വിവാഹിതനെന്ന് മറച്ചുവച്ച് കാമുകിയെ വിട്ടുകിട്ടാൻ ഹർജി, യുവാവിന് പിഴ ചുമത്തി ഹൈക്കോടതി

By Web TeamFirst Published Sep 29, 2022, 10:57 AM IST
Highlights

കാമുകിയെ വിട്ടുകിട്ടാനുള്ള ഹേബിയസ് കോ‍ർപ്പസ് ഹർജി പരിഗണിക്കവെയാണ് വിവാഹിതനാണെന്നത് മറച്ചുവച്ചതിന് കോടതി പിഴ ചുമത്തിയത്. 

കൊച്ചി : നിലവിൽ വിവാഹിതനാണെന്നത് വെളിപ്പെടുത്താതെ കാമുകിയെ വിട്ടുകിട്ടാൻ നൽകിയ ഹർജിയിൽ യുവാവിന് ഹൈക്കോടതിയുടെ പിഴ. വീട്ടുകാർ തടവിലാക്കിയ കാമുകിയെ വിട്ടുകിട്ടാൻ ഹേബിയസ് കോർപ്പസ് ഹർജി നൽകിയ തിരുവനന്തപുരം കാട്ടാക്കട സ്വദേശി എച്ച് ഷമീറിനാണ് ഹൈക്കോടതി 25000 രൂപ പിഴ ചുമത്തിയത്. ജസ്റ്റിസ് അലക്സാണ്ടർ തോമസ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഹേബിയസ് കോ‍ർപ്പസ് ഹർജി പരിഗണിക്കവെയാണ് വിവാഹിതനാണെന്നത് മറച്ചുവച്ചതിന് പിഴ ചുമത്തിയത്. 

ഷമീറിന്റെ കാമുകിയായ നെയ്യാറ്റിൻകര സ്വദേശി അഞ്ജനയെ വീട്ടുകാർ തടവിലാക്കിയിരിക്കുകയാണെന്നും അവളെ വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി. കോടതിയിൽ ഹർജി പരിഗണിച്ച ശേഷമാണ് താൻ സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം അശ്വതി എന്ന യുവതിയെ വിവാഹം ചെയ്തിരുന്നുവെന്നും ഇവർ നൽകിയ വിവാഹമോചന ഹർജിയിൽ കുടുംബ കോടതിയിൽ നടപടികൾ പുരോഗമിക്കുകയാണെന്നും ഷമീർ അറിയിച്ചത്. താൻ വിവാഹമോചനത്തിനുള്ള സമ്മതം അറിയിച്ചതായും വിവാഹ മോചനം അനുവദിച്ചുകൊണ്ടുള്ള വിധി ഉടൻ ഉണ്ടാകുമെന്നും ഇയാൾ കോടതിയെ അറിയിച്ചു. 

എന്നാൽ ഹർജിയിൽ ഇക്കാര്യം മറച്ചുവച്ചു എന്ന് നിരീക്ഷിച്ച കോടതി ഷമീറിന് പിഴ ചുമത്തുകയായിരുന്നു. മാത്രമല്ല, വിവരങ്ങൾ മറച്ചുവച്ചതിന് കടുത്ത അതൃപ്തിയും രേഖപ്പെടുത്തി. ഇതോടെ കോടതിയോട് മാപ്പുചോദിച്ച ഷമീർ പിഴയടയ്ക്കാമെന്ന് അറിയിച്ചു. ഹൈക്കോടതിയുടെ ഭാഗമായ മീഡിയേഷൻ സെന്ററിൽ ഷമീർ 25000 രൂപ പിഴയടയ്ക്കണം. വിവരങ്ങൾ മറച്ചുവച്ചതിന് ഹർജി തള്ളേണ്ടതാണെന്നും എന്നാൽ ഹർജിയുടെ സ്വഭാവം കണക്കിലെടുത്താണ് പരിഗണിക്കുന്നതെന്നും കോടതി പറഞ്ഞു. മാത്രമല്ല, ഒരാഴ്ചയ്ക്കകം പിഴയടച്ചില്ലെങ്കിൽ ഹർജി തള്ളുമെന്നും വ്യക്തമാക്കി. വിവാഹമോചനക്കേസിന്റെ വിശദാംശങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ അറിയിക്കാൻ തിരുവനന്തപുരം കുടുംബക്കോടതിക്ക് ഹൈക്കോടതി നിർദേശം നൽകുകയും ചെയ്തു. 

അതേസമയം തടവിലാക്കിയിരിക്കുന്നുവെന്ന് ഷമീർ ആരോപിച്ച കാമുകി അഞ്ജനയോട് കോടതി വീഡിയോ കോൺഫറൻസ് സംസാരിച്ചു. തനിക്ക് ഷമീറിനൊപ്പം ജീവിക്കണമെന്നാണ് യുവതി കോടതിയെ അറിയിച്ചത്. കേസ് ഒക്ടോബർ ഏഴിന് വീണ്ടും പരിഗണിക്കും. അപ്പോൾ യുവതിയുമായി കോടതി വീണ്ടും സംസാരിക്കും. കൂടാതെ നിലവിലെ വിവാത്തെ കുറിച്ചും വിവാഹമോചന നടപടികളെ കുറിച്ചുമുള്ല വിശദാംശങ്ങൾ വിവരിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ഷമീറിനോട് നിർദ്ദേശിച്ചു. 

click me!