
പുല്ലാട്: ഭാര്യയെ വയറിന് കുത്തി കുടൽ മാല പുറത്തെടുത്ത ശേഷം രൂപം മാറി മുങ്ങിയ ഭർത്താവ് ഒടുവിൽ പൊലീസ് പിടിയിൽ. പത്തനംതിട്ട പുല്ലാട് ഭാര്യയെ കുത്തിക്കൊന്ന് ഒളിവിൽ പോയ പ്രതിയെ നാലാം ദിവസമാണ് പൊലീസ് പിടികൂടിയത്. തിരുവല്ല നഗരത്തിൽ നിന്ന് സപെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരാണ് ജയകുമാറിനെ പിടികൂടിയത്.സംശയത്തെ തുടർന്ന് ഭാര്യ ശ്യാമയെ കൊലപ്പെടുത്തിയ പ്രതി, ഭാര്യപിതാവിനെയും ബന്ധുവിനെയും ആക്രമിച്ചിരുന്നു.
മീശ വടിച്ചു. രൂപം മാറ്റി. മൊബൈൽ ഫോൺ ഉപേക്ഷിച്ചു. പൊലീസിനെ വട്ടം കറക്കി ഒളിവിൽ കഴിഞ്ഞ ജയകുമാർ ഒടുവിൽ വലയിലായി. തിരുവല്ല നഗരത്തിൽ മേൽപ്പാലത്തിന് താഴെനിന്നാണ് സപെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ പ്രതിയെ പിടികൂടുന്നത്. പിടിയിലായപ്പോഴും പലകള്ളങ്ങളും ജയകുമാർ പറഞ്ഞു. ആളുമാറി പോയി എന്ന് ആദ്യം ശക്തമായി വാദിച്ചു. പിടിവീണെന്ന് ഉറപ്പായപ്പോൾ സ്റ്റേഷനിൽ കീഴടങ്ങാൻ വരികയായിരുന്നു എന്നായി പ്രതികരണം.
ശനിയാഴ്ച രാത്രിയാണ് പുല്ലാട് ആലുംന്തറയിലെ ഭാര്യ വീട്ടിൽ കുടുംബ കലഹത്തെ തുടർന്ന് ജയകുമാർ അക്രമം നടത്തുന്നത്. ഭാര്യ ശ്യാമയുടെ വയറ്റിൽ കുത്തി കുടൽമാല പുറത്തിട്ടായിരുന്നു ജയകുമാറിന്റെ ആക്രമണം. തടയാൻ ശ്രമിച്ച ഭാര്യ പിതാവ് ശശിയെയും ബന്ധുവായ രാധാമണിയെയും കുത്തിപ്പരിക്കേൽപ്പിച്ചു. മൂന്ന് പെൺകുഞ്ഞുങ്ങളാണ് ജയകുമാറിനുള്ളത്. മക്കളെ നാട്ടുകാരെത്തിയാണ് രക്ഷപ്പെടുത്തി. ഭാര്യയുടെ മേലുള്ള സംശയമായിരുന്നു ആക്രമണത്തിന് കാരണം. ജയകുമാറിന്‍റെ കുത്തേറ്റ ശശിയും രാധാമണിയും കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി ഉപേക്ഷിച്ചെന്നാണ് മൊഴി. കോയിപ്രം സ്റ്റേഷനിൽ വിശദമായ ചോദ്യംചെയ്യൽ തുടരുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം