'ഛർദിലും ചോരയും ശരീരം മുഴുവനായിട്ടും അയാളെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് അവനിരുന്നു': ഹൃദയംതൊടും കുറിപ്പ്

Published : Dec 11, 2023, 09:37 AM ISTUpdated : Dec 11, 2023, 10:11 AM IST
'ഛർദിലും ചോരയും ശരീരം മുഴുവനായിട്ടും അയാളെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് അവനിരുന്നു': ഹൃദയംതൊടും കുറിപ്പ്

Synopsis

മകനെക്കുറിച്ചു ഓർത്തു അഭിമാനിക്കാനുണ്ടായ ഒരു സംഭവം. ഒരു മനുഷ്യ ജീവൻ തിരിച്ചു കിട്ടിയതിന്റെ കാരണക്കാരനായതില്‍ വലിയ ആഹ്ലാദവും അഭിമാനവുമുണ്ടെന്നും കിഷോര്‍ കുമാര്‍

കൊച്ചി: അപകടത്തില്‍ പരിക്കേറ്റ് രക്തം വാര്‍ന്ന് റോഡില്‍ കിടന്നയാളെ ആശുപത്രിയിലെത്തിച്ച അനുഭവം പങ്കുവെച്ച് മുന്‍ വോളിബോള്‍ താരവും കോച്ചുമായ കിഷോര്‍ കുമാര്‍. സംഭവ സ്ഥലത്തുണ്ടായിരുന്നവര്‍ കൂടെ വരാന്‍ തയ്യാറാകാതിരുന്നപ്പോള്‍ മകന്‍ ഒപ്പം നിന്നതിനെ കുറിച്ചാണ് കിഷോര്‍ ഫേസ് ബുക്കില്‍ കുറിച്ചത്. മകന്‍ ഇന്ദ്രദത്ത് അപകടത്തില്‍പ്പെട്ടയാളെ ചേര്‍ത്തുപിടിച്ച് കാറിന്‍റെ പിന്‍സീറ്റിലിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ അയാള്‍ മകന്‍റെ മുഖത്തൊഴികെ മറ്റെല്ലായിടത്തും ഛർദിച്ചു. ആ ഛർദിലും ചോരയും ശരീരം മൊത്തമായിട്ടും ഒരു ഭാവവ്യത്യാസവുമില്ലാതെ ഒരു പരിചയവുമില്ലാത്ത ഒരാളെ നെഞ്ചിനോട് ചേര്‍ത്തുപിടിച്ച് മകനിരുന്നുവെന്ന് കിഷോര്‍ കുമാര്‍ ഫേസ് ബുക്കില്‍ കുറിച്ചു.

പരിക്കേറ്റയാളുടെ മകനും ഒപ്പമുണ്ടായിരുന്നു. ആശുപത്രിയില്‍ എത്തിയപ്പോഴേക്കും പരിക്കേറ്റയാളുടെ കുടുംബത്തെ അങ്ങോട്ട് വിളിച്ചുവരുത്തി. വലിയ വൃത്തിക്കാരനായ മകനോട് ഛർദിലും ചോരയും ആയതില്‍ വിഷമമുണ്ടോ എന്ന് ചോദിച്ചു. ഇപ്പോള്‍ ഈ ശരീരത്തിലുള്ള ഛർദിലും ചോരയും അറപ്പ് തോന്നുന്നേ ഇല്ല. അച്ഛൻ വിഷമിക്കണ്ടെന്ന് അവന്‍ പറഞ്ഞു. വീട്ടിൽ പോയി അവന്‍ കുളിച്ചു. ആ രാത്രി തന്നെ വണ്ടിയും കഴുകി. കുറച്ചു ദിവസങ്ങൾക്കു ശേഷം അയാളുടെ പരിക്ക് ഭേദമായി. മകനെക്കുറിച്ചു ഓർത്തു അഭിമാനിക്കാനുണ്ടായ ഒരു സംഭവം. ഒരു മനുഷ്യ ജീവൻ തിരിച്ചു കിട്ടിയതിന്റെ കാരണക്കാരനായതില്‍ വലിയ ആഹ്ലാദവും അഭിമാനവുമുണ്ടെന്നും കിഷോര്‍ കുമാര്‍ ഫേസ് കുറിച്ചു.

