- Home
- News
- International News
- ക്യൂബ കടന്ന് ഫ്ലോറിഡയില്‍ നാശം വിതച്ച് ഇയന്‍ ചുഴലിക്കാറ്റ്; ബോട്ട് മറിഞ്ഞ് 20 കുടിയേറ്റക്കാരെ കാണാനില്ല
ക്യൂബ കടന്ന് ഫ്ലോറിഡയില്‍ നാശം വിതച്ച് ഇയന്‍ ചുഴലിക്കാറ്റ്; ബോട്ട് മറിഞ്ഞ് 20 കുടിയേറ്റക്കാരെ കാണാനില്ല
കഴിഞ്ഞ ദിവസങ്ങളില്‍ ഹവാന നഗരം ഉള്‍പ്പെടുന്ന ക്യൂബന്‍ ദ്വീപിന്‍റെ പടിഞ്ഞാറന്‍ മേഖലയില്‍ കനത്ത നാശം വിതച്ച ഇയന്‍ ചുഴിക്കാറ്റ് ഇന്നലെയോടെ ഗള്‍ഫ് ഓഫ് മെക്സിക്കോ കടന്ന് ഫോറിഡ തീരത്ത് പ്രവേശിച്ചു. ഇതിനിടെ ശക്തി പ്രാപിച്ച ചുഴലിക്കാറ്റിനെ കാറ്റഗറി 4 ലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫോറിഡയുടെ തെക്ക് പടിഞ്ഞാറ് വശത്തുകൂടി കരതോട്ട ചുഴലിക്കാറ്റിനെ തുടര്‍ന്ന് നഗരത്തിലെമ്പാടും വെള്ളപ്പൊക്കം സൃഷ്ടിക്കപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. വ്യാപകമായ വൈദ്യുതി മുടക്കവും റിപ്പോര്‍ട്ട് ചെയ്തു. ശക്തമായ ചുഴലിക്കാറ്റിനെ തുടര്‍ന്ന് സമീപ സംസ്ഥാനങ്ങളായ ജോർജിയ, നോർത്ത് കരോലിന, സൗത്ത് കരോലിന, വിർജീനിയ എന്നിവിടങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിശക്തമായ കാറ്റില്‍ റോഡുകള്‍ മിക്കതും തകര്‍ക്കപ്പെട്ടു. നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഫോർട്ട് മിയേഴ്‌സ് ഇയാനിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ചുഴലിക്കാറ്റിനിടെ അഭയാര്‍ത്ഥി ബോട്ട് മുങ്ങി 20 ഓളം കുടിയേറ്റക്കാരെ കാണാതായതായി റിപ്പോര്‍ട്ടുകളുണ്ട്. സംഘത്തിലുണ്ടായിരുന്ന നാല് ക്യൂബക്കാര്‍ ഫ്ലോറിഡ കീസ് ദ്വൂപുകളിലേക്ക് നീന്തി രക്ഷപ്പെട്ടപ്പോള്‍ മൂന്ന് പേരെ കടലില്‍ നിന്നും കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തിയെന്ന് യുഎസ് ബോര്‍ഡര്‍ പട്രോള്‍ അറിയിച്ചു.
ഫോർട്ട് മിയേഴ്‌സ് നഗരത്തിന് പടിഞ്ഞാറുള്ള കായോ കോസ്റ്റ എന്ന ബാരിയർ ദ്വീപിൽ ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് ചുഴലിക്കാറ്റ് കരതൊട്ടതെന്ന് ദേശീയ ചുഴലിക്കാറ്റ് കേന്ദ്രം (എൻഎച്ച്സി) പറഞ്ഞു. തീരദേശ നഗരമായ നേപ്പിൾസിൽ നിന്നുള്ള വീഡിയോകളില്‍ ശക്തമായ കാറ്റില്‍ തീരദേശത്തെ വീടുകളിലേക്ക് കടല്‍ കയറുന്നതും റോഡുകള്‍ വെള്ളത്തിനടിയിലാകുന്നതും വാഹനങ്ങള്‍ ഒലിച്ച് പോകുന്നതും കാണാമായിരുന്നു.
80,000-ത്തിലധികം ജനസംഖ്യയുള്ള ഫോർട്ട് മിയേഴ്സിലെ നിരവധി വീടുകള്‍ ഇപ്പോള്‍ വെള്ളത്തിനടിയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇയന്‍ ചുഴലിക്കാറ്റ് കര തൊടുമ്പോള്‍ മണിക്കൂറില്‍ 240 കിലോമീറ്റര്‍ വേഗതയിലാണ് വീശിക്കൊണ്ടിരുന്നതെന്ന് ദേശീയ ചുഴലിക്കാറ്റ് കേന്ദ്രം അറിയിച്ചു. കര തോട്ടതിന് പിന്നാലെ ചുഴലിക്കാറ്റിന്‍റെ ശക്തി കുറഞ്ഞു.
മണിക്കൂറിൽ 170 കിലോമീറ്റര്‍ വേഗതയിൽ വീശുന്ന കാറ്റഗറി 3 ല്‍ ഉള്‍പ്പെട്ട ചുഴലിക്കാറ്റായി ഇയന്‍ മാറിയതായും എന്‍എച്ച്സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഫ്ലോറിഡയില്‍ 11 ദശലക്ഷത്തിലധികം പേര്‍ക്ക് വൈദ്യുതി ബന്ധം നഷ്ടമായി. സംസ്ഥാനത്തിന്‍റെ തെക്ക് പടിഞ്ഞാറന്‍ പ്രദേശത്താണ് ചുഴലിക്കാറ്റ് ഏറ്റവും മോശമായി ബാധിച്ചത്.
ഫ്ലോറിഡയിലുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകളെയും ജോർജിയ, സൗത്ത് കരോലിന എന്നീ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും ഇയാൻ നേരിട്ട് ബാധിക്കുമെന്ന് എന്‍എച്ച്സി റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനം ഏറ്റവും മോശമായ രണ്ട് ദിവസത്തിലൂടെ കടന്ന് പോവുകയാണെന്നായിരുന്നു ഫ്ലോറിഡ ഗവര്‍ണര്‍ റോൺ ഡിസാന്റിസ് അഭിപ്രായപ്പെട്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam