തിരുവനന്തപുരത്ത് പലചരക്ക് കടയിൽ സാധനങ്ങൾ വാങ്ങാനത്തിയ 2 പെൺകുട്ടികളെ പീഡിപ്പിച്ച് 72കാരൻ; വിധി കേൾക്കാൻ കോടതിയിലെത്തിച്ചത് ആംബുലൻസിൽ

Published : Oct 31, 2025, 07:10 PM IST
Kerala Police

Synopsis

പത്തുവയസുള്ള രണ്ടു കുട്ടികളെ പീഡിപ്പിച്ച കേസുകളിൽ പ്രതിയായ 73കാരന് തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി 13 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പലവ്യഞ്ജനക്കടയിൽ വെച്ച് 2021-22 കാലഘട്ടത്തിലാണ് പ്രതി കുട്ടികളെ പീഡിപ്പിച്ചത്. 

തിരുവനന്തപുരം: പത്തുവയസുള്ള രണ്ടു കുട്ടികളെ പീഡിപ്പിച്ച കേസുകളിൽ പ്രതിയായ മുടവന്മുകൾ കുന്നുംപുറത്തു വീട്ടിൽ വിജയനെ (73) രണ്ടു കേസുകളിലായി പതിമൂന്ന് വർഷം വെറും തടവിനും ഒന്നര ലക്ഷം രൂപ പിഴക്കും തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി അഞ്ചു മീര ബിർള ശിക്ഷിച്ചു. അസുഖ ബാധിതനായി കിടപ്പിലായിരുന്ന പ്രതിയെ ആംബുലൻസിലാണ് കോടതിയിൽ എത്തിച്ചത് .

അസുഖബാധിതനായതിനാൽ പ്രതി കോടതിയിൽ ഹാജരായിരുന്നില്ല. അതിനാൽ വിധി പറയുന്നതിനായി ആംബുലൻസും വൈദ്യസഹായവും നൽകി പ്രതിയെ ഹാജരാക്കാൻ കോടതി നിർദേശിച്ചു.ഒരു കേസിൽ പത്ത് വർഷം വെറും തടവും ഒരു ലക്ഷം രൂപ പിഴയും അടുത്ത കേസിൽ മൂന്ന് വർഷവും അമ്പതിനായിരം രൂപ പിഴയുമാണ് വിധി. പിഴ അടച്ചില്ലെങ്കിൽ ഒന്നര വർഷം കൂടുതൽ തടവ് അനുഭവിക്കണം. പിഴത്തുകയും ലീഗൽ സർവീസ് അതോറിറ്റി നഷ്ടപരിഹാരവും കുട്ടിക്ക് നൽകണം.

2021-2022 കാലഘട്ടത്തിൽ ആണ് സംഭവങ്ങൾ നടന്നത്. മുടവൻമുകളിൽ പലവ്യഞ്ജനകട നടത്തിവരുകയായിരുന്നു പ്രതി. കടയിൽ സാധനം വാങ്ങാൻ എത്തിയ കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ പിടിച്ചു പല തവണകളായി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ ഭയന്ന പെൺകുട്ടികൾ വീട്ടുകാരോട് പറഞ്ഞില്ല. കടയിൽ വീണ്ടും സാധനങ്ങൾ വാങ്ങാൻ വീട്ടുകാർ നിർബന്ധിച്ചപ്പോൾ ആണ് കുട്ടികൾ പരസ്പരം ഇത് പറഞ്ഞത്. അപ്പോഴാണ് രണ്ടുപേരും പീഡിപ്പിക്കപ്പെട്ടതായി അറിഞ്ഞത്. തുടർന്ന് ഇതിലെ ഒരു കുട്ടിയുടെ ബന്ധുവിനോട് സംഭവം വെളിപ്പെടുത്തി. പീഡന വിവരം അറിഞ്ഞ ഒരു കുട്ടിയുടെ അച്ഛനും അടുത്ത കുട്ടിയുടെ മാമനും ചേർന്ന് പ്രതിയെ മർദിച്ചതിന് പ്രതി ഇവർക്കെതിരെ കേസ് കൊടുത്തിട്ടുണ്ട് . ഇതിന്റെ വിരോധത്തിലാണ് ഈ കേസ് നൽകിയതെന്ന പ്രതിഭാഗം ആരോപിച്ചെങ്കിലും കോടതി പരിഗണിച്ചില്ല.

തന്റെ മകളെ പീഡിപ്പിച്ചതുകൊണ്ടാണ് പ്രതിയെ മർദിച്ചതെന്ന് സാക്ഷിയായ അച്ഛൻ കോടതിയിൽ മൊഴി നൽകിയിരുന്നു. പ്രോസീക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ ആർ.എസ് വിജയ് മോഹൻ ഹാജരായി. കൺട്ടോണ്മെന്റ് അസിസ്റ്റന്റ് കമ്മീഷണറായിരുന്ന വി .എസ് ദിനരാജ്, എസ്.ഐ വി.പി.പ്രവീൺ എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം ആംബുലൻസിലാണ് ജയിലിൽ എത്തിച്ചത്.

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി