
അമ്പലപ്പുഴ: റിയൽ എസ്റ്റേറ്റ് ബിസിനസ് ആണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പതിനെട്ട് ലക്ഷത്തോളം രൂപ പലപ്പോഴായി തട്ടിയെടുത്ത പ്രതി പിടിയിൽ. 18 ലക്ഷം തട്ടിയെടുത്ത ശേഷം ഒരു വർഷത്തോളമായി മുങ്ങി നടന്ന കേസിലെ പ്രതിയായ ആലപ്പുഴ സ്റ്റേഡിയം വാർഡിൽ തപാൽപറമ്പ് വീട്ടിൽ സാദിഖിനെ അമ്പലപ്പുഴ പൊലീസാണ് പിടികൂടിയത്. 2020 ഒക്ടോബർ മുതൽ 2022 ജനുവരി വരെയുള്ള കാലയളവിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
പുറക്കാട് സ്വദേശിയായ പരാതിക്കാരന് സ്ഥലം വാങ്ങി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പലപ്പോഴായി പതിനെട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത ശേഷം സാദിഖ് മുങ്ങുകയായിരുന്നു. തുടർന്ന് കേരളത്തിലെ പല ജില്ലകളിലും ഒരു വർഷത്തോളമായി ഒളിവിൽ കഴിഞ്ഞു. കോഴിക്കോട് നിന്നുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സാദിഖിന്‍റെ കൂടെ ഒളിവിൽ കഴിഞ്ഞിരുന്ന പണം തട്ടിപ്പ് കേസിലെ മറ്റൊരു പ്രതി ആലപ്പുഴ പവ്വർ ഹൗസ് റോഡിൽ പുരുഷോത്തമ ബിൽഡിംഗിൽ മജു (53) പൊലീസ് പിടിയിലായി. ഇയാളെ കോട്ടയം ഈസ്റ്റ് പൊലീസിന് കൈമാറി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത സംസ്ഥാനത്ത് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിലൂടെ കഴിഞ്ഞവര്‍ഷം 201 കോടി രൂപ നഷ്ടമായെന്ന് പൊലീസ് വ്യക്തമാക്കിയതാണ്. ആകെ 23,753 പരാതികളാണ് കിട്ടിയത്. തട്ടിപ്പിനെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. തട്ടിപ്പിനെ തുടർന്ന് 5107 ബാങ്ക് അക്കൗണ്ടുകളും 3289 മൊബൈൽ നമ്പറുകളും ബ്ലോക്ക് ചെയ്തു. തിരികെ പിടിച്ചത് 20 % തുക മാത്രമാണെന്നും പൊലീസ് പറയുന്നു. തൃക്കാക്കര സ്വദേശിക്ക് 2 കോടി 60 ലക്ഷം രൂപ നഷ്ടമായപ്പോൾ ആലുവ സ്വദേശിക്ക് നഷ്ടമായത് 1 കോടി 10 ലക്ഷം. കോഴിക്കോട്, ആലപ്പുഴ സ്വദേശികൾക്ക് 50 ലക്ഷം രൂപയും പോയി. ഓൺലൈൻ തട്ടിപ്പിനിരയായാൽ രണ്ട് മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്യണം. എന്നാൽ പരാതി ലഭിക്കുന്നത് പലപ്പോഴും ദിവസങ്ങൾ കഴിഞ്ഞാണെന്നും പൊലീസ് പറയുന്നു. ട്രേഡിങ് തട്ടിപ്പുകളിലൂടെ മാത്രം കഴിഞ്ഞ വര്‍ഷം 3,394 പേര്‍ക്ക് 74 കോടി രൂപയാണ് നഷ്ടമായത്. 239 സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും 945 വെബ്സൈറ്റുകളും കേരള പൊലീസ് സൈബര്‍ വിഭാഗം ബ്ലോക്ക് ചെയ്തു. നഷ്ടപ്പെട്ട തുകയുടെ 20 ശതമാനത്തോളം തിരികെ പിടിച്ചെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam