
കോഴിക്കോട് : ഓടിക്കൊണ്ടിരുന്ന കാർ പിന്തുടർന്ന് തടഞ്ഞ് നിർത്തി കാറിന്റെ ഗ്ലാസ് തകർത്ത് ഡാഷ് ബോഡിൽ സൂക്ഷിച്ചിരുന്ന 20 ലക്ഷം രൂപ കവർച്ച ചെയ്ത സംഭവത്തിൽ 6 പേരെ കരിപ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 16 ന് കരിപ്പൂർ സ്റ്റേഷൻ പരിധിയിയിലെ നെടുംകളരി എന്ന സ്ഥലത്തുവെച്ചായിരുന്നു സംഭവം. വളാഞ്ചേരി സ്വദേശിയായ മുസതഫയും, സുഹൃത്തും സഞ്ചരിച്ചിരുന്ന ഇന്നോവ കാറിനെ മറ്റൊരു കാറിൽ പിന്തുടർന്ന് വന്ന് നെടുംകളരിയിൽ വെച്ച് കാറിനെ വിലങ്ങിട്ട് നിർത്തിയായിരുന്നു കവർച്ച നടത്തിയത്.
സംഭവത്തിൽ കാർ വാടകക്ക് എടുത്തു കൃത്യത്തിനുപയോഗിക്കാൻ നൽകിയ കരിപ്പൂർ വീരാശ്ശേരി വീട്ടിൽ നിസാർ പിവി(31), പൂളക്കത്തൊടി വീട്ടിൽ കെ സി മുഹമ്മദ് ഷഫീഖ് (33), നയാബസാർ ചീക്കുകണ്ടി വീട്ടിൽ അബ്ദു നാസർ(35), കുളത്തൂർ പൂളക്കത്തൊടി സൈനുൽ ആബിദ്(25) ഇരുമ്പിളിയം കുന്നത്തൊടി വീട്ടിൽ ഇർഷാദ്(31), പെരുവളളൂർ ചോലക്കൽ വീട്ടിൽ എ പി മുഹമ്മദ് മുസ്ഫർ. (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സംഭവശേഷം കടന്നു കളഞ്ഞ പ്രതികളെ കൊണ്ടോട്ടി, കരിപ്പൂർ സ്റ്റേഷൻ പരിധികളിലെ നൂറിലധികം സി.സി.ടി.വി ക്യാമറ ദൃശ്യങ്ങളും, സംശയിക്കപ്പെട്ട മുപ്പതോളം ആളുകളുടെ ഫോൺ കോൾ, ടവർ ലൊക്കേഷൻ എന്നിവയും പരിശോധിച്ചു. അന്വേഷണത്തിൽ കുറ്റകൃത്യം ചെയ്യാൻ ഉപയോഗിച്ചിരുന്ന വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച നീല സിഫ്റ്റ് കാറിന്റെ ആർ.സി ഓണറെ കണ്ടെത്തുകയും, തുർന്ന് ഈ കാർ വാടകക്ക് എടുത്ത ആളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്.
കരിപ്പൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം. അബ്ബാസലിയുടെ നേതൃത്വത്തിൽ എ.എസ്.ഐ മുരളീധരൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷിനോജ്, ശ്രീകാന്ത്, പ്രശാന്ത്, കൊണ്ടോട്ടി സബ് ഡിവിഷൻ ആന്റി തെഫ്റ്റ് സ്ക്വാഡ് അംഗങ്ങളായ അമർനാഥ്, ഋഷികേശ്, സ്പെഷ്യൽ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥൻ അനീഷ് എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തിയത്.