
ചേർത്തല: ആലപ്പുഴയിൽ അവശനിലയിലായിരുന്ന അംഗപരിമിതൻ പെട്രോൾ ഒഴിച്ച് സ്വയം തീകൊളുത്തി മരിച്ചു. ചേർത്തലയിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി ഷാജി (51) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ടോടെ പട്ടണക്കാട് പഞ്ചായത്ത് എട്ടാം വാർഡ് പുതിയകാവ് താമരശേരി ചിപ്പിയുടെ വീടിനുസമീപം എത്തിയ ഷാജി കൈയിലുണ്ടായിരുന്ന പെട്രോളൊഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നു. ഉടൻതന്നെ പ്രദേശവാസികൾ ചേർന്ന് ഇയാളെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ ആറ് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
കോട്ടയത്ത് നവകേരള സദസിൽ ഷാജി ഡ്രൈവറായി ജോലിക്ക് പോയപ്പോൾ രാത്രിയിൽ ഉറങ്ങിയ സ്ഥലത്തുവച്ച് വലതുകാലിൽ എലി കടിക്കുകയും മുറിവ് വ്രണം ആവുകയും തുടർന്ന് കഴിഞ്ഞ ജൂണിൽ കോട്ടയം മെഡിക്കൽ കോളജിൽ മുട്ടനുമുകളിൽ വച്ച് കാലു മുറിക്കുകയും ചെയ്തു. ചിപ്പിയുടെ മാതാവ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചാണ് ഷാജിയെ പരിചയപ്പെടുകയും ചേർത്തലയിൽ വാടക വീട് ശരിയാക്കി കൊടുക്കുകയും ചെയ്തത്. പിന്നീട് വാടകവീട് വെള്ളക്കെട്ടിലായതിനെത്തുടർന്ന് ഷാജി നഗരത്തിലെ വുഡ്‌ലാൻഡ് ലോഡ്ജിലേക്ക് താമസം മാറ്റി.
അംഗപരിമിതൻ വരുമാനമില്ലാതെ ലോഡ്ജിൽ കിടക്കുന്ന വിവരം വാർത്തയായപ്പോൾ മന്ത്രി പി പ്രസാദ് ഇടപെടുകയും തിരുവനന്തപുരം ഗാന്ധിഭവൻ സംരക്ഷണം ഏറ്റെടുക്കുകയും ചെയ്തു. തുടർ ചികിത്സയ്ക്കായി തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ, ആശുപത്രിയുമായി പൊരുത്തപ്പെട്ട് പോകാൻ കഴിയാതെ വന്നപ്പോൾ ലീഗൽ സർവീസ് അഥോറിറ്റിയുടെ പ്രത്യേക അനുവാദം വാങ്ങിയാണ് പട്ടണക്കാട് വീട്ടിലേക്ക് വന്നതെന്ന് പറയുന്നു. പട്ടണക്കാട് പോലീസ് കേസെടുത്തു.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)