Asianet News MalayalamAsianet News Malayalam

വിരൽത്തുമ്പിൽ തട്ടിപ്പ്, കണക്കുകൾ ഞെട്ടിക്കുന്നത്; ഒരുവർഷത്തിനിടെ ഓൺലൈൻ തട്ടിപ്പിൽ സംസ്ഥാനത്ത് നഷ്ടം 201 കോടി

തട്ടിപ്പിനെ തുടർന്ന് 5107 ബാങ്ക് അക്കൗണ്ടുകളും 3289 മൊബൈൽ നമ്പറുകളും ബ്ലോക്ക് ചെയ്തു. തിരികെ പിടിച്ചത് 20 % തുക മാത്രമാണെന്നും പൊലീസ് പറയുന്നു.

Kerala loses RS 201 crore through online fraud with in one year prm
Author
First Published Jan 16, 2024, 1:41 AM IST

കോഴിക്കോട്: സംസ്ഥാനത്ത് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിലൂടെ കഴിഞ്ഞവര്‍ഷം 201 കോടി രൂപ നഷ്ടമായെന്ന് പൊലീസ്. ആകെ 23,753 പരാതികളാണ് കിട്ടിയത്. തട്ടിപ്പിനെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. തട്ടിപ്പിനെ തുടർന്ന് 5107 ബാങ്ക് അക്കൗണ്ടുകളും 3289 മൊബൈൽ നമ്പറുകളും ബ്ലോക്ക് ചെയ്തു. തിരികെ പിടിച്ചത് 20 % തുക മാത്രമാണെന്നും പൊലീസ് പറയുന്നു. തൃക്കാക്കര സ്വദേശിക്ക് 2 കോടി 60 ലക്ഷം രൂപ നഷ്ടമായപ്പോൾ ആലുവ സ്വദേശിക്ക് നഷ്ടമായത് 1 കോടി 10 ലക്ഷം. കോഴിക്കോട്, ആലപ്പുഴ സ്വദേശികൾക്ക് 50 ലക്ഷം രൂപയും പോയി. ഓൺലൈൻ തട്ടിപ്പിനിരയായാൽ രണ്ട് മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്യണം. എന്നാൽ പരാതി ലഭിക്കുന്നത് പലപ്പോഴും ദിവസങ്ങൾ കഴിഞ്ഞാണെന്നും പൊലീസ് പറയുന്നു. 

ട്രേഡിങ് തട്ടിപ്പുകളിലൂടെ മാത്രം കഴിഞ്ഞ വര്‍ഷം 3,394 പേര്‍ക്ക് 74 കോടി രൂപയാണ് നഷ്ടമായത്.  239 സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും 945 വെബ്സൈറ്റുകളും കേരള പൊലീസ് സൈബര്‍ വിഭാഗം ബ്ലോക്ക് ചെയ്തു. നഷ്ടപ്പെട്ട തുകയുടെ 20 ശതമാനത്തോളം തിരികെ പിടിച്ചു. 

കൂടുതല്‍ ലാഭം വാഗ്ദാനം ചെയ്തുകൊണ്ട് ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് മുതലായ മാധ്യമങ്ങള്‍ വഴിയാണ് നിക്ഷേപത്തട്ടിപ്പുകള്‍ക്ക് തുടക്കമിടുന്നത്. ഇത്തരം പോസ്റ്റില്‍ കാണുന്ന നമ്പറില്‍ ബന്ധപ്പെടുന്നവരെ തട്ടിപ്പുകാര്‍ തങ്ങളുടെ ടെലിഗ്രാം ഗ്രൂപ്പില്‍ അംഗങ്ങളാക്കുന്നു. തുടര്‍ന്ന് കൃത്രിമമായി നിര്‍മ്മിച്ച വെബ്സൈറ്റ് മുഖേന നിക്ഷേപം നടത്താന്‍ ആവശ്യപ്പെടുന്നു. ആദ്യഘട്ടത്തില്‍ ചെറിയ തുക നിക്ഷേപിക്കുന്നവര്‍ക്ക് അമിതലാഭം നല്‍കുന്നതോടെ പരാതിക്കാര്‍ക്ക് തട്ടിപ്പുകാരില്‍ കൂടുതല്‍ വിശ്വാസം ഉണ്ടാകുകയും വന്‍തുക നിക്ഷേപമായി നല്‍കാന്‍ തയ്യാറാകുകയും ചെയ്യുന്നു. അതേസമയം നിക്ഷേപകര്‍ എന്ന വ്യാജേന തട്ടിപ്പുകാരുടെ സഹായികള്‍ തങ്ങള്‍ക്ക് വന്‍ തുക ലാഭം കിട്ടിയെന്ന് കാണിക്കുന്ന തരത്തിലുള്ള സ്ക്രീന്‍ ഷോട്ടുകളും മറ്റും ടെലിഗ്രാം ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുന്നു. ഇതോടെ വന്‍തുക നിക്ഷേപമായി നല്‍കാന്‍ ഇരകള്‍ തയ്യാറാകുന്നു. തങ്ങള്‍ നിക്ഷേപിച്ച തുകയുടെ രണ്ടോ മൂന്നോ ഇരട്ടി ലാഭവിഹിതമായി ലഭിച്ചതായി വെബ്സൈറ്റില്‍ അറിയിപ്പ് കിട്ടുന്നതാണ് അടുത്ത പടി.

ഈ തുക പിന്‍വലിക്കണമെന്ന് ഇരകള്‍ ആവശ്യപ്പെടുമ്പോള്‍ കൂടുതല്‍ പണം നിക്ഷേപിച്ചാല്‍ മാത്രമേ മുതലും ലാഭവിഹിതവും പിന്‍വലിക്കാന്‍ കഴിയൂ എന്ന് വിശ്വസിപ്പിച്ചു കൂടുതല്‍ നിക്ഷേപം നടത്താന്‍ ഇരകളെ പ്രേരിപ്പിക്കുന്നു. കൂടാതെ, നിക്ഷേപം പിന്‍വലിക്കാനായി ജി.എസ്.ടിയും ടാക്സും എന്ന വ്യാജേന കൂടുതല്‍ പണം തട്ടിപ്പുകാര്‍ കൈക്കലാക്കുന്നു. ഇത്തരത്തില്‍ കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തട്ടിപ്പുകളാണ് ദിവസേന സംസ്ഥാനത്ത് നടക്കുന്നത്.

പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകുന്നതാണ് പ്രശ്നമെന്നാണ് പൊലീസ് പറയുന്നത്. പണം നഷ്ടമായി രണ്ടു മണിക്കൂറിനുള്ളില്‍ 1930 എന്ന സൈബര്‍ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിവരം അറിയിച്ചാല്‍ പണം തിരികെ പിടിക്കുന്നതിനുള്ള സാധ്യത വളരെയേറെയാണ്. എന്നാല്‍ പലപ്പോഴും പണം നിക്ഷേപിച്ച് പത്തുദിവസം വരെ കഴിഞ്ഞാണ് പൊലീസിന് പരാതികള്‍ ലഭിക്കുന്നത്. ഇതിനാല്‍ തട്ടിപ്പുകാര്‍ക്ക് തുക പിന്‍വലിക്കുന്നതിന് ആവശ്യമായ സമയം ലഭിക്കുന്നു.

നിക്ഷേപത്തട്ടിപ്പില്‍ പെടാതിരിക്കാനായി പണം നിക്ഷേപിക്കുന്നതിനു മുന്‍പുതന്നെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെവെബ്സൈറ്റ് പരിശോധിച്ചു സ്ഥാപനങ്ങളുടെ വിശ്വാസ്യത ഉറപ്പുവരുത്തേണ്ടതാണെന്നും പൊലീസ് അറിയിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios