
ആലപ്പുഴ/കലവൂർ: ഇന്നലെ രാവിലെ ദേശീയ പാതയോരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ നായ കണ്ട് ആദ്യം എല്ലാവരും ഭയന്ന് മാറി നിന്നു. ഒടുവില്‍ വലിയ വിലയുള്ള ഇനമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ സ്വന്തമാക്കാന്‍ എല്ലാവരും റെഡി. പക്ഷേ, കെട്ടിയിട്ട നായയെ കെട്ടഴിച്ച് കൊണ്ടുപോകാനുള്ള ധൈര്യം ആര്‍ക്കുമുണ്ടായില്ലെന്ന് മാത്രം.
സംഭവം നടന്നത് ഇന്നലെ രാവിലെ കലവൂർ ബസ് സ്റ്റാൻഡിന് സമീപത്താണ്. ദേശീയപാതയോരത്തെ കടത്തിണ്ണയിൽ വീടുകളില്‍ നായയെ കെട്ടിയിടാനുപയോഗിക്കുന്ന ചങ്ങലയിൽ കെട്ടിയിട്ട നിലയിലായിരുന്നു നായ. അതിരാവിലെ നായ നിർത്താതെ കുരച്ചു കൊണ്ടിരുന്നതോടെയാണ് നാട്ടുകാര്‍ സംഭവം ശ്രദ്ധിക്കുന്നത്.
എന്നാല്‍ കാഴ്ചയില്‍ തന്നെ ഭയപ്പെടുന്ന നായയുടെ അടുത്ത് പോകാന്‍ ആര്‍ക്കും ധൈര്യമുണ്ടായില്ല. ഒടുവില്‍ നാട്ടുകാര്‍ വിവരം അറിയിച്ചത് അനുസരിച്ച് മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്‍റ് ടി വി അജിത് കുമര്‍ സ്ഥലത്തെത്തി. അദ്ദേഹം വിവരം അറിയിച്ചത് അനുസരിച്ച് കവലൂര്‍ മൃഗാശുപത്രിയിലെ ഡോ.ജിം കിഴക്കൂടനും സ്ഥലത്തെത്തി. അദ്ദേഹമാണ് റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട നായ വിദേശ ഇനമായ റോട്ട് വീലറാണെന്ന് അറിയിച്ചത്. ഇതോടെ നാട്ടുകാര്‍ക്കും താത്പര്യമായി.
റോട്ട്‍വീലറിന്‍റെ കുട്ടികള്‍ക്ക് മാര്‍ക്കറ്റില്‍ വലിയ വിലയുണ്ടെന്ന് പറഞ്ഞതോടെ നായയ്ക്കായി നാട്ടുകാരുടെ പിടിവലിയായി. എന്നാല്‍, കെട്ടിയിട്ടിരിക്കുന്ന കെട്ട് അഴിച്ച് നായയെയും കൂട്ടി പോകാന്‍ ആര്‍ക്കും ധൈര്യമുണ്ടായില്ലെന്ന് മാത്രം. ഒടുവില്‍ ഉടമയെ അന്വേഷിച്ച് കണ്ടെത്താമെന്ന നിലയില്‍ തൽക്കാലം നായയെ സമീപത്തെ വീട്ടിലെ കൂട്ടിലേക്ക് മാറ്റി. പുലർച്ചെ ദേശീയപാതയില്‍ കാറിൽ വന്ന സംഘമാണ് നായയെ പീടിക തിണ്ണയില്‍ കെട്ടിയിട്ട് കടന്ന് കളഞ്ഞതെന്ന് സമീപത്തെ തട്ടുകടക്കാരന്‍ പറയുന്നു. യാത്രയ്ക്കിടെ വിശ്രമിക്കുന്ന നേരം കെട്ടിയിട്ടതെന്നാണ് വന്നവര്‍ പറഞ്ഞത്. എന്നാല്‍, ആളുകളുടെ ശ്രദ്ധമാറിയപ്പോള്‍ നായയെ ഉപേക്ഷിച്ച് സംഘം മുങ്ങിയതാണെന്ന് സംശയിക്കുന്നു.
കൂടുതല്‍ വായനയ്ക്ക്: ക്യൂബ കടന്ന് ഫ്ലോറിഡയില്‍ നാശം വിതച്ച് ഇയന്‍ ചുഴലിക്കാറ്റ്; ബോട്ട് മറിഞ്ഞ് 20 കുടിയേറ്റക്കാരെ കാണാനില്ല
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam