3398 കുടുംബങ്ങള്‍ ദാരിദ്ര്യമുക്തം; അതിദരിദ്രരില്ലാത്ത ജില്ലയെന്ന സ്വപ്ന നേട്ടത്തിലേക്ക് ചുവടുവച്ച് ആലപ്പുഴ

Published : Sep 10, 2025, 09:29 AM IST
Alappuzha

Synopsis

അന്തിമപട്ടിക പ്രകാരം അതിദരിദ്രരായി ജില്ലയില്‍ കണ്ടെത്തിയ 3,613 കുടുംബങ്ങളില്‍ 3398 കുടുംബങ്ങളെയും അതിദാരിദ്ര്യ മുക്തമാക്കിയിട്ടുണ്ട്.

ആലപ്പുഴ: നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങവേ അതിദരിദ്രരില്ലാത്ത ജില്ലയെന്ന സ്വപ്നനേട്ടത്തിലേക്ക് ചുവടുവച്ച് ആലപ്പുഴയും. ജില്ലയില്‍ അതിദരിദ്രരായി കണ്ടെത്തിയ 95 ശതമാനത്തോളം കുടുംബങ്ങളെയും ഇതിനകം അതിദാരിദ്ര്യമുക്തമാക്കാന്‍ കഴിഞ്ഞു. അവശേഷിക്കുന്ന കുടുംബങ്ങളെക്കൂടി അതിദാരിദ്ര്യമുക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ അതിവേഗം പുരോഗമിക്കുകയാണ്. അന്തിമപട്ടിക പ്രകാരം അതിദരിദ്രരായി ജില്ലയില്‍ കണ്ടെത്തിയ 3,613 കുടുംബങ്ങളില്‍ 3398 കുടുംബങ്ങളെയും അതിദാരിദ്ര്യ മുക്തമാക്കിയിട്ടുണ്ട്.

അതിദാരിദ്ര്യ പട്ടികയില്‍ ജില്ലയില്‍ വീട് മാത്രം ആവശ്യമുള്ള 276 കുടുംബങ്ങളാണുണ്ടായിരുന്നത്. ഇവരില്‍ 219 പേരുടെയും വീട് നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. അവശേഷിക്കുന്ന വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തമാവാന്‍ വസ്തുവും വീടും ആവശ്യമുള്ള ജില്ലയിലെ കുടുംബങ്ങളുടെ എണ്ണം 196 ആയിരുന്നു. ഇതില്‍ 146 കുടുംബങ്ങള്‍ക്ക് വസ്തു ലഭ്യമാക്കിയിട്ടുണ്ട്. ഇവരില്‍ 41 കുടുംബങ്ങള്‍ ഇതിനോടകം വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. അവശേഷിക്കുന്നവരുടെ വീട് നിര്‍മ്മാണം വിവിധ ഘട്ടങ്ങളില്‍ പുരോഗമിക്കുകയാണ്. വസ്തു ലഭ്യമാക്കിയവരില്‍ 17 കുടുംബങ്ങള്‍ക്ക് ചിറ്റിലപ്പള്ളി ഫൗണ്ടേഷന്‍ മുഖാന്തിരമാണ് ഫണ്ട് കണ്ടെത്തിയത്. മറ്റുള്ളവര്‍ക്ക് തദ്ദേശ സ്ഥാപനങ്ങളും വിവിധ വകുപ്പുകളുമാണ് വസ്തു വാങ്ങി നല്കിയത്.

ഭൂരഹിത ഭവനരഹിതരില്‍ ഭൂമി വാങ്ങിനല്കുവാന്‍ സാധിക്കാത്ത 50 കുടുംബങ്ങള്‍ക്ക് ഫ്‌ളാറ്റ് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. വീട് അറ്റകുറ്റപ്പണി ആവശ്യമുള്ള 404 കുടുംബങ്ങളുടെയും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ഭക്ഷണം, ആരോഗ്യം, വാസസ്ഥലം, വരുമാനം എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് 2021 ജൂലൈയിലെ മാര്‍ഗരേഖപ്രകാരം ജില്ലയിലെ അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തിയത്. ഈ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മൈക്രോപ്ലാനുകൾ ആവിഷ്കരിച്ചു നടപ്പിലാക്കി. മൈക്രോപ്ലാൻ പ്രകാരം ഭക്ഷണവും മരുന്നുകൾ, പാലിയേറ്റീവ് കെയർ, ആരോഗ്യ സഹായ ഉപകരണങ്ങൾ എന്നിങ്ങനെയുള്ള ആരോഗ്യസേവനങ്ങളും ആവശ്യമുള്ള മുഴുവൻ കുടുംബങ്ങൾക്കും ലഭ്യമാക്കി.

അടിസ്ഥാന രേഖകളില്ലാത്തവര്‍ക്ക് 'അവകാശം അതിവേഗം' യഞ്ജത്തിന്റെ ഭാഗമായി റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, ആരോഗ്യ ഇന്‍ഷുറന്‍സ്, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ എന്നിവ ലഭ്യമാക്കി. ഇത്തരത്തില്‍ 1423 എണ്ണം അടിയന്തര രേഖകളാണ് ജില്ലയില്‍ വിതരണംചെയ്തത്. ഭക്ഷണം, ആരോഗ്യ സേവനങ്ങള്‍, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍, അതിദാരിദ്ര പട്ടികയില്‍ വീട് ആവശ്യമുള്ളവര്‍ക്ക് ലൈഫ് മിഷനില്‍ വീട് തുടങ്ങിയവയും സജ്ജമാക്കി. കുടുംബശ്രീയുടെ ഉജ്ജീവനം പദ്ധതിയിലൂടെയും വിവിധ വകുപ്പുകള്‍ വഴിയും 204 കുടുംബങ്ങള്‍ക്ക് ഉപജീവനമാര്‍ഗവും ഒരുക്കി. അതിദരിദ്ര കുടുംബങ്ങളിലെ പത്താം ക്ലാസ് വിജയിച്ച കുട്ടികള്‍ക്ക് പ്രത്യക സര്‍ക്കാര്‍ ഉത്തരവ് പ്രകാരം വീടിനടുത്ത് തന്നെ തുടര്‍പഠനത്തിന് അവസരം നല്‍കിയിട്ടുണ്ട്.

39 കുട്ടികളുടെ പഠനാവശ്യ യാത്രകള്‍ കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസ്സുകളില്‍ സൗജന്യമാക്കിക്കൊണ്ട് യാത്രാപാസുകള്‍ നല്‍കി. കൂടാതെ ജില്ലാ ഭരണകൂടവും ജോയ് ആലൂക്കാസ് ഗ്രൂപ്പും ചേര്‍ന്ന് സ്‌കൂള്‍ കുട്ടികള്‍ക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. തദ്ദേശ സ്ഥാപനങ്ങള്‍ അവരുടെ ഫണ്ട് ഉപയോഗിച്ച് എല്ലാ അതിദാരിദ്ര്യ കുടുംബങ്ങള്‍ക്കും ഓണക്കിറ്റും ലഭ്യമാക്കിയിരുന്നു. അവശേഷിക്കുന്ന കുടുംബങ്ങളെക്കൂടി രണ്ട് മാസത്തിനുള്ളില്‍ അതിദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ച് ജില്ലയെ സമ്പൂര്‍ണ അതിദാരിദ്ര്യ മുക്തമാക്കാനുള്ള അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശസ്ഥാപനങ്ങളുടെ യും നേതൃത്വത്തില്‍ അതിവേഗം പുരോഗമിക്കുകയാണ്.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ആണുങ്ങളെ വിശ്വസിക്കാം, സ്ത്രീകളെ വിശ്വസിക്കാനാവില്ല, അത്മഹത്യ ചെയ്യില്ല, ജയേട്ടനൊപ്പം ഉറച്ച് നിൽക്കും':ജയചന്ദ്രൻ കൂട്ടിക്കലിന്റെ ഭാര്യ
ക്ഷേത്ര പരിസരത്ത് നായയുമായി എത്തി പരാക്രമം, പിന്നാലെ പൊലീസ് വാഹനം ഇടിച്ച് തകർത്തു, ഗുണ്ടാനേതാവ് പിടിയിൽ