സാമൂഹ്യവിരുദ്ധ പ്രവർത്തനം ചോദ്യം ചെയ്ത സിപിഎം നേതാവിനെ കൊല്ലുമെന്ന് ഭീഷണി; പ്രതി പിടിയില്‍

By Web TeamFirst Published Jul 12, 2021, 4:55 PM IST
Highlights

സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ ചോദ്യം ചെയ്തതുകൊണ്ടുള്ള വൈരാഗ്യം മൂലമാണ് തന്നെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയതെന്ന്  സുജിത്ത് പറയുന്നു.

തിരുവനന്തപുരം: സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ ചോദ്യം ചെയ്തതിന് വെഞ്ഞാറമൂട്ടിൽ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരെ വധഭീഷണി മുഴക്കിയ കേസിലെ പ്രതി പിടിയിൽ. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ തൈത ബിജുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സിപിഐഎം നെല്ലനാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി സുജിത്ത് മോഹന് നേരെയാണ് ബിജു വധഭീഷണി മുഴക്കിയത്. 

ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെയായിരുന്നു സംഭവം. പാർട്ടി കമ്മിറ്റി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന
സുജിത്ത് മോഹനനെ ചിറയിൻകീഴ് സ്വദേശികളായ മൂന്നംഗ ഗുണ്ടകളുടെ സഹായത്തോടെ പ്രതി ആക്രമിക്കുകയായിരുന്നു. സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഗുണ്ടകൾ നാട്ടുകാർ ഓടിക്കൂടിയതോടെ രക്ഷപ്പെടുകയായിരുന്നു. സംഭവത്തെ തുടർന്ന് സുജിത്ത് വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകുകയായിരുന്നു. 

മുരൂർക്കോണം സ്വദേശി അജിയെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് തൈത ബിജു. അബ്കാരി കേസിൽ ജയിലിൽ ആയിരുന്ന ബിജു രണ്ടാഴ്ച മുൻപാണ് പുറത്ത് ഇറങ്ങിയത്.  ലോക്ഡൗൺ സമയത്ത് ബിജുവിന്റെ വീട്ടിൽ നിന്നും 750 ലിറ്റർ കോടയും എക്‌സൈസ് - പൊലീസ് സംഘം പിടിച്ചെടുത്തിരുന്നു. സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ ചോദ്യം ചെയ്തതുകൊണ്ടുള്ള വൈരാഗ്യം മൂലമാണ് തന്നെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയതെന്ന്  സുജിത്ത് പറയുന്നു. പ്രതിക്കെതിരെ ഐപിസി 304 അടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തതായും ബിജുവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും  വെഞ്ഞാറമൂട് സി ഐ പറഞ്ഞു.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 
 

click me!