചു. ആഫ്രിക്കന്‍ രാജ്യങ്ങളുടെ കൂട്ടായ്മ സാമ്പത്തിക ഉപരോധം പുറപ്പെടുവിച്ചു. അമേരിക്ക 100 മില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. സുരക്ഷാ സഹകരണം താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതായും എംബസി ഉദ്യോഗസ്ഥരെ ഭാഗികമായി പിന്‍വലിക്കുന്നതായും പ്രഖ്യാപിച്ചു. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് സമ്മര്‍ദം ഉണ്ടായെങ്കിലുംജനാധിപത്യ സര്‍ക്കാരിന് അധികാരം തിരിച്ചേല്‍പ്പിക്കാന്‍ പട്ടാളം തയാറായില്ല.
പുറത്താക്കപ്പെട്ട പ്രസിഡന്‍റ് മുഹമ്മദ് ബാസുമിനെ രാജ്യദ്രോഹ കുറ്റത്തിനും രാജ്യ സുരക്ഷ അപകടത്തില്‍ ആക്കിയതിനും വിചാരണ ചെയ്യുമെന്ന് പട്ടാള ഭരണകൂടം അറിയിച്ചിരിക്കുകയാണ്. ബാസുമിന്റെ സ്വദേശികളും വിദേശികളുമായ സുഹൃത്തുക്കളെയും വിചാരണ ചെയ്യും. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ യുറോപ്പുമായും അമേരിക്കയുമായും നല്ല നയതന്ത്ര ബന്ധം സൂക്ഷിക്കുന്ന രാജ്യമാണ് നൈജര്‍. ആഫ്രിക്കന്‍ മേഖലയില്‍ അമേരിക്കയുടെ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നൈജര്‍ വലിയ പങ്കാളിയാണ്.
നൈജറിന്റെ ചരിത്രത്തിലേക്ക് നോക്കിയാല്‍ പട്ടാള അട്ടിമറികള്‍ ഒരു പുതുമയല്ല എന്ന് മനസിലാക്കാം. ഫ്രഞ്ച് കോളനിയായിരുന്ന നൈജറിന് 1960ലാണ് സ്വാതന്ത്ര്യം ലഭിക്കുന്നത്. സ്വാതന്ത്ര്യാനന്തരം പ്രശ്‌നങ്ങള്‍ നേരിട്ട നൈജറില്‍ 1974 നും 2010 നും ഇടയില്‍ മാത്രം നാല് സൈനിക അട്ടിമറികളാണ് നടന്നത്. ആഫ്രിക്കന്‍ ഭൂഗണ്ഡത്തില്‍ ലാന്‍ലോക്കായി കാണുന്ന രാജ്യമാണ് നൈജര്‍. ഈ വരണ്ട രാജ്യത്ത് ഏകദേശം 2.5 കോടിയോളമാണ് ജനസംഖ്യ. കൃഷിയെ ആശ്രയിച്ച് കഴിയുന്ന നൈജര്‍ ലോകത്തിലെ തന്നെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നാണ്. കാലാവസ്ഥാ വ്യതിയാനം കാരണമുള്ള പ്രശ്നങ്ങള്‍ നേരിടുന്ന നൈജര്‍ ദശാബ്‍ദങ്ങളായി മാനവ വികസന സൂചികയില്‍ വളരെ പിന്നിലാണ്. ഇങ്ങനെ ഒക്കെ ആണെങ്കിലും നൈജറില്‍ വലിയ സ്വര്‍ണ്ണ നിക്ഷേപമുണ്ട്.

ലോകത്തുള്ള യുറേനിയത്തിന്റെ 5-7 ശതമാനവും നൈജറിലാണ്. ആഫ്രിക്കയില്‍ ബുര്‍ക്കിന ഫാസോ, ചാഡ്, മലി, മൗറിറ്റാനിയ, നൈജര്‍, സെനഗല്‍ എന്നീ ആറ് രാജ്യങ്ങള്‍ ചേരുന്ന പ്രദേശത്തെ സഹേല്‍ മേഖല എന്നാണ് വിളിക്കുന്നത്. ഫ്രാന്‍സില്‍ നിന്നും സ്വാതന്ത്ര്യം നേടിയ ശേഷം ഈ രാജ്യങ്ങളില്‍ രാഷ്ട്രീയ അസ്ഥിരത, വംശീയ കലാപങ്ങള്‍ പ്രകൃതി വിഭവങ്ങളുടെ നിയന്ത്രണത്തിന് വേണ്ടി അക്രമങ്ങള്‍ എന്നിവ സ്ഥിരമായ സംഭവിക്കുന്നു. അഴിമതിയില്‍ മുങ്ങിക്കുളിച്ച ഈ രാജ്യങ്ങളില്‍ സർക്കാരുകള്‍ ദുര്‍ബലമാണ്.
ഇങ്ങനെയൊക്കെ അനവധി പ്രശ്‌നങ്ങള്‍ ഉള്ള നൈജറില്‍ 2011ല്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച് മഹമദൗ ഇസൗഫൗ അധികാരത്തിലെത്തി. രണ്ട് ടേം അദ്ദേഹം പ്രസിഡന്‍റ് സ്ഥാനത്ത് തുടര്‍ന്നു. ഇക്കാലത്ത് നൈജറില്‍ രാഷ്ട്രീയ സ്ഥിരത വന്നതായി വിലയിരുത്തലുകള്‍ ഉണ്ടായി. ഭരണഘടന പ്രകാരം നൈജറില്‍ രണ്ട് തവണയാണ് ഒരാള്‍ക്ക് പ്രസിഡന്‍റ് സ്ഥാനത്ത് തുടരുവാന്‍ സാധിക്കുക.
2021-ല്‍ രണ്ടാം ടേം പൂര്‍ത്തിയാക്കിയതിന് ശേഷം സ്ഥാനമൊഴിയാന്‍ ഇസൗഫൗ സമ്മതിച്ചപ്പോള്‍ നൈജറിന്റെ ചരിത്രത്തിലെ ജനാധിപത്യപരമായ അധികാര കൈമാറല്‍ നടന്നു. അദ്ദേഹത്തിന്റെ ക്യാബിനറ്റില്‍ മന്ത്രി ആയിരുന്ന ബാസൂം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ അധികാരത്തില്‍ എത്തിയ മുഹമ്മദ് ബാസൂമിനെയാണ് പട്ടാളം ഇപ്പോള്‍ പുറത്താക്കിയിരിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം നൈജറില്‍ പട്ടാളം വീണ്ടും അധികാരം പിടിച്ചെടുത്തിരിക്കുകയാണ്. പട്ടാള അട്ടിമറികള്‍ തുടര്‍ച്ചയാകുന്ന ആഫ്രിക്കന്‍ ബെല്‍റ്റിലാണ് നൈജറിന്റെ സ്ഥാനം. സമീപ രാജ്യങ്ങളായ ചാഡിലും സുഡാനിലും 2021ല്‍ സൈന്യം അട്ടിമറി നടത്തി. മലി, ബുര്‍ക്കിന ഫാസോ, ഗിനിയ എന്നിവിടങ്ങളില്‍ 2021 ലും 2022 ലുമായി പട്ടാളം അധികാരം പിടിച്ചെടുത്തു. ഇതൊരു തുടര്‍ച്ചയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. പട്ടാളം അട്ടിമറി നടത്തിയതിന് പിന്നില്‍ വിവിധ കാരണങ്ങള്‍ ഉളളതായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
1 മുഹമ്മദ് ബാസൂമിന്റെ എത്തിനിസിറ്റി ചോദ്യം ചെയ്യപ്പെടുന്നുണ്ട്. അറബ് വംശജനായ ബാസൂമിനെ വിദേശി എന്ന നിലയിലാണ് നൈജറിലെ മറ്റു വിഭാഗങ്ങള്‍ പരിഗണിച്ചത്. ഇത് പട്ടാളത്തിലും പ്രതിഫലിച്ചു.
2 നൈജറിനെ പാശ്ചാത്യ രാജ്യത്തെ സൈന്യങ്ങള്‍ ഒരു ബേസ് ആക്കി മാറ്റുന്നതിനെ പട്ടാളം എതിര്‍ക്കുന്നു. പാശ്ചാത്യ രാജ്യങ്ങളുടെ ആഫ്രിക്കയിലെ തീവ്രവാദ വിരുദ്ധ ഓപ്പറേഷനുകളുടെ താവളം നൈജറാണ്.
3 നൈജറിലെ ധാതുക്കളും ലോഹങ്ങളും വിദേശ രാജ്യങ്ങള്‍ ചൂഷണം ചെയ്യുന്നതായി പട്ടാളം കരുതുന്നു. യുറേനിയം ഖനനത്തില്‍ ഫ്രാന്‍സ് വലിയ നിക്ഷേപം നടത്തിയിട്ടുണ്ട്.
4 തീവ്രവാദ സംഘടനകളുടെ സാന്നിധ്യവും ഭരണകൂടത്തെ അട്ടിമറിക്കുന്നതില്‍ സ്വാധീനിച്ചതായി പറയപ്പെടുന്നു.
5 റഷ്യന്‍ കൂലിപ്പട്ടാള മായ വാഗ്നറിന്‍റെ സാന്നിധ്യം ഇവിടെ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. അട്ടിമറിക്ക് ശേഷം ജനങ്ങള്‍ റഷ്യന്‍ പതാക ഏന്തിയാണ് നിരത്തില്‍ പ്രകടനം നടത്തിയത്.
ഇനി എന്താണ് സഹല്‍ മേഘലയില്‍ ഉണ്ടാകുവാന്‍ പോകുന്നത് എന്ന ആശങ്ക പാശ്ചാത്യ രാജ്യങ്ങള്‍ക്കുണ്ട്. റഷ്യ പക്ഷത്തേക്ക് നൈജര്‍ മാറുമോ എന്നാണ് അവര്‍ ഭയക്കുന്നത്. യുറേനിയത്തിന്റെ കാര്യത്തില്‍ ലോകത്തിലെ ഏഴാമത്തെ വലിയ ഉല്‍പ്പാദകരാണ് നൈജര്‍. ഇത് പ്രധാനമായും കയറ്റുമതി ചെയ്യുന്നതാകട്ടെ യുറോപ്പിലേക്കുമാണ്. നൈജറിലെ സൈനിക നടപടി അതുകൊണ്ട് തന്നെ യുറോപ്പില്‍ ഊര്‍ജ ആശങ്കകള്‍ ഉണ്ടാക്കുന്നുണ്ട്.
