
കോഴിക്കോട്: ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ നേതൃത്വത്തില്‍ കോഴിക്കോട് നഗരത്തിലെ പ്രധാന മത്സ്യ വിപണികളായ സെന്‍ട്രല്‍ മാര്‍ക്കറ്റ്, വെള്ളയില്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ പ്രത്യേക പരിശോധന നടത്തി. 34 മത്സ്യ സാമ്പിളുകള്‍ ശേഖരിച്ച് മൊബൈല്‍ ഫുഡ് ടെസ്റ്റിങ് ലാബിന്‍റെ സഹായത്തോടെ പ്രാഥമിക ഗുണനിലവാര പരിശോധനകള്‍ നടത്തി. ഗുണനിലവാരമില്ലാത്ത ആറ് കിലോഗ്രാം സ്‌കിപ്പ്ജാക്ക് ട്യൂണ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു.
ഫ്രോസന്‍ മത്സ്യങ്ങള്‍ 18 ഡിഗ്രി സെല്‍ഷ്യസ് അല്ലെങ്കില്‍ അതില്‍ താഴെയുള്ള താപനിലയില്‍ സൂക്ഷിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇത്തരം മത്സ്യങ്ങള്‍ മത്സ്യക്കടകളില്‍ സാധാരണ അന്തരീക്ഷ ഊഷ്മാവില്‍ സൂക്ഷിക്കുകയോ വില്‍ക്കുകയോ ചെയ്യുന്നത് ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ്. ഫ്രോസന്‍ മത്സ്യങ്ങള്‍ ഉരുകിയ നിലയില്‍ സൂക്ഷിക്കുന്നതോ വില്‍പ്പന നടത്തുന്നതോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ടോള്‍ ഫ്രീ നമ്പറായ 18004251125 ല്‍ അറിയിക്കണം.
റീട്ടെയില്‍ വില്‍പ്പനക്കാര്‍ മത്സ്യം സൂക്ഷിക്കുമ്പോള്‍ ഒരു കിലോഗ്രാം മത്സ്യത്തിന് കുറഞ്ഞത് ഒരു കിലോഗ്രാം ഐസ് എന്ന അനുപാതം പാലിക്കണം. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത മത്സ്യ വില്‍പനക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും പരിശോധനകള്‍ വരും ദിവസങ്ങളിലും തുടരുമെന്നും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്‍റ് കമീഷണര്‍ ബിബി മാത്യു അറിയിച്ചു.
*മത്സ്യത്തിന്‍റെ കണ്ണുകള്‍ തെളിച്ചമുള്ളതും പുറത്തേക്ക് ഉയര്‍ന്നതുമായിരിക്കണം
*ചെകിളികള്‍ ചുവപ്പോ പിങ്ക് നിറത്തിലോ ആയിരിക്കണം
*അമര്‍ത്തുമ്പോള്‍ മത്സ്യത്തിന്‍റെ മാംസം ഉടന്‍ പഴയ നിലയിലേക്ക് മടങ്ങണം
*ദുര്‍ഗന്ധമോ അമോണിയ പോലുള്ള മണമോ ഉണ്ടായിരിക്കരുത്
*അമിതമായി നിറം മാറിയതോ അമിതമായി മൃദുവായതോ ആയ മത്സ്യം ഒഴിവാക്കണം
*ഐസ് പൂര്‍ണമായി ഉരുകിയ ഫ്രോസന്‍ മത്സ്യം വീണ്ടും ഫ്രീസ് ചെയ്ത് ഉപയോഗിക്കരുത്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam