
കൊച്ചി: ഇടപ്പള്ളി ടോളിന് സമീപത്ത് നിന്ന് മോഷണം പോയ എംബി പ്രകാശിന്റെ (പ്രകാശൻ ചേട്ടൻ) 70 വർഷം പഴക്കമുള്ള റാലി സൈക്കിൾ തിരികെ നൽകിയാൽ മോഷ്ടാവിന് 5 ലക്ഷം രൂപ പാരിതോഷികമായി നൽകുമെന്ന് വ്യവസായി ബോബി ചെമ്മണൂർ. മോഷ്ടാവ് മനസാന്തരപ്പെട്ട് സൈക്കിൾ തിരികെ നൽകിയാൽ, ഭാവിയിൽ മോഷണം ഉപേക്ഷിച്ച് മാന്യമായി ജീവിക്കാൻ ഒരു നല്ല ജോലിയും ഒരുക്കിക്കൊടുക്കാമെന്നും അദ്ദേഹം അറിയിച്ചു. തന്റെ ഫോൺ നമ്പറായ 7994811116-ൽ നേരിട്ട് വിളിച്ച് സൈക്കിൾ കൈമാറിയാൽ പണം നൽകുമെന്നും, ഇക്കാര്യം രഹസ്യമായി സൂക്ഷിക്കുമെന്നും ബോബി ചെമ്മണൂർ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. മോഷണ വാർത്ത വായിച്ചപ്പോൾ തനിക്കുണ്ടായ വിഷമത്തേക്കാൾ പലമടങ്ങ് വേദന പരമ്പരാഗതമായി ലഭിച്ച അമൂല്യമായ സൈക്കിൾ നഷ്ടപ്പെട്ട ഉടമയ്ക്കായിരിക്കുമെന്നാണ് അദ്ദേഹം കുറിച്ചത്.
ബോബി ചെമ്മണൂരിന്റെ പ്രഖ്യാപനത്തിൽ ഏറെ സന്തോഷമുണ്ടെന്ന് എം ബി പ്രകാശ് പ്രതികരിച്ചു. ബുധനാഴ്ച വൈകുന്നേരമാണ് ഇടപ്പള്ളി ടോളിന് സമീപത്തെ കടയുടെ മുന്നിൽ നിന്ന് സൈക്കിൾ മോഷണം പോയത്. പത്താം വയസ്സിൽ പിതാവ് എംആർ ബാലകൃഷ്ണൻ സമ്മാനിച്ച 70 വർഷത്തിലേറെ പഴക്കമുള്ള റാലി സൈക്കിളായിരുന്നു അത്. പ്രീമിയർ ടയേഴ്സിലെ ജീവനക്കാരനായിരുന്ന ബാലകൃഷ്ണൻ ഉപയോഗിച്ചിരുന്ന സൈക്കിൾ പിന്നീട് പ്രകാശന് കൈമാറുകയായിരുന്നു. മരിക്കുന്നതിന് മുൻപ് പിതാവ് പ്രകാശനോട് ആവശ്യപ്പെട്ടത് ഒറ്റ കാര്യം മാത്രമായിരുന്നു "ഈ സൈക്കിൾ നശിപ്പിക്കരുത്, ആർക്കും വിൽക്കരുത്." ആ വാക്ക് പ്രകാശൻ പാലിച്ചു. കടയിൽ പോകാനും ക്ഷേത്ര ദർശനത്തിനുമെല്ലാം, തന്റെ ഒരു ഭാഗമെന്നോണം കൂടെ സൈക്കിൾ കൂടെക്കൂട്ടിയിരുന്നു.
70 വർഷത്തിനിടെ ഒരിക്കൽ മാത്രമാണ് സൈക്കിൾ യാത്രയ്ക്കിടെ പ്രകാശൻ അപകടത്തിൽപ്പെട്ടത്. സൈക്കിളിനൊപ്പം മെട്രോ യാത്രയും നടത്തിയിട്ടുണ്ട്. പിതാവിന്റെ ചരമ വാർഷികത്തിന്റെ തലേന്നാണ് സൈക്കിൾ മോഷണം പോയത് എന്നത് അദ്ദേഹത്തിന്റെ ദുഃഖം ഇരട്ടിയാക്കി. ഈ സൈക്കിൾ പേരക്കുട്ടിക്ക് കൈമാറണമെന്ന ആഗ്രഹവും ഇപ്പോൾ ബാക്കിയായി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ, സൈക്കിൾ വട്ടേക്കുന്നം ഭാഗത്തേക്കാണ് മോഷ്ടാവ് കൊണ്ടുപോയതെന്ന സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam