കാട്ടുപോത്തിനെ വേട്ടയാടിയ ശേഷം മുങ്ങി; പ്രതികള്‍ ഒളിവില്‍ പോയിട്ട് ഒരുമാസം പിന്നിടുന്നു

By Web TeamFirst Published Aug 27, 2021, 12:39 AM IST
Highlights

സംഭവം നടന്ന് ഒരുമാസം പിന്നിടുമ്പോഴും പ്രതികളുടെ ഒളിത്താവളം എവിടെയെന്ന് കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. 

കല്‍പ്പറ്റ: മാനന്തവാടി ബാവലിയില്‍ കാട്ടുപോത്തിനെ വേട്ടയാടിയെന്ന കേസിലെ പ്രതികളെ മുഴുവന്‍ പിടികൂടാന്‍ വനംവകുപ്പിനായില്ല. സംഭവം നടന്ന് ഒരുമാസം പിന്നിടുമ്പോഴും പ്രതികളുടെ ഒളിത്താവളം എവിടെയെന്ന് കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. സംഭവദിവസം എട്ടംഗസംഘത്തിലെ ഒരാളെ മാത്രമാണ് പിടികൂടിയത്. ഇയാളില്‍ നിന്നാണ് മറ്റു ഏഴുപേരെയും കുറിച്ചുള്ള വിവരം വനംഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. 

കുപ്പാടിത്തറ നടമ്മല്‍ തിരുവങ്ങാടന്‍ മൊയ്തുവാണ് പിടിയിലായത്. വാവ എന്ന ഷൗക്കത്ത്, ആഷിഖ്, സിദ്ധീഖ്, അയ്യൂബ്, അനസ്, കുഞ്ഞാവ തുടങ്ങിയവരെയാണ് പിടികൂടാനുള്ളത്. പ്രതികകളെല്ലാവരും പടിഞ്ഞാറത്തറ, കുപ്പാടിത്തറ സ്വദേശികളാണ്. ഇവരുപയോഗിച്ച വാഹനങ്ങള്‍ വനംവകുപ്പിന്റെ കസ്റ്റഡിയിലാണ്. പുതുശേരിയില്‍ പ്രതികളില്‍ ഒരാളുടെ ബന്ധുവിന്റെ വീടിന്റെ മുറ്റത്ത് വാഹനം ഉപേക്ഷിച്ച് രീതിയിലാണ് കണ്ടെത്തിയത്. വാഹനത്തിന്റെ ഉടമകളും പ്രതികള്‍ തന്നെയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. 

കഴിഞ്ഞ മാസം 12ന് രാത്രി ബാവലി അമ്പത്തിയെട്ടാംമൈലിലാണ് സംഭവം നടന്നത്. വനത്തിനുള്ളില്‍ നിന്ന് വെടിയൊച്ച കേട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വേട്ട സംഘത്തെ കണ്ടെത്തിയത്.  നടത്തുകയായിരുന്നുവെന്നാണ് വനംവകുപ്പ് പറയുന്നത്. ഏകദേശം 800 കിലോയോളം തൂക്കം വരുന്ന എട്ട് വയസ് പ്രായമുള്ള കാട്ടുപോത്തിനെയാണ് സംഘം വെടിവെച്ച് കൊന്ന് ഇറച്ചിയാക്കിയത്. ഇതേ സംഘം മുമ്പും വേട്ട നടത്തിയിട്ടുണ്ടെന്നും ഇവര്‍ക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി വേട്ടയിറച്ചിക്കായി ഉപഭോക്താക്കള്‍ ഉണ്ടെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. മാര്‍ക്കറ്റുകളിലും ഇവര്‍ ഇറച്ചി വില്‍പന നടത്തിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ബാവലി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!