
കൊച്ചി: ഭാഷാ പ്രശ്നം കാരണം സ്കൂളിൽ പോകാതിരുന്ന ഒഡീഷയിൽ നിന്നുള്ള എട്ട് വയസ്സുകാരിയെ അക്ഷരവെളിച്ചത്തിലെത്തിച്ചത് തൊട്ട് അയൽവാസിയായ ഒരു മലയാളിയാണ്. എന്നും വൈകുന്നേരമായാൽ പ്രവാസിനി തൊട്ടടുത്തുള്ള അജിതയുടെ വീട്ടിലെത്തും.അന്ന് ക്ലാസിൽ പഠിച്ചതൊക്കെ വീണ്ടും എഴുതിയും പറഞ്ഞും പഠിക്കും. ഫാക്ട് മുൻ ജീവനക്കാരിയാണ് അജിത.മൂന്ന് മാസം മുൻപ് തൊട്ടടുത്ത് ഒരു കുടുംബം താമസത്തിനെത്തിയപ്പോൾ ശ്രദ്ധിച്ച് തുടങ്ങി.
മാസമൊന്ന് കഴിഞ്ഞിട്ടും എട്ട് വയസ്സുകാരി സ്കൂളിൽ പോകുന്നില്ല. ജോലിക്കായി കൊച്ചി നഗരത്തിലെത്തിയ കുടുംബത്തിന് മുന്നിലെല്ലാം ഒരു ആശങ്കയാണ്. അവിടെ നിന്ന് എല്ലാം അജിത ഏറ്റെടുത്തു. സിഎംഐഡി എന്ന എൻജിഒ യെ ബന്ധപ്പെട്ട് സ്കൂൾ പ്രവേശനവും ഉറപ്പാക്കി. ഭാഷാ പ്രശ്നം മുതൽ പ്രവേശന നടപടികളിലെ അറിവിലായ്മ വരെ ഇതരസംസ്ഥാന കുട്ടികൾ സ്കൂളിലേക്ക് എത്താത്തതിന് കാരണമാണ്. ഇതിനിടയിലാണ് ചെറിയ ഇടപെടൽ കൊണ്ട് തന്നെ വലിയ മാറ്റങ്ങൾക്കുള്ള ഇത്തരം തുടക്കങ്ങൾ.
അതേസമയം, അതിഥി തൊഴിലാളി എന്ന ഓമന പേരിട്ട് വിളിക്കുക അല്ലാതെ സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ വ്യക്തതയുള്ള ഒരു നയമില്ലെന്ന ആക്ഷേപം ഉയരുകയാണ്. സംസ്ഥാനത്ത് കുറഞ്ഞത് 31 ലക്ഷം അതിഥി തൊഴിലാളികളുണ്ടെന്നാണ് പ്ലാനിംഗ് ബോർഡിന്‍റെ കണക്ക്. എന്നാൽ സംസ്ഥാന സർക്കാരിന്‍റെ കൈവശം ഇത് സ്ഥിരീകരിക്കുന്ന ഒരു രേഖയുമില്ല ഇല്ല. സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഇൻഷുറൻസ് പദ്ധതിയായ ആവാസ് കാർഡ് നൽകിയിട്ടുള്ള തൊഴിലാളികളുടെ എണ്ണം മാത്രമാണ് ഇത് സംബന്ധിച്ച സർക്കാർ രേഖ.
അത് പ്രകാരം 5,16,320 മാത്രമാണ് 14 ജില്ലകളിലായി തൊഴിലെടുക്കുന്നത്.ഈ കണക്കെടുപ്പും രണ്ട് മാസമായി സർക്കാർ നിർത്തി വെച്ചിരിക്കുകയാണ്. വിവരശേഖരണം നടത്തുന്ന സ്വകാര്യ ഏജൻസി കാലാവധി കഴിഞ്ഞതാണ് കാരണം. ആനുകൂല്യങ്ങൾ നൽകാതിരിക്കാൻ ഔദ്യോഗിക രേഖയിൽ നിന്നും തൊഴിലുടമകളും ഇവരെ ഒഴിവാക്കുന്നു. അതിനാൽ പ്രാദേശികമായ കണക്കെടുപ്പ് സാമൂഹികമായി കൂടി ഇവരെ ഉൾക്കൊള്ളാൻ പ്രാപ്തരാക്കും. ജിഷ കേസ് മുതൽ ഇതരസംസ്ഥാന തൊഴിലാളികൾ പ്രതികളാകുന്ന ലഹരി കേസുകൾ വരെ.പണിയെടുക്കാനെത്തുന്ന തൊഴിലാളികളെല്ലാം ക്രിമിനൽ പശ്ചാത്തലമുള്ളവരെന്ന പൊതുബോധത്തിനാണ് മുൻതൂക്കം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam