
അമ്പലപ്പുഴ: ആലപ്പുഴയിൽ വയോധികനെ കമ്പി വടി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച ശേഷം ഒളിവിൽ പോയ നിരവധി ക്രിമിനൽ കേസിലെ പ്രതി പിടിയിലായി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 11-ാം വാർഡിൽ കോമനയിൽ പടിഞ്ഞാറേ ചെന്നാട്ട് വീട്ടിൽ വിനീത് കുമാർ (38) എന്നയാളെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കഴിഞ്ഞ സെപ്റ്റംബർ 25ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. പ്രതിയെ അമ്പലപ്പുഴയിലെ ലോഡിംഗ് തൊഴിലാളിയായ പരാതിക്കാരൻ ജോലിക്ക് വിളിക്കാത്തതിലുള്ള വിരോധമാണ് അക്രമത്തിൽ കലാശിച്ചത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.