കുറിപ്പിന്‍റെ പൂര്‍ണരൂപം

ഇത് എന്റെ മകൻ. പേര് ഇന്ദ്രദത്ത്. ഞങ്ങൾ കിച്ചു എന്ന് വിളിക്കും. കുറച്ചുദിവസം മുൻപ് ഞങ്ങൾ വൈകുന്നേരം പ്രാക്ടീസ് ചെയ്യുവാൻ നിക്കറും ബനിയനുമിട്ടു പ്രാക്ടീസ് ഡ്രെസിൽ കാറുമെടുത്തു പോകുകയായിരുന്നു. വീടിന്റെ അടുത്ത് തന്നെ മെയിൻ റോഡിലേക്ക് കയറുമ്പോൾ ചെറിയ ഒരാൾക്കൂട്ടം. പെട്ടെന്ന് വണ്ടി സൈഡ് ആക്കി ഞാനും മോനും ഓടിച്ചെന്നു. ഒരാൾ തല പൊട്ടി റോഡിൽ കിടക്കുന്നു. തൊട്ടരികിൽ ഒരു പയ്യൻ രണ്ടു കയ്യിലും ചോര ഒലിപ്പിച്ചു കരഞ്ഞു കൊണ്ടിരിക്കുന്നു. അച്ഛനും മകനുമാണെന്നു തോന്നി. എന്തോ ബൈക്ക് ആക്സിഡന്റ് ആണെന്ന് തോന്നുന്നു. ഹെൽമെറ്റ് തലയിൽ നിന്നൂരി തെറിച്ചു പോയിരിക്കുന്നു. ജീവൻ ഉണ്ടോ ഇല്ലയോ എന്ന് ഒരു പിടിയും കിട്ടുന്നില്ല. ഞാൻ പറഞ്ഞു എല്ലാവരും ഒന്ന് പിടിച്ചേ. ഹോസ്പിറ്റലിൽ കൊണ്ട് പോകാം. കൂടി നിന്നവരെല്ലാവരും കൂടി എന്റെ കാറിലേക്ക് കയറ്റി. കൂടെ ആരും വന്നില്ല. ഞാനും മകനും കൊണ്ട് പൊക്കോളാം എന്ന് പറഞ്ഞു.

ഞാൻ മകനോട് പറഞ്ഞു ആളെ മുറുക്കി കെട്ടിപിടിച്ചു ഇരിക്കണം. എന്ത് വന്നാലും വിടരുത്. എന്തെങ്കിലും സംഭവിച്ചാൽ പോലും പേടിക്കാതെ പിടിച്ചോണം. അയാളുടെ മകനെ ഫ്രണ്ട് സീറ്റിലിരുത്തി. ലൈറ്റുമിട്ടു കോലഞ്ചേരി മെഡിക്കൽ കോളേജ് ലക്ഷ്യമാക്കി ഒരൊറ്റപറക്കൽ. പോകുന്ന പോക്കിൽ പരിക്ക് പറ്റിയ ആളുടെ മകനോട് പറഞ്ഞു വീട്ടിൽ ആരെയെങ്കിലും വിളിക്കാൻ. പയ്യൻ ഭയങ്കര കരച്ചിൽ. വിളിച്ചു കിട്ടി. ഞാൻ ആരാണെന്നു ചോദിച്ചു അവന്റെ അമ്മയാണെന്ന് പറഞ്ഞു. ഞാൻ അവരോടു ഒരു ചെറിയ ആക്സിഡന്റ് ഉണ്ടെന്നും കോളേജിലേക്ക് ഉടൻ വരണമെന്നും പറഞ്ഞു. അവർ പരിഭ്രാന്തയായി. ഞാൻ പറഞ്ഞു മകനോട് സംസാരിച്ചോളാൻ. എന്നിട്ടു അവനോടു കരയാതെ സംസാരിക്കാൻ പറഞ്ഞു. അപ്പോൾ അച്ഛനെവിടെ എന്ന് ചോദിച്ചു. അച്ഛന് പുറകില് ഇരിപ്പുണ്ടെന്നു പയ്യനെക്കൊണ്ട് പറയിപ്പിച്ചു  എന്നിട്ടു കോലഞ്ചേരിക്ക് പറ പറന്നു.

കുറച്ചു ദൂരം കഴിഞ്ഞപ്പോൾ അയാൾ ഒരു പ്രത്യേക ഏമ്പക്കം വിട്ടു തുടങ്ങി. പിന്നേ ഭയങ്കര ഛർദി. മകന്റെ മുഖത്ത് അല്ലാതെ എല്ലായിടത്തും ഛർദിച്ചു. എന്നിട്ടും ആ ഛർദിലും മുഴുവൻ ചോരയും ശരീരം മൊത്തമായിട്ടും ഒരു ഭാവ വ്യത്യാസമില്ലാതെ നെഞ്ചിനോട് ഒരു പരിചയവുമില്ലാത്ത ഒരാളിനെ ചേർത്ത് പിടിച്ചു കൊണ്ടിരിക്കുന്ന അവന്റെ മുഖം ആ കണ്ണാടിയിലൂടെ ഞാൻ കണ്ടത് ഇപ്പോഴും ഓർക്കുന്നു. ഞാൻ പറഞ്ഞു മോനെ അയാളെ നോക്കണ്ട. അയാൾക്ക്‌ എന്ത് സംഭവിച്ചാലും മോൻ ധൈര്യമായിട്ടിരിക്കണം. ഇല്ലച്ഛാ. അച്ഛന് ധൈര്യമായിട്ടു വണ്ടി വിട്ടോ. അങ്ങനെ ഹോസ്പിറ്റലിൽ എത്തി. ഐസിയുവിൽ കയറ്റി. അപ്പോൾ ഒരമ്മയും ഒരു മകളും അവിടെ കാത്തിരിക്കുന്നുണ്ടിയിരുന്നു. ഞാൻ എന്റെ ഫോൺ നമ്പർ ഹോസ്പിറ്റലുകാർക്കു കൊടുത്തു. അവിടെ ആളുണ്ടെന്ന് ഉറപ്പാക്കി ഞാനും മകനും വീട്ടിലേക്കു തിരിച്ചു പോന്നു. ഇന്നോവ കാർ നിറച്ചും ഛർദിലും ചോരയും. കാർ കഴുകിയാൽ ഓക്കേ.

വലിയ വൃത്തിക്കാരനായ അവനെ നോക്കി ഞാൻ ചോദിച്ചു മോന് ഛർദിലും ചോരയും ആയിട്ട് വിഷമമുണ്ടോ എന്ന്. ഇല്ലച്ഛാ ഇപ്പൊ ഈ ശരീരത്തിൽ കിടക്കുന്ന ഛർദിലും ചോരയും എനിക്കറപ്പ് തോന്നുന്നേ ഇല്ല. അച്ഛൻ വിഷമിക്കണ്ട. വീട്ടിൽ പോയി അവനും കുളിച്ചു. ആ രാത്രി തന്നെ വണ്ടിയും കഴുകി. അന്ന് രാത്രിയും പിറ്റേന്നും എല്ലാ ദിവസവും അവരുടെ ഭാര്യ വിവരങ്ങൾ വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു. അവരുടെ ഭാര്യ ഒരു സ്കൂൾ ടീച്ചർ ആയിരുന്നു . അവരുടെ സ്‌കൂളിൽ സ്പോർട്സ് ഡേയ്ക്ക് ഞാൻ ചീഫ് ഗസ്റ്റ് ആയി പോയപ്പോൾ മുതൽ എന്നെ അറിയാം എന്നും പറഞ്ഞു.

എന്തായാലും കുറച്ചു ദിവസങ്ങൾക്കു ശേഷം അവർ പൂർണ സുഖമായെന്നും ഡിസ്ചാർജ് ആയെന്നും അവരുടെ ഭാര്യ വിളിച്ചു പറഞ്ഞപ്പോൾ അതറിഞ്ഞ ഉടനെ ഞാൻ പയ്യനോട് ഈ വിവരം പറഞ്ഞു . ഒരു ചെറുപുഞ്ചിരിയോടൊപ്പം ആ വലതു കൈ മടക്കി പുറകോട്ടൊരു വലി വലിച്ചു.. യെസ് എന്നൊരു സൗണ്ടും.

മകനെക്കുറിച്ചു ഓർത്തു അഭിമാനിക്കാനുണ്ടായ ഒരു സംഭവം. അതേപൊലെ ഒരു മനുഷ്യ ജീവൻ തിരിച്ചു കിട്ടിയതിന്റെ കാരണക്കാരനായതിന്റെ വലിയ ഒരു ആഹ്ലാദവും. സന്തോഷം.. അഭിമാനം..

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നൈറ്റ് വാച്ചർ ഡ്യൂട്ടിയിൽ, സിസിടിവി ഓഫാക്കി, കായംകുളം നഗരസഭയിൽ മോഷണശ്രമം, ഫയലുകൾ പരിശോധിച്ചതായി സംശയം
പത്തനംതിട്ട‌ തെള്ളിയൂരിൽ പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി