
കല്‍പ്പറ്റ: മരം മുറിക്കുന്നതിനിടെ മരക്കൊമ്പ് ദേഹത്തു വീണ് യുവാവിന് ദാരുണാന്ത്യം. മര വ്യാപാരി കൂടിയായ താഴെ അരപ്പറ്റ പേരങ്കില്‍ പ്രശാന്ത് എന്ന കുട്ടന്‍ (42) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ മുക്കംകുന്നില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തായിരുന്നു അപകടം. മുറിച്ച മരം മറ്റൊരു മരത്തിലേക്കു വീഴുകയും ആ മരത്തിന്റെ കൊമ്പ് പൊട്ടി പ്രശാന്തിന്റെ ദേഹത്തേക്ക് വീഴുകയുമായിരുന്നു. ഗുരുതര പരുക്കേറ്റ പ്രശാന്തിനെ വിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പേരങ്കില്‍ പത്മനാഭന്റെയും ദേവകിയുടെയും മകനാണ്. ഭാര്യ: നിധില. മകള്‍: ഋതുനന്ദ. സഹോദരങ്ങള്‍: സുനില്‍ ദത്ത് (ആരോഗ്യ വകുപ്പ്), പ്രമോദ് -(സിആര്‍പിഎഫ്). സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പില്‍ നടക്കും.
മറ്റൊരു സംഭവത്തിൽ ഗുരുവായൂര്‍ ചൊവ്വല്ലൂര്‍പ്പടി കെ.ബി.എം. റോഡില്‍ മരം വീണ് 19 വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞുവീണു. വൈദ്യുതി ലൈനുകള്‍ക്ക് അടിയില്‍പ്പെട്ട ഓട്ടോറിക്ഷയില്‍നിന്ന് ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വല്ലൂര്‍പ്പടി സെന്റ് ജോണ്‍സ് സ്‌കൂളിനു മുന്നില്‍ മനയില്‍ കൃഷ്ണാനന്ദന്റെ വീട്ടുവളപ്പിലെ മാവിന്റെ കൊമ്പാണ് ഒടിഞ്ഞു വീണത്. കെ.എസ്.ഇ.ബി. ജീവനക്കാര്‍ സ്ഥലത്തെത്തി. വൈദ്യുതി ബന്ധം വിച്‌ഛേദിച്ച് മരം മുറിച്ചു നീക്കാനുള്ള ശ്രമത്തിനിടെ മാവിന്റെ വലിയൊരു കൊമ്പു കൂടി ഒടിഞ്ഞുവീണു. ഈ സമയം ലൈന്‍മാന്‍ കലേഷ് മരത്തിന് താഴെ നിന്നിരുന്നു. ശബ്ദം കേട്ട് ഓടി മാറിയതിനാല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam