
സുൽത്താൻ ബത്തേരി: ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും വോട്ടർമാരുടെ എണ്ണം കുറയുന്ന നാട്. ഉത്തരേന്ത്യയിലോ മറ്റ് സംസ്ഥാനങ്ങളിലോ ആണെന്ന് കരുതാൻ വരട്ടെ വയനാട്ടിലെ ചെട്ട്യാലത്തൂരാണ് ഈ നാട്. 500ൽ അധികം വോട്ടുകൾ ഉണ്ടായിരുന്ന ഈ ഗ്രാമത്തിൽ ഇന്നുള്ളത് 135 പേർ മാത്രം. വന്യമൃഗ ശല്യം കാരണം ഓരോ കുടുംബങ്ങളായി ഇവിടെ നിന്ന് ഒഴിഞ്ഞുപോവുകയാണ്.
ചുറ്റോട് ചുറ്റും കാട്. അതിനിടയ്ക്ക് തുരുത്തുപോലൊരു ഗ്രാമം. അതാണ് ചെട്ട്യാലത്തൂർ. കൃഷിയിടങ്ങൾ, വിതയ്ക്കാത്ത പാടങ്ങൾ, ചിലയിടത്ത് ഇഞ്ചികൃഷിക്ക് നിലമൊരുക്കുന്നു ഇതാണ് ഇവിടുത്തെ കാർഷിക കാഴ്ചകൾ. ആൾപ്പെരുമാറ്റം കുറഞ്ഞ്
പതിയെ കാടായി മാറുകയാണ് ചെട്ട്യാലത്തൂർ.
കാട്ടുനായ്ക്ക വിഭാഗത്തിൽ നിന്നുള്ളവരാണ് ഗ്രാമത്തിലുള്ളവരിൽ കൂടുതലും. വനവിഭവങ്ങൾ ശേഖരിച്ചാണ് ഇവരുടെ ഉപജീവനം. സ്വയം സന്നദ്ധ പുനരധിവാസം നടപ്പിലാക്കുന്നതിനാൽ, സർക്കാർ പദ്ധതികൾക്ക് പുറത്താണ് ആ ഗ്രാമം. വന്യമൃഗങ്ങളെ പേടിച്ച് പലരും നാടുവിട്ടോടി. 2018ൽ 110 കുടുംബങ്ങളിലായി 544 വോട്ടർമാരുണ്ടായിരുന്നു ചെട്ട്യാലത്തൂരിൽ.
വയനാട് നിയോജക മണ്ഡലത്തിലെ ഏറ്റവും കുറവ് വോട്ടർമാരുള്ള ബൂത്തും ഇവിടെയാണ്. സുൽത്താൻ ബത്തേരിയിലെ 102ാം ബൂത്താണ് ഈ ഗ്രാമത്തിലുള്ളത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതാക്കളെത്തുമെങ്കിലും പിന്നീട് ആരെയും ഇത് വഴി കാണാറില്ലന്ന് ഗ്രാമവാസികൾ പറയുന്നു. ആന ശല്യമില്ലാത്തപ്പോൾ മാത്രമാണ് സമീപത്തെ പാട്ടവയലിലേക്ക് വരെ പോകാനാവുകയെന്നും ഇവർ പറയുന്നു. ആനശല്യം രൂക്ഷമായതിനാൽ ഒന്നുറങ്ങാൻ വരെ നല്ല നേരം നോക്കേണ്ട അവസ്ഥയാണെന്നും നാട്ടുകാർ പ്രതികരിക്കുന്നു.
ഇപ്പോഴുള്ളത് 48 ആദിവാസി കുടുംബങ്ങൾ. എഴ് വയനാടൻ ചെട്ടി കുടുംബം. ഈ വീടുകളിൽ നിന്നുള്ള വോട്ടമാർ 135 ആയി ചുരുങ്ങി. പുതിയ വോട്ടർമാർ നാലുപേരാണുള്ളത്. അടുത്ത തെരഞ്ഞെടുപ്പിൽ എത്ര പേർ ഇവിടെ വോട്ടുചെയ്യമെന്നുറപ്പില്ല. അടുത്തൊന്നും ഇവരുടെ ദുരിതം തീരില്ലെന്ന് ഉറപ്പുണ്ട് താനും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